Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് എണ്ണുമ്പോള്‍ എല്ലാ കണക്കു കൂട്ടലും തെറ്റി സിപിഎം. പാര്‍ട്ടി വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചവര്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ പോലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ജനം തിരഞ്ഞുപിടിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക ആയിരുന്നു. ഇതോടെ വലിയ നാണക്കേടിലാണ് സിപിഎം ചെന്നുപെട്ടിരിക്കുന്നത്.
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായ മധുസൂദനനെ ബഹുദൂരം പിന്നിലാക്കിയാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ മുന്നേറുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയത്. വലിയ രീതിയിലാണ് സിപിഎം കുഞ്ഞികൃഷ്ണനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ പിന്തുണ നല്‍കി യുഡിഎഫ് മത്സരിപ്പിച്ചതോടെ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥി ആയി നിശ്ചയിച്ചതോടെയാണ് ടികെ ഗോവിന്ദന്‍ വിമത ശബ്ദം ഉയര്‍ത്തിയത്. പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ജനം ടികെ ഗോവിന്ദനൊപ്പം നിന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിപിഎം അണികള്‍ പോലും ടികെ ഗോവിന്ദന് വോട്ടു ചെയ്തു എന്നാണ് വിലയിരുത്തേണ്ടത്.
അമ്പലുപ്പുഴയില്‍ ജി സുധാകരനാണ് സിപിഎമ്മിനെ ഞെട്ടിച്ച് പ്രകടനം നടത്തി മുന്നേറുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിനെ വലിയ രീതിയില്‍ പിന്‍തള്ളിയാണ് ജി സുധാകരന്‍ മുന്നേറുന്നത്. പതിനായിരം കടന്നിരിക്കുകയാണ് സുധാകരന്റെ ലീഡ്. സുധാകരനെ പരാജയപ്പെടുത്താനുള്ള സിപിഎം നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പാലത്ത് പികെ ശശിയും സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ പിന്നിലാണെങ്കിലും നേരിയ വ്യത്യാസം മാത്രമാണ് ലീഡില്‍ ഉള്ളത്.
---------------
Hindusthan Samachar / Sreejith S