Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മെയ് (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് എണ്ണിത്തുടങ്ങി. നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുകയാണ്. മുഖ്യമന്ത്രി കണ്ണൂരിലാണുള്ളത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഇരുന്നാണ് വോട്ടെണ്ണല്‍ വീക്ഷിക്കുന്നത്. കണ്ണൂരിലേക്ക് മടങ്ങി.
സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എത്തിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണ് വോട്ടണ്ണല്‍ നിരീക്ഷിക്കുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്. അദ്ദേഹം മത്സരിച്ച പറവൂരിലേക്ക് പോകുന്നത് നിശ്ചയിച്ചിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെല്ലാം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിയിട്ടുണ്ട്. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് മടങ്ങും.
എ.ഐ.സി.സി. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ്മുന്‍ഷിയും കെ.പി.സി.സി. ആസ്ഥാനത്തുണ്ട്.
യു.ഡി.എഫിന് വിജയമുറപ്പാക്കിയാല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള രാഷ്ട്രീയനടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി. ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്നതിലായിരിക്കും പ്രധാന തര്‍ക്കം. ഇതിന് കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ അഭിപ്രായത്തിനൊപ്പം, ഘടകകക്ഷികളുടെ അഭിപ്രായവും കേള്‍ക്കാന്‍ സാധ്യതയുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അവസാന മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി എം.എ. ബേബി ഡല്‍ഹിയിലാണുള്ളത്. എല്‍.ഡി.എഫിന് വിജയമുറപ്പായാല്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാകും ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. നേമവും കഴക്കൂട്ടവും ഉറപ്പായും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനാല്‍, ആഘോഷിക്കാന്‍ അവരും തയ്യാറെടുപ്പിലാണ്.
---------------
Hindusthan Samachar / Sreejith S