Enter your Email Address to subscribe to our newsletters

Alapuzha , 31 മെയ് (H.S.)
ആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവേ സന്ദർശനത്തെച്ചൊല്ലി യുഡിഎഫിലെ രണ്ട് പ്രമുഖ എംഎൽഎമാർ തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ മുൻ മന്ത്രി കൂടിയായ ജി. സുധാകരൻ പരസ്യവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരന് മറുപടിയുമായി കടുത്ത ഭാഷയിൽ റെജി ചെറിയാൻ രംഗത്തെത്തിയതോടെ ആലപ്പുഴയിലെ യുഡിഎഫ് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.
എംഎൽഎമാരുടെ രാജാവാകാൻ ആരും നോക്കേണ്ടെന്നും ജി. സുധാകരൻ ഇപ്പോഴും സിപീഎമ്മിലാണെന്നാണ് വിചാരിച്ചിരിക്കുന്നതെന്നും റെജി ചെറിയാൻ പരിഹസിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ അതിനപ്പുറം തിരിച്ചുപറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവാദങ്ങളുടെ തുടക്കം
കഴിഞ്ഞ ദിവസം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചിരുന്നു. ഇതേത്തുടർന്ന്, തന്നെ മുൻകൂട്ടി അറിയിക്കാതെ മണ്ഡലത്തിൽ കയറി ഇടപെട്ടു എന്ന് ആരോപിച്ച് ജി. സുധാകരൻ പൊതുവേദിയിൽ വെച്ച് റെജി ചെറിയാനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. റെജി ചെറിയാന് 'സമ്പത്തിന്റെ അഹങ്കാരമാണെന്നും' ഒരു എംഎൽഎ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചിരുന്നു. നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയാൽ കുട്ടനാട് എംഎൽഎ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിമണൽ ആരോപണവുമായി റെജി ചെറിയാൻ
ജി. സുധാകരന്റെ ഈ അഹങ്കാര ആരോപണത്തിന് അതെ നാണയത്തിലാണ് റെജി ചെറിയാൻ മറുപടി നൽകിയത്. താൻ അമ്പലപ്പുഴയിൽ പോയത് അവിടുത്തെ മണ്ണ് വാരിയെടുത്തു കൊണ്ടുപോകാൻ വേണ്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പറയുന്ന മഹാൻ മന്ത്രിയായിരുന്ന കാലത്താണ് അവിടെനിന്ന് വൻതോതിൽ കരിമണൽ കടത്തിക്കൊണ്ടുപോയത്. കുട്ടനാട്ടിലെ പാവങ്ങളുടെ വീടുകളിൽ വെള്ളം കയറുമ്പോൾ രാത്രിക്ക് രാത്രി എമർജൻസി കോൺട്രാക്ട് നൽകി കോടികൾ മുടക്കി മണ്ണ് മാറ്റാൻ തുടങ്ങും. അന്ന് അങ്ങനെ കൊണ്ടുപോയ മണ്ണ് അടൂരിലേക്കാണോ മറ്റെവിടെയെങ്കിലും ആണോ പോയതെന്ന് അന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്. - റെജി ചെറിയാൻ ആരോപിച്ചു.
'ഞാൻ ആരുടെയും കൈയിൽ നിന്ന് എഴുതി വാങ്ങിയവനല്ല'
കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ് താൻ എംഎൽഎ ആയതെന്നും, ആരുടെയും ഔദാര്യം കൊണ്ടല്ല ഈ പദവിയിൽ ഇരിക്കുന്നതെന്നും റെജി ചെറിയാൻ ഓർമ്മിപ്പിച്ചു. തോട്ടപ്പള്ളി പൊഴി തുറന്നുകിടക്കുകയാണോ എന്നറിയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും കൂട്ടിയാണ് താൻ പോയത്. കുട്ടനാട്ടിലെ ജനങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ ഇടപെടാനുള്ള പൂർണ്ണ അവകാശം കുട്ടനാട് എംഎൽഎ എന്ന നിലയിൽ തനിക്കുണ്ട്. വ്യക്തിഹത്യ നടത്താൻ ഇറങ്ങുമ്പോൾ സുധാകരൻ നോക്കിയും കണ്ടും ചെയ്യുന്നത് നന്നായിരിക്കുമെന്നും റെജി ചെറിയാൻ തിരിച്ചടിച്ചു.
രണ്ട് പ്രമുഖ നേതാക്കൾ പൊതുവേദികളിലൂടെ പരസ്യമായി ചെളിവാരിയെറിയുന്നത് യുഡിഎഫ് മുന്നണിക്ക് വലിയ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്. സുധാകരന്റെ പരസ്യമായ വ്യക്തിഹത്യ മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റെജി ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കൾ തമ്മിലുള്ള ഈ പരസ്യമായ പോര് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K