ഓടി രക്ഷപ്പെട്ട് എംവി ഗോവിന്ദന്; തിരഞ്ഞെടുപ്പ് പരാജയത്തില് കൂടുതല് വിശദീകരണമില്ല
Thiruvanathapuram, 06 മെയ് (H.S.) സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലവില്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിനൊപ്പം തന്നെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി പാര്‍ട്ടി കോട്ട നഷ്ടമാക്കിയതിലും ഗോവിന്ദ
MV Govindan,CPI-M Keralastate secretary


Thiruvanathapuram, 06 മെയ് (H.S.)

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലവില്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിനൊപ്പം തന്നെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി പാര്‍ട്ടി കോട്ട നഷ്ടമാക്കിയതിലും ഗോവിന്ദന്‍ പ്രതിസ്ഥാനത്താണ്. പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയിലെ എതിര്‍പ്പിനൊപ്പം തന്നെ പാര്‍ട്ടി അണികളേയും അനുഭാവികളേയും അകറ്റിയത് ഈ നീക്കങ്ങളാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി ഗൗരവമായി കണ്ട് സംഘടനാപരമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അപ്രതീക്ഷിത പരാജയമാണ് സിപിഎമ്മിനുണ്ടായത്. തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുന്നതോടൊപ്പം അണികള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി അഭിപ്രായം പറയാന്‍ സാഹചര്യമൊരുക്കുമെന്നും എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം പറഞ്ഞു. പരാജയം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കാന്‍ എംവി ഗോവിന്ദന്‍ തയ്യാറായില്ല.

മെയ്, ജൂണ്‍ മാസങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും യോഗം ചേരും. ഇന്നുകൂടിയ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രാഥമിക പരിശോധനയാണ് നടന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയേറ്റും രണ്ട് ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും ചേരും. എല്ലാ ഏരിയാ കമ്മിറ്റി യോഗത്തിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റി യോഗവും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ബ്രാഞ്ച് യോഗവും ചേരും. യോഗങ്ങളില്‍ ഉയരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി കൃത്യമായ റിവ്യു തയാറാക്കും. അതിനുശേഷമാകും വിശദമായ ചര്‍ച്ചകളും തുടര്‍ നടപടികളും കൈക്കൊള്ളുക. സിപിഎമ്മിനുണ്ടായ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആസൂത്രിതമായി നടന്ന പ്രചാരവേലയുമാണ്. ജനങ്ങളുടെയും അണികളുടെയും അഭിപ്രായം ആരാഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തും.

ഈ തെരഞ്ഞടുപ്പില്‍ 37. 6 ശതമാനം വോട്ടാണ് ലഭിച്ചത്. അത് താരതമ്യേന കുറഞ്ഞ ശതമാനമാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 2019ല്‍ 35.1 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആ സമയത്തെല്ലാം തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങള്‍ക്ക് വിശ്വാസ്യകരവുമാകുന്ന രീതിയില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് എല്‍ഡിഎഫ് തിരിച്ചുവന്നത്. തിരിച്ചടികള്‍ നേരിട്ട് കൂടുതല്‍ കരുത്തോടെ തിരിച്ചു വന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണ്. വര്‍ഗീയതക്കെതിരായ പോരാട്ടം തുടരും. ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

എഴുതി തയ്യാറാക്കിക്കൊണ്ടുവന്ന പ്രസ്താവന വായിച്ചശേഷം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ, പത്തുമിനിറ്റു കൊണ്ട് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എംവി ഗോവിന്ദന്‍ മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ രാവിലെ ഒന്‍പതു മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചത്. കണ്ണൂരിലുള്‍പ്പെടെയുണ്ടായ കനത്ത തോല്‍വി യോഗത്തില്‍ പ്രാഥമികമായി വിലയിരുത്തി. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നില്ല. പ്രചാരണം നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും വലിയ രീതിയിലുള്ള അഴിച്ചുപണി ഉണ്ടായാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് യോഗം വിലയിരുത്തിയത്. കീഴ്ഘടകങ്ങളെ വിശദമായി കേള്‍ക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുടുതലും ഉന്നയിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News