Enter your Email Address to subscribe to our newsletters

Thiruvanathapuram, 05 മെയ് (H.S.)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം. അതിനിടെ തലസ്ഥാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. ''കുഞ്ഞൂഞ്ഞിന് ശേഷം കെ.സി'' എന്നാണ് ഫ്‌ലക്‌സിലെ വാചകം. കേരളത്തിന് വീണ്ടും നമ്മുടെ മുഖ്യമന്ത്രിയെന്നും ഫ്‌ലക്‌സില്‍ കുറിച്ചിട്ടുണ്ട്. ഡി.സി.സി ഓഫീസ് പരിസരത്തും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവുമാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ പാലക്കാടും സമാനമായ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചാണ് കൈക്കൊള്ളുകയെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തോടും താന്‍ യോജിച്ചുനില്‍ക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മതത്തിന്റെ പേരില്‍ കേരളത്തെ വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും അദ്ദേഹം വിലയിരുത്തി. ''ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി'' എന്നും വേണുഗോപാല്‍ പറഞ്ഞു.
പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിനെതിരായ ശക്തമായ ജനവികാരമാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണത്തിലെ ധിക്കാരം, അഴിമതി, സ്വജനപക്ഷപാതം എന്നിവക്കെതിരായ പ്രതിഷേധമാണ് യു.ഡി.എഫിന് അനുകൂലമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐഎമ്മില്‍ നിന്ന് വിട്ടുനിന്ന നേതാക്കളെ യു.ഡി.എഫ് സ്ഥാനാര്‍ഥികളാക്കിയത് വലിയ രാഷ്ട്രീയ നേട്ടമായതായും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S