Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 മെയ് (H.S.)
മിന്നും വിജയം നേടിയ ശേഷം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകും എന്നതില്‍ ചര്‍ച്ചകള്‍ സജീവം. നാളെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രി ആരാകും എന്നതില്‍ ചര്‍ച്ചകള്‍ നടക്കും. ഹൈക്കമാന്‍ഡ് നിയോഗിക്കുന്ന നിരീക്ഷകരും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ ആര്‍ക്ക് എന്ന് തലയെണ്ണി കണക്ക് എടുക്കാനാണ് നിരീക്ഷകര്‍ എത്തുന്നത്. എല്ലാ എംഎല്‍എമാരുമായി ഇവര്‍ നേരിട്ട് സംസാരിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാന്‍ഡ് തീരുമാനം.
മൂന്നു പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായി കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പട്ടികയിലുള്ള പേരുകള്‍. ഇവരെ പിന്തുണയ്ക്കുന്നവര്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. എംഎല്‍എമാരെയെല്ലാം നേരിട്ട് വിഷിച്ച് പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്ഡ വിഡി സതീശന്റെ പേരിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. പ്രതിപക്ഷ നേതാവിലേക്ക് ഭരണം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രി പദം എത്തുന്നത് കോണ്‍ഗ്രസിലെ സ്വാഭാവിക നടപടിയാണ്. കൂടാതെ അഞ്ച് വര്‍ഷം മുന്നണിയെ മുന്നില്‍ നയിച്ചു നൂറിലധികം സീറ്റ് നേടുമെന്ന് വെല്ലുവിളിച്ച് ആ നേട്ടത്തിലേക്ക് എത്തിച്ചു എന്നതും സതീശന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്. പൊതുസമൂഹത്തില്‍ നിന്നുള്ള പിന്തുണയും സതീശനുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ക്കും താല്‍പ്പര്യം സതീശനോടാണ്. ഇതുവരെ മന്ത്രിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത സതീശന് ഭരണപരിചമില്ലാത്തതും എംഎല്‍എമാരുടെ പിന്തുണ കുറവും വെല്ലവിളിയാണ്.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്ന മറ്റൊരു നേതാവ്. ഹൈക്കമാന്‍ഡിലുളള സ്വധീനം തന്നെയാണ് വേണുഗോപാലിന്റെ ശക്തി. ഒപ്പം കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും കെസിയെ പിന്തുണയ്ക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ അടക്കം നടത്തിയ എംഎല്‍എമാരുടെ കണക്ക് എടുത്ത് തീരുമാനം ഉണ്ടായാല്‍ ഗുണം ഉണ്ടാകും എന്നാണ് കെസി വിഭാഗത്തിന്‌റെ കണക്ക് കൂട്ടല്‍.
മുതിര്‍ന്ന നേതാവ് എന്നതാണ് രമേശ് ചെന്നിത്തലയ്ക്കുളള അനുകൂല ഘടകം. സീനിയര്‍ ആയതിനാല്‍ പരിഗണിക്കണം എന്ന് തന്നെയാണ് ചെന്നിത്തല ആവശ്യപ്പെടുന്നതും. എംഎല്‍എമാരുടെ പിന്തുണയുടെ കാര്യത്തില്‍ ചെന്നിത്തലയ്ക്കും സംശയമുണ്ട്. അതുകൊണ്ട് തന്നെ നേരിട്ട് ഡല്‍ഹിയില്‍ എത്തി സോണിയ ഗാന്ധിയെ അടക്കം കാണാനാണ് ചെന്നിത്തല ശ്രമിക്കുന്നത്.
ഈ മാസം പത്തിനകം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. അതുകൊണ്ട് നാളെ തന്നെ തലയെണ്ണല്‍ അടക്കം നിരീക്ഷകര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ മനസില്‍ ആരുടെ പേരാണോ തെളിയുന്നത് അവര്‍ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S