Enter your Email Address to subscribe to our newsletters

Thiruvanathapuram, 06 മെയ് (H.S.)
എല്‍ഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡിലാക്കാന്‍ മാത്രമുള്ള ഭരണ വിരുദ്ധ വികാരം കേരളത്തില്‍ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാര്‍ഷ്ട്യം എന്ന ഒറ്റ വാക്കില്‍ എതിരാളികള്‍ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കിയെന്ന് സിപിഎം സഹയാത്രികനും മുന്‍ എംപിയുമായ ഡോ സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനം. ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേരാത്ത പദ സൃഷ്ടിയല്ല പിണറായി നടത്തി കൊണ്ടിരിക്കുന്നത്. 'നികൃഷ്ടജീവി മുതല്‍ ഡാഷ് മോന്‍' വരെയുള്ള നിരവധി കാര്യങ്ങള്‍ പിണറായിക്കെതിരെ വോട്ട് ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം കത്തോലിക്ക സഭയുടെ മുഖ്പത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തില്‍ തുറന്നടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ സിപിഎം തോല്‍വിയെ കുറിച്ചുള്ള അതിരൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
'മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി സദാ ദുര്‍മുഖം കാണിക്കുന്ന ആളാണ്. മൈക്ക് ഓപ്പറേറ്ററോടും സ്വാഗത പ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടില്‍ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതല്‍ ഡാഷ് മോന്‍ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു' സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ചില കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പിണറായിക്ക് അനഭിമതനായ ആളാണ് താനെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് തന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
തുടര്‍ ഭരണത്തില്‍ പിണറായി ഓരോ വോട്ടര്‍ക്കും അനഭിമതനായി. പിണറായിക്കെതിരെ വോട്ട് ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ കപ്പല്‍ തന്നെ മുക്കുന്നതിന് വോട്ടര്‍മാര്‍ക്ക് ന്യായമായ കാരണമുണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ പരിഹസിക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S