താന് തോല്പ്പിച്ചെന്ന് പറയുന്നത് പിണറായി വിരുദ്ധര്; വെള്ളാപ്പള്ളി നടേശന്
Alappuzha, 06 മെയ് (H.S.) ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം താനാണെന്ന വിമര്‍ശനത്തെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അങ്ങനെ ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന
Vellapally Natesan


Alappuzha, 06 മെയ് (H.S.)

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം താനാണെന്ന വിമര്‍ശനത്തെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അങ്ങനെ ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. വെള്ളാപ്പള്ളി നടേശനോ ഒരു സമുദായ നേതാവിനോ അത് തീരുമാനിക്കാന്‍ അവകാശമില്ല. സതീശന്‍ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ വിജയശില്‍പി കെ.സി. വേണുഗോപാലാണെന്നും വ്യക്തമാക്കി.

'കെ.സി. വേണുഗോപാല്‍ മിടുക്കനാണ്. അദ്ദേഹം ഇന്ത്യയില്‍ കോണ്‍ഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള നേതാവാണ്. ഒരുപക്ഷേ കോണ്‍ഗ്രസിലെ മൂന്നാം സ്ഥാനക്കാരനാണ്. രാജ്യത്തുതന്നെ സ്വാധീനമുള്ളയാളാണ് കെ.സി. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്‍എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലില്‍ ഒരുപാട് പ്രശ്നങ്ങള്‍ തീര്‍ത്തിട്ടുണ്ട്. നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്. അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. അദ്ദേഹം ഇങ്ങോട്ടേക്ക് വരുമോ എന്നത് സംശയമാണ്. കൊച്ചുകേരളത്തില്‍ കറുക പുല്ല് മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ ഒരുപാട് കരിമ്പിന്‍ തോട്ടങ്ങള്‍ ഉള്ളപ്പോള്‍ ഈ കറുകപുല്ല് തിന്നാന്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എംഎല്‍എമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പിയും അദ്ദേഹമാണ്. പ്രചാരണത്തിന് ഫണ്ട് കണ്ടെത്തിയതും കെ.സി. വേണുഗോപാലാണ്', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയേയും അദ്ദേഹം പുകഴ്ത്തി. 'രമേശ് ചെന്നിത്തല ഏറ്റവും സീനിയറാണ്. പ്രവര്‍ത്തന പരിചയമുള്ള, എല്ലാവരേയും ഒരുപോലെ യോജിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന നേതാവാണ്. എല്ലാവര്‍ക്കുംവേണ്ടി സഹിച്ചയാളാണ് അദ്ദേഹം', വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന്‍ മികച്ച പ്രകടനം കാഴചവെച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന്റെ തോല്‍വിയേക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. 'ഞാന്‍ കാരണമാണ് പിണറായി തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികള്‍ മാത്രമാണ്. അല്ലെങ്കില്‍ എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരെ പറയുകയുള്ളൂ. എസ്എന്‍ഡിപിയോഗത്തെ തകര്‍ക്കാന്‍ ഒരുപാര്‍ട്ടിക്കും ഒരു പുല്ലും ചെയ്യാന്‍ സാധിക്കില്ല. പലരും ഇത് പിളര്‍ത്താന്‍ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികള്‍ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ല', വെള്ളാപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ലവര്‍ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകള്‍ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയത്. നൂറ് സീറ്റിലധികം യുഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അവര് പോലും പ്രതീക്ഷിച്ചിട്ടില്ല, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇതിനിടെ യുഡിഎഫ് നൂറ് സീറ്റ് തികച്ചാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന വാഗ്ദാനത്തില്‍നിന്ന് വെള്ളാപ്പള്ളി മലക്കംമറിഞ്ഞു. അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ടാകുമെന്നും താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News