Enter your Email Address to subscribe to our newsletters

Kottayam, 06 മെയ് (H.S.)
കോട്ടയം :മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് എതിർപ്പില്ല. കഴിവുള്ളവരും അനുഭവസമ്പത്തുള്ളവരും ആ പദവിയിലേക്ക് വരണമെന്നാണ് ആഗ്രഹം. ഒരു പ്രത്യേക വ്യക്തിയെ എൻഎസ്എസ് നിർദ്ദേശിക്കില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, അദ്ദേഹത്തിന്റെ ചില നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ടെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. പറവൂരിലും എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. സതീശനെയാണ് മുഖ്യമന്ത്രിയായി കോൺഗ്രസ് നിശ്ചയിക്കുന്നതെങ്കിൽ അത് സ്വീകരിച്ചല്ലേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലുണ്ടായ മാറ്റം യുഡിഎഫിന്റെ മാത്രം മിടുക്കല്ലെന്നും മറിച്ച് ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിക്കുകയായിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ സിപിഎം പരാജയപ്പെട്ടത് പാർട്ടിയിലെ മോശം അവസ്ഥയും ആഭ്യന്തര പ്രശ്നങ്ങളും കാരണമാണെന്നും, ഒഴുക്കിനൊപ്പം നിന്നവർ പോലും വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S