Enter your Email Address to subscribe to our newsletters

Chennai , 04 മെയ് (H.S.)
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് തമിഴക വെട്രി കഴകം (ടിവികെ) ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി വക്താവ് ഫെലിക്സ് ജെറാള്ഡ് വ്യക്തമാക്കി.
വോട്ടെണ്ണലിന്റെ ആദ്യഘട്ട ട്രെൻഡുകള് പുറത്തുവരുമ്പോള്, ഭരണകക്ഷിയായ ഡിഎംകെയെ ബഹുദൂരം പിന്നിലാക്കി വിജയ്യുടെ പാർട്ടി വൻ കുതിപ്പാണ് നടത്തുന്നത്. “ഡിഎംകെ ഇപ്പോള് യാഥാർത്ഥ്യം തിരിച്ചറിയുകയാണ്, ടിവികെ സ്വന്തം നിലയില് ഭരണം പിടിക്കും” എന്ന് ഫെലിക്സ് ജെറാള്ഡ് പിടിഐയോട് പറഞ്ഞു.
ആദ്യ തിരഞ്ഞെടുപ്പില് തന്നെ തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് 100-ലധികം സീറ്റുകളില് ടിവികെ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകളിലേക്ക് പാർട്ടി വേഗത്തില് അടുക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറുമ്പോള്, ഭരണകക്ഷിയായ ഡിഎംകെ വെറും 50 സീറ്റുകളില് ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം, 70-ലധികം സീറ്റുകളില് ലീഡ് ചെയ്യുന്ന എഐഎഡിഎംകെയാണ് നിലവില് രണ്ടാം സ്ഥാനത്തുള്ളത്.
താൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വ്യക്തമായ മേല്ക്കൈ നേടിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും ആദ്യ റൗണ്ട് വോട്ടെണ്ണല് കഴിഞ്ഞപ്പോള് ‘ദളപതി’ തന്നെയാണ് മുന്നില്. വൻ ആരാധകവൃന്ദത്തിന്റെ പിന്തുണ വോട്ടുകളായി മാറുന്നത് എക്സിറ്റ് പോള് പ്രവചനങ്ങളെപ്പോലും ശരിവെക്കുന്ന തരത്തിലാണ്. ഡിഎംകെ കോണ്ഗ്രസ് സഖ്യത്തെയും എഐഎഡിഎംകെ നയിക്കുന്ന എൻഡിഎ സഖ്യത്തെയും നേരിടാൻ ടിവികെ ഒറ്റയ്ക്കാണ് കളത്തിലിറങ്ങിയത്.
ഏപ്രില് 23-ന് നടന്ന ഒറ്റഘട്ട വോട്ടെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള് തമിഴ് മണ്ണില് പുതിയൊരു രാഷ്ട്രീയ യുഗം പിറക്കുമെന്ന ആവേശത്തിലാണ് ടിവികെ പ്രവർത്തകർ. പാർട്ടി ആസ്ഥാനത്തിന് പുറത്ത് വൻതോതില് അണികള് തടിച്ചുകൂടി വിജയാഘോഷങ്ങള് തുടങ്ങിക്കഴിഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളില് വിള്ളല് വീഴ്ത്തി വിജയ് നടത്തുന്ന ഈ പടയോട്ടം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി മാറുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR