Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മെയ് (H.S.)
കേരളത്തില്‍ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 100 ം സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 35 സീറ്റില്‍ താഴെ മാത്രമാണ് എല്‍ഡിഎഫിന്റെ ലീഡ്. എന്‍ഡിഎ 2 സീറ്റുകളിലും മുന്നേറുന്നുണ്ട്. എല്‍ഡിഎഫിന്റെ കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യ അഞ്ച് റൗണ്ടുകളില്‍ പിന്നിലാക്കി യുഡിഎഫിന്റെ അഡ്വ. വിപി അബ്ദുള്‍ റഷീദ് വന്‍ മുന്നേറ്റം നടത്തി. വോട്ടെണ്ണല്‍ തുടങ്ങി ഏഴാം റൗണ്ടിലാണ് പിണറായി ആദ്യമായി ലീഡിലേക്ക് എത്തിയത്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടികെ ഗോവിന്ദനും ലീഡ് തുടരുകയാണ്. അമ്പലപ്പുഴയില്‍ ജി സുധാകരനും മുന്നേറുകയാണ്. പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രരായാണ് മത്സരിക്കുന്ന ഇവരുടെ മുന്നേറ്റവും സിപിഎമ്മിന് കനത്ത തിരിച്ചടയായി. യുഡിഎഫ് ക്യാമ്പ് ഇതിനോടകം തന്നെ വിജയഹ്ലാദം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മറ്റുമാണ് ആഘോഷം.
പയ്യന്നൂരില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്‍ വിജയത്തിലേക്ക്. 12 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4751 വോട്ടിന്റെ ലീഡുമായാണ് കുഞ്ഞികൃഷ്ണന്റെ മുന്നേറ്റം. ഇനി എണ്ണാനുള്ളത് യുഡിഎഫ് ശക്തികേന്ദ്രമായ ചെറുപുഴ മാത്രമാണുള്ളത്. സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടിഐ മധുസൂദനന്‍ രണ്ടാമതാണ്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ടിഐ മധുസൂദനനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥി ആയി നിശ്ചയിച്ചതോടെയാണ് ടികെ ഗോവിന്ദന്‍ വിമത ശബ്ദം ഉയര്‍ത്തിയത്. പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ജനം ടികെ ഗോവിന്ദനൊപ്പം നിന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിപിഎം അണികള്‍ പോലും ടികെ ഗോവിന്ദന് വോട്ടു ചെയ്തു എന്നാണ് വിലയിരുത്തേണ്ടത്.
അമ്പലുപ്പുഴയില്‍ ജി സുധാകരനാണ് സിപിഎമ്മിനെ ഞെട്ടിച്ച് പ്രകടനം നടത്തി മുന്നേറുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിനെ വലിയ രീതിയില്‍ പിന്‍തള്ളിയാണ് ജി സുധാകരന്‍ മുന്നേറുന്നത്. പതിനായിരം കടന്നിരിക്കുകയാണ് സുധാകരന്റെ ലീഡ്. സുധാകരനെ പരാജയപ്പെടുത്താനുള്ള സിപിഎം നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പാലത്ത് പികെ ശശിയും സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ പിന്നിലാണെങ്കിലും നേരിയ വ്യത്യാസം മാത്രമാണ് ലീഡില്‍ ഉള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നില്‍. പതിനാല് മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്. തൃത്താലയില്‍ എം.ബി.രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാര്‍, നേമത്ത് വി. ശിവന്‍കുട്ടി, കളമശ്ശേരിയില്‍ പി. രാജീവ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ എന്നീ മന്ത്രിമാര്‍ പിന്നിലാണ്.
വോട്ടെണ്ണല്‍ പുരോേഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ പിണറായി വിജയനാണ് മുന്നില്‍ വന്നത്. എന്നാല്‍ വോട്ടിങ് മെഷീനിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കോണ്‍ഗ്രസ് അപ്രതീക്ഷിത കുതിപ്പാണ് നടത്തിത്.
ചെമ്പിലോട് പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നിലെത്തി. 750 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ചെമ്പിലോട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലേക്ക് എത്തിയപ്പോഴും ലീഡിലെത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ആറു റൗണ്ട് പിന്നിട്ടപ്പോഴും മുഖ്യമന്ത്രി പിന്നില്‍ തന്നെയാണ്. വോട്ട് എണ്ണല്‍ മുന്നേറുമ്പോള്‍ ഈ ലീഡ്‌നില മാറും എന്ന പ്രതീക്ഷയിലാണ് സിപിഎം. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ പിന്നിലാണ്.
---------------
Hindusthan Samachar / Sreejith S