Enter your Email Address to subscribe to our newsletters

Kannur, 06 മെയ് (H.S.)
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാറുന്നതുകൊണ്ട് കാര്യമില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. സെക്രട്ടറി അല്ല അപകടം. കേരളത്തിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതാര്, അഭിപ്രായങ്ങളെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ സന്നദ്ധമാകുന്നില്ല, എന്നതിനെക്കുറിച്ചെല്ലാം വിശകലനം ചെയ്യുമ്പോള്‍ ഒരു സെക്രട്ടറിയില്‍ മാത്രം കേന്ദ്രീകരിച്ചല്ല കാര്യങ്ങളെല്ലാം പോകുന്നത്. അതുകൊണ്ട് സെക്രട്ടറി മാറിയതുകൊണ്ട് പ്രയോജനമില്ല. പാര്‍ട്ടിക്കകത്ത് ശരിയായ നിലയില്‍ തുറന്നുപറച്ചിലും ചര്‍ച്ചയുമാവശ്യമാണ്. ആ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ശരിയായ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.
തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടുക എന്നത് സാമാന്യ നീതിയാണ്. ശിക്ഷിക്കപ്പെടാതെ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ പിന്നെ എന്ത് തെറ്റ് തിരുത്താനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്താന്‍ കഴിയുന്ന പാര്‍ട്ടി ആയിരുന്നു. അങ്ങനെ തയ്യാറാകേണ്ടുന്ന പാര്‍ട്ടിയാണ്. പക്ഷെ കുറച്ചുകാലമായി അങ്ങനെ ഉണ്ടാകുന്നില്ല എന്നതാണ് ഈയൊരു അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസിലാകുന്നത്. ഇതിനുമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് കാണാന്‍ സാധിക്കാത്ത പ്രവണതകളാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇതിനുമുമ്പ് ഇങ്ങനെ കൂട്ടമായി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആളുകള്‍ ആ പാര്‍ട്ടിക്കെതിരെ മത്സരരംഗത്ത് വരുന്നത് എപ്പൊഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ജി സുധാകരന്‍, ടി.കെ ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി തീരുമാനത്തിനെതിരായി പരസ്യമായി രംഗതത്ത് വന്ന് മത്സരിക്കുന്ന അവസ്ഥയിലേക്ക് മാറി. ഈ പ്രവണത കൂടാനാണ് സാധ്യത. ഇത് കൂടിക്കൂടി വരുമ്പോള്‍ പൊട്ടിത്തെറിയിലേക്ക് പാര്‍ട്ടി എത്തിച്ചേരും. അത് ബംഗാളിന്റെ അവസ്ഥയിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്ന മുന്നറിയിപ്പ് എന്റെ പുസ്തകത്തില്‍ തന്നെ നല്‍കിയിട്ടുള്ളതാണ്. അതുകൊണ്ട് തിരുത്താന്‍ സിപിഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S