Enter your Email Address to subscribe to our newsletters

Nedumangad , 31 മെയ് (H.S.)
തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിന്റെ ദാരുണ മരണത്തിൽ അമ്മ അഖിലയുടെ ക്രൂരമായ പങ്ക് പുറത്ത്. നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ അമ്മ അഖിലയ്ക്കും ഇവരുടെ രണ്ടാം ഭർത്താവ് അഷ്കറിനും കൃത്യമായ പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
അമ്മയുടെയും രണ്ടാം ഭർത്താവിന്റെയും ക്രൂരതയ്ക്ക് ഇരയാകുന്നതുവരെ അർഷിദ് മുത്തശി റീനയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഒരു മാസം മുൻപാണ് അഖിലയും അഷ്കറും ചേർന്ന് കുട്ടിയെ നിർബന്ധപൂർവ്വം മുത്തശിയുടെ അടുത്തുനിന്നും കൂട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ കൊണ്ടുപോകുന്ന സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ അഷ്കർ, കുട്ടിയെ പുഴുത്ത പട്ടിയെപ്പോലെ നോക്കിക്കൊള്ളാം എന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഈ വാക്കുകൾ പിന്നീട് അന്വർത്ഥമാകുന്ന രീതിയിലുള്ള പീഡനങ്ങളാണ് കുഞ്ഞിന് ഏൽക്കേണ്ടി വന്നത്.
കുഞ്ഞിന്റെ സുരക്ഷയെപ്പറ്റി വൻ ആശങ്കയുണ്ടായിരുന്ന മുത്തശി റീന ഉടൻ തന്നെ നെടുമങ്ങാട് പൊലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു. അഷ്കറിന്റെ ഭീഷണിയെപ്പറ്റിയും കുട്ടിയുടെ ജീവന് അപകടമുണ്ടെന്ന കാര്യവും അവർ പോലീസിനോട് വിശദീകരിച്ചു. എന്നാൽ, സ്റ്റേഷനിലെത്തിയ അഖില പോലീസിന് മുന്നിൽ വൻ നാടകമാണ് കളിച്ചത്. തന്റെ കുഞ്ഞിനെ തനിക്ക് വേണമെന്നും താൻ നന്നായി നോക്കിക്കൊള്ളാമെന്നും കരഞ്ഞുപറഞ്ഞ അഖിലയുടെ ഈ നാടകത്തിൽ പൊലീസും വീഴുകയായിരുന്നു. കുട്ടിയെ അമ്മയോടൊപ്പം വിടാനായിരുന്നു പൊലീസിന്റെ തീരുമാനം. കൃത്യമായ അന്വേഷണം നടത്താതെ പൊലീസ് എടുത്ത ഈ തീരുമാനമാണ് ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.
കുട്ടിയെ കൊണ്ടുപോയതിന് ശേഷം ക്രൂരമായ പീഡനങ്ങളാണ് അഷ്കറും അഖിലയും ചേർന്ന് കുഞ്ഞിന് നൽകിയത്. കുട്ടിയുടെ ശരീരത്തിൽ നിരവധി ചതവുകളും പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഒടുവിൽ കുട്ടി മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഷ്കറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അമ്മ അഖിലയെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെപ്പറ്റിയും വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം ഉണ്ടായേക്കും.
---------------
Hindusthan Samachar / Roshith K