Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 മെയ് (H.S.)
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാജയം ആഘോഷമാക്കി ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. മന്ത്രി നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങൾ തങ്ങളുടെ ഉപജീവനത്തെ തകർത്തെന്ന് ആരോപിച്ചാണ് തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധസൂചകമായി ആഘോഷം സംഘടിപ്പിച്ചത്. പായസം വെച്ചും ബോളി വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ഇവർ സന്തോഷം പങ്കിട്ടത്.
മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ സ്വീകരിച്ച കർശനമായ നിലപാടുകളും പുതിയ നിയമങ്ങളും ഡ്രൈവിംഗ് സ്കൂൾ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് ഇവരുടെ പ്രധാന പരാതി. സാധാരണക്കാരായ ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും ആയിരക്കണക്കിന് തൊഴിലാളികളെയും വഴിയാധാരമാക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിക്കുന്നു. തങ്ങളുടെ പരാതികൾ കേൾക്കാനോ അർഹമായ പരിഗണന നൽകാനോ മന്ത്രി തയ്യാറായില്ലെന്നതും ഇവരെ ചൊടിപ്പിച്ചു.
പരാതികളുടെ കെട്ടഴിച്ചു വിട്ട് ഡ്രൈവിംഗ് സ്കൂളുകാർ
സാധാരണക്കാരുടെ ചെറുകിട സ്ഥാപനങ്ങൾ പൂട്ടിക്കുക എന്നതായിരുന്നു ഗണേഷ് കുമാറിന്റെ അജണ്ടയെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകളിൽ തങ്ങളുടെ പഠിതാക്കൾക്ക് വിജയശതമാനം മനഃപൂർവം കുറയ്ക്കുമ്പോൾ, മന്ത്രിക്ക് താല്പര്യമുള്ള സ്വകാര്യ കേന്ദ്രങ്ങളിൽ കൂടുതൽ പേർ പാസാകുന്നു എന്ന ഗൗരവകരമായ ആരോപണവും ഇവർ ഉന്നയിക്കുന്നു. സർക്കാർ വലിയ തോതിൽ കൊട്ടിഘോഷിച്ച ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ മാസങ്ങളായി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തനസജ്ജമല്ല. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലെ കാട് വെട്ടിത്തെളിക്കാൻ പോലും സർക്കാർ ഫണ്ട് നൽകാത്തതിനാൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പിരിവിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും ഇവർ പറയുന്നു.
മുഖ്യമന്ത്രിയോടുള്ള പരിഭവം
തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചപ്പോൾ ഗതാഗത മന്ത്രിയെ കാണാനാണ് നിർദ്ദേശിച്ചത്. എന്നാൽ പലതവണ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും ഗണേഷ് കുമാർ അതിന് അനുവാദം നൽകിയില്ല. ഗണേഷ് കുമാറിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് തങ്ങളുടെ പരാതികൾ കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നെന്നും ഉടമകൾ ഓർത്തെടുത്തു. എന്നാൽ നിലവിലെ മന്ത്രി ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പെരുമാറുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
മന്ത്രിയുടെ പരാജയം തങ്ങളുടെ മേഖലയ്ക്ക് ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. സാധാരണക്കാരായ തൊഴിലാളികളെ പരിഗണിക്കാത്ത ഭരണാധികാരികൾക്ക് കാലം കാത്തുവെച്ച തിരിച്ചടിയാണ് പത്തനാപുരത്തെ പരാജയമെന്നും
---------------
Hindusthan Samachar / Roshith K