Enter your Email Address to subscribe to our newsletters

Kolkata , 07 മെയ് (H.S.)
പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി ബംഗാളിലെ മധ്യംഗ്രാമിലാണ് സംഭവം നടന്നത്. നെഞ്ചിലും പുറത്തും തലയിലുമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആസൂത്രിത കൊലപാതകം
വളരെ അടുത്തുവച്ചാണ് ചന്ദ്രനാഥിന് നേരെ അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊലപാതകത്തിൻ്റെ സ്വഭാവം വച്ച് നോക്കുമ്പോൾ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കൃത്യം നടപ്പാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. തൃണമൂൽ കോൺഗ്രസ് മുതൽ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സംഭവത്തെ ശക്തമായി അപലപിച്ചു.
ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവറായ ബുദ്ധദേബ് ബേറയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ കരൾ, വലത് ശ്വാസകോശം, വലത് തോൾ, വലത് കൈയുടെ സന്ധി എന്നിവിടങ്ങളിലാണ് വെടിയേറ്റതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആദ്യം ഇദ്ദേഹത്തേയും ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ബൈപാസിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്. ശരീരത്തിൽ നിന്ന് വലിയ അളവിൽ രക്തം നഷ്ടപ്പെട്ടതായി ഡോക്ടർമാർ ഭയപ്പെടുന്നുണ്ടെങ്കിലും പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യനില വലിയ തോതിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ സുവേന്ദു അധികാരി
സംഭവം നടന്ന് നിമിഷങ്ങൾക്കകം സുവേന്ദു അധികാരി മധ്യംഗ്രാമിലെ ആശുപത്രിയിലെത്തി. കേന്ദ്ര സഹമന്ത്രിയും മുൻ സംസ്ഥാന ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാർ, പാർട്ടി നേതാവ് അർജുൻ സിങ് തുടങ്ങി നിരവധി പേർ സ്ഥലത്തുണ്ട്. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ (ഡിജി) സിദ്ധിനാഥ് ഗുപ്തയും ആശുപത്രിയിലെത്തി. നിലവിൽ ബിജെപി പ്രവർത്തകരുടെ വലിയൊരു ജനക്കൂട്ടം മധ്യംഗ്രാമിലെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിച്ചു.
സിനിമയെ വെല്ലുന്ന ആക്രമണംപൊലീസും പ്രാദേശിക വൃത്തങ്ങളും നൽകുന്ന വിവരമനുസരിച്ച്, രാത്രി വൈകി മധ്യംഗ്രാമിലെ തിരക്കേറിയ റോഡിൽ വെളുത്ത സ്കോർപിയോ എസ്യുവിയിലാണ് ചന്ദ്രനാഥ് എത്തിയിരുന്നത്. തുടക്കത്തിൽ എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ പെട്ടെന്ന് ചെറിയൊരു നാലുചക്ര വാഹനം ചന്ദ്രനാഥിൻ്റെ കാറിൻ്റെ വഴി തടഞ്ഞു.
തുടർന്ന് മോട്ടോർ സൈക്കിളിൽ അതിവേഗത്തിലെത്തിയ കുറച്ചു യുവാക്കൾ അവിടെ വണ്ടി നിർത്തി. നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ മാറിമറിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ അവർ വാഹനത്തിലുണ്ടായിരുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കാൻ തുടങ്ങി. ഇതിനുശേഷം വഴി തടയാൻ ഉപയോഗിച്ച ചെറിയ കാർ അവിടെ ഉപേക്ഷിച്ച്, രണ്ട് അക്രമികൾ മോട്ടോർ സൈക്കിളിൽ കയറി പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പൊലീസ് അന്വേഷണം ഊർജിതംവളരെ അടുത്തുനിന്നാണ് അക്രമികൾ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെടിയൊച്ച കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. കാൽനടയാത്രക്കാർ സുരക്ഷയ്ക്കായി ഓടുകയും സമീപത്തെ കടകൾ തിടുക്കത്തിൽ അടച്ചുപൂട്ടുകയും ചെയ്തു. നിമിഷങ്ങൾക്കകം രക്തത്തിൽ കുളിച്ച് അദ്ദേഹം നിലത്തുവീണു. അക്രമികൾ അതിവേഗത്തിൽ മോട്ടോർ സൈക്കിളിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഇരയുടെ നെഞ്ചിൻ്റെ ഇടതുവശത്ത് രണ്ട് വെടിയേറ്റതായി പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ ഒളിവുനൽകുന്നു, അതിലൊന്ന് ഹൃദയം തുളച്ചാണ് കയറിയത്. രണ്ടാമത്തെ വെടിയുണ്ടയും നെഞ്ചിൽ ഗുരുതരമായി പരിക്കേൽപ്പിച്ചു. അടിവയറ്റിലും വെടിയേറ്റിട്ടുണ്ട്. അമിതമായ രക്തസ്രാവവും ഹൃദയത്തിലേറ്റ മുറിവും കാരണം സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചുവെന്നാണ് സംശയിക്കുന്നത്. സംഭവം കഴിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി പ്രദേശവാസികൾ ഓടിയെത്തി.
വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിച്ചു. വിവരമറിഞ്ഞ് മധ്യംഗ്രാം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വലിയൊരു പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശം മുഴുവൻ വളഞ്ഞ പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി രക്തസാംപിളുകളും വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ വിവിധ തെളിവുകൾ ശേഖരിച്ചു.
ചുറ്റുമുള്ള തെരുവുകളിൽ നിന്നും കടകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഈ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമികളുടെ നീക്കങ്ങൾ കണ്ടെത്താനും അവരുടെ രക്ഷപ്പെടൽ വഴി തിരിച്ചറിയാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR