Enter your Email Address to subscribe to our newsletters

Thrissur , 04 മെയ് (H.S.)
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില് മൂന്ന് സീറ്റുകള് നേടി ചരിത്രം കുറിച്ച ബിജെപി നേതാക്കള്ക്ക് ആശംസയറിയിച്ചു കൊണ്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്ത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്. നമ്മള് നല്കിയ ഉറപ്പുകള് പാലിക്കാനും, അഴിമതിയില്ലാത്ത വികസനമുരളി ഇവിടെ മുഴക്കാനുമുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്: കേരള നിയമസഭയില് മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച നമ്മുടെ പ്രിയപ്പെട്ട സാരഥികളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.
കഴക്കൂട്ടത്തിന്റെ മണ്ണില് ഐതിഹാസിക വിജയം നേടിയ വി. മുരളീധരൻ, ചാത്തന്നൂരില് ജനവിശ്വാസം കാത്തുസൂക്ഷിച്ച ബി. ബി. ഗോപകുമാർ, നേമത്ത് കാവിപ്പടയുടെ കരുത്ത് വീണ്ടും തെളിയിച്ച രാജീവ് ചന്ദ്രശേഖർ - കേരള നിയമസഭയില് നിങ്ങള് ഓരോരുത്തരും ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
നമ്മള് നല്കിയ ഉറപ്പുകള് പാലിക്കാനും, അഴിമതിയില്ലാത്ത വികസനമുരളി ഇവിടെ മുഴക്കാനുമുള്ള സമയമാണിത്. ഒരുമിച്ച്, നമുക്ക് പുതിയൊരു കേരളത്തിനായി മുന്നേറാം.
വിജയശ്രീലാളിതരായ എല്ലാ പ്രിയ സഹോദരങ്ങള്ക്കും എന്റെ സ്നേഹാദരങ്ങള്!
അതേസമയം, തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കൊല്ലത്തെ ഒരു മണ്ഡലത്തിലുമാണ് പാർട്ടി വിജയം നേടിയത്. സംസ്ഥാനത്ത് യുഡിഎഫ് തൂത്തുവാരിയപ്പോഴും നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങള് ബിജെപിക്ക് ഒപ്പം നിന്നു. എല്ഡിഎഫ് ദയനീയമായ പ്രകടനം കാഴ്ച വച്ച സമയത്താണ് ഇത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2016-ല് നേമത്ത് ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചിരുന്നത്. 2021-ല് ഒരു സീറ്റ് പോലും നേടാനായില്ല. ഇപ്പോഴിതാ, ഒരു തിരഞ്ഞെടുപ്പില് മൂന്ന് വിജയങ്ങള് എന്നത് വ്യക്തമായ മുന്നേറ്റമായി അടയാളപ്പെടുകയാണ്.
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നേമം തിരിച്ചുപിടിച്ചു. തിരുവനന്തപുരം മണ്ഡലം കേരളത്തിലെ പാർട്ടിയുടെ ഏറ്റവും പഴയ ശക്തികേന്ദ്രമാണ്. സിപിഎം നേതാവും മന്ത്രിയുമായ വി ശിവൻകുട്ടിയെ 3590 വോട്ടുകള്ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഈ നിർണായക പോരാട്ടത്തില് കോണ്ഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ മൂന്നാം സ്ഥാനത്തായി.
മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തും വിജയം സ്വന്തമാക്കി. കടുത്ത ത്രികോണ മത്സരമാണ് ഈ മണ്ഡലത്തില് നടന്നത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ നേരിയ ഭൂരിപക്ഷത്തിനാണ് മുരളീധരൻ മറികടന്നത്. കോണ്ഗ്രസ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത് ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് അടിവരയിടുന്നു.
കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും ബിജെപി സ്ഥാനാർത്ഥി ബിബി ഗോപകുമാർ വിജയിച്ചു. സിപിഐ സ്ഥാനാർത്ഥി ആർ രാജേന്ദ്രനെ 4,300-ലധികം വോട്ടുകള്ക്കാണ് അദ്ദേഹം തോല്പ്പിച്ചത്. കോണ്ഗ്രസ് സ്ഥാനാർത്ഥി സൂരജ് രവിക്ക് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തിലാണ് അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി രംഗത്ത് വന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR