ടിപിയുടെ ചരമ വാർഷികത്തിൽ അഭിവാദ്യവുമായി കെകെ രമ
Thiruvananthapuram , 04 മെയ് (H.S.) പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ... ഇതു മതി. കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്ര
Assembly election


Thiruvananthapuram , 04 മെയ് (H.S.)

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ... ഇതു മതി. കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ'...

ആർഎംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ്റെ ചരമ വാർഷികദിനത്തിൽ രണ്ടാം തവണയും വടകരയിൽ നിന്നും എംഎൽഎയായി വിജയിക്കുമ്പോൾ ഭാര്യ കെകെ രമ ഫേസ്ബുക്കിൽ കുറിച്ചിട്ട വാക്കുകൾ ഹൃദയരക്തം കൊണ്ട് എഴുതിയതായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെകെ രമ മത്സരിച്ചത് സഭയിൽ ടിപിയുടെ ശബ്ദം എത്തിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു. ടിപിയുടെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചാണ് നിയമസഭയിൽ കഴിഞ്ഞ തവണ രമ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സഗൗരവത്തിൽ രമ പ്രതിജ്ഞ ചെയ്തപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ആവോശത്തോടെയാണ് പിന്തുണ അറിയിച്ചത്. ഇവിടെ ജയിച്ചത് സഖാവ് ടിപിയാണെന്ന് രമ പറഞ്ഞു.

അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നത്. വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തെരുവിൽ വെട്ടിക്കൊല്ലരുതെന്ന സന്ദേശം നൽകാനാണ് ആഗ്രഹിച്ചതെന്നും രമ പറഞ്ഞിരുന്നു. 2016 ൽ വടകരയിൽ നിന്നും മത്സരിച്ചെങ്കിലും രമ പരാജയപ്പെട്ടിരുന്നു.

2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ചാണ് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009 ൽ പാർട്ടി വിട്ടു. തുടർന്നാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരികരിച്ചത്. തുടർന്ന് ഒഞ്ചിയം പഞ്ചായത്തിൻ്റെ ഭരണമടക്കം സിപിഎമ്മിന് നഷ്ടപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ചന്ദ്രശേഖരൻ മത്സരിച്ചതും 23,000 ത്തോളം വോട്ടു നേടിയതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.

കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണം ശക്തിപ്പെടാൻ കാരണം അതായിരുന്നു. കൊലപാതകത്തിൽ മൂന്ന് സിപിഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു സിപിഎമ്മിൻ്റെ അഭിപ്രായം. ടിപിയുടെ ഭാര്യ കെകെ രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർഥിയായി വടകരയിൽ നിന്ന് മത്സരിച്ച് ജയിച്ചത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News