Enter your Email Address to subscribe to our newsletters

Newdelhi , 31 മെയ് (H.S.)
മൻ കി ബാത്തിൽ മലയാളിയുടെ നീന്തൽ ക്ലബിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ആലുവയിലെ സജി വലാശേരിൽ നടത്തുന്ന നീന്തൽ ക്ലബിനെയാണ് പ്രധാനമന്ത്രി പരാമര്ശിച്ചത്. ഭിന്നശേഷിക്കാരായവർ ഉൾപ്പടെ 15,000-ത്തിലധികം ആളുകൾ അവിടെ നീന്തൽ പഠിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ദേശീയ റെക്കോർഡുകൾ തകർത്ത സ്പ്രിൻ്റർമാരായ ഗുരീന്ദർവീർ സിങും അനിമേഷ് കുജുരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി വിദ്യാർഥികൾ മരിച്ച ഒരു ബോട്ട് ദുരന്തത്തിന് ശേഷമാണ് സജി ഈ സംരംഭം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആ അപകടം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ ഒരു പക്ഷേ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു എന്ന് അദ്ദേഹം കരുതി, അവിടെ നിന്നാണ് നീന്തൽ ക്ലബ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത് മോദി പറഞ്ഞു.
സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർഥമായ ഒരു സംരംഭമാണ്. ഇവിടെ ഫീസില്ല, വലിയ കെട്ടിടങ്ങൾ ഇല്ല, കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്നു. സജി വലാശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങളുടെ ആവശ്യമില്ല, വേണ്ടത് നല്ല ഉദ്ദേശ്യവും പരിശ്രമവും മാത്രം. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റാൻ കഴിയും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആസ്ട്രോ കേരള എന്ന വാന നിരീക്ഷണ കൂട്ടായ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാത്രിയിൽ നക്ഷത്രങ്ങളെ നോക്കുന്നത് തന്നെ ഒരു ആവേശകരമായ അനുഭവമാണ്. ആസ്ട്രോ കേരള എന്ന സംഘടന രാത്രി നിരീക്ഷണ ക്യാമ്പുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നു. ഇവിടെ യുവാക്കൾ ദൂരദർശിനികൾ നിർമിക്കാനും നക്ഷത്ര ഭൂപടങ്ങൾ ഉപയോഗിക്കാനും പഠിക്കുന്നു അദ്ദേഹം പറഞ്ഞു.
മാത്രമല്ല രാജ്കോട്ടിലെ ബിഗ് ബാങ് ജ്യോതിശാസ്ത്ര ക്ലബ് ഗിർ വനങ്ങൾ മുതൽ റാൻ ഓഫ് കച്ച് വരെ നിരവധി ജ്യോതിശാസ്ത്ര പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിശാസ്ത്രം ഇന്ത്യക്കാരുടെ തലമുറകളെ ആകർഷിച്ചിട്ടുണ്ടെന്നും ഗ്രാമപ്രദേശങ്ങളിൽ ഈ വിഷയം പ്രചരിപ്പിക്കുന്നതിനായി ബാംഗ്ലൂർ ജ്യോതിശാസ്ത്ര സൊസൈറ്റി ഒരു ദൗത്യം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയം ഉൾപ്പെടെ 15 സ്കൂളുകൾ നടത്തുന്ന തമിഴ്നാട്ടിലെ നാഗർകോവിലിൽ നിന്നുള്ള അധ്യാപിക ഗിരിജാമ്മയെക്കുറിച്ച് മോദി സംസാരിച്ചു. അവരുടെ ദേശസ്നേഹം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ധീരരായ സൈനികർക്കായി എല്ലാ ദിവസവും ഒരു രൂപ സംഭാവന ചെയ്യാൻ അവർ കുട്ടികളോട് ആവശ്യപ്പെട്ടു. അതായത് ഒരു വിദ്യാർഥിയുടെ അടുത്ത് നിന്ന് ഒരു രൂപ വീതം ഒരു വർഷം 365 രൂപ. ഈ ചെറിയ സംഭാവനകളിലൂടെ ഏകദേശം 40 ലക്ഷം രൂപ സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു മോദി പറഞ്ഞു. ഗിരിജാമ്മ പിന്നീട് മുഴുവൻ തുകയും ഒരു ചെക്കായി കൈമാറിയെന്നും ഇത് ഭാരതമാതാവിനോടുള്ള അവരുടെ ആഴമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ചെന്നൈയിലെ ആദ്യത്തെ ഹിന്ദു സ്കൂൾ കഴിഞ്ഞ വർഷം 50-ാം വാർഷികം ആഘോഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെ വിദ്യാഭ്യാസവും സാംസ്കാരിക അഭിമാനവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ സ്കൂളിൻ്റെ പങ്ക് വളരെ വലുതാണ്. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ ധീരരായ സൈനികർക്ക് സംഭാവന നൽകിയ വിദ്യാർഥികളെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും, നമ്മെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് സംഭവിക്കുന്നു മോദി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR