Enter your Email Address to subscribe to our newsletters

Kollam , 07 മെയ് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊല്ലത്ത് ഡീൽ ആരോപങ്ങളുമായി മുന്നണികൾ. കൊട്ടാരക്കരയിലും ചാത്തന്നൂരിലും ഡീൽ നടന്നുവെന്ന് കോൺഗ്രസ്. കൊട്ടാരക്കരയിൽ സിപിഎം - ബിജെപി സാമ്പത്തിക ഡീൽ നടന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പിയും ചാത്തന്നൂരിൽ ബിജെപി- സിപിഎം ഡീൽ നടന്നെന്ന് യുഡിഎഫ് സ്ഥാനാർഥി സൂരജ് രവിയും ആരോപിച്ചു. എന്നാൽ ജില്ലയിൽ നിന്ന് നേരിട്ട പരാജയം മറച്ചുവയ്ക്കാനാണ് യുഡിഎഫിൻ്റെ ഡീൽ ആരോപങ്ങളെന്ന പ്രതികരണവുമായി ബി ജെ പി രംഗത്തുവന്നു.
കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിയുടെ വിജയത്തെ തടയാൻ സിപിഎം ബിജെപി സാമ്പത്തിക ഡീൽ നടന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കെ എൻ ബാലഗോപാലിനു വേണ്ടി ജ്യേഷ്ഠനായ കോൺട്രാക്ടർ ഈ ഡീലിൻ്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ധാരാളം പണം ഒഴുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് കൊട്ടാരക്കരയിൽ ഐഷാപോറ്റി നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
എൻഡിഎ ജയിച്ച ചാത്തന്നൂരിലും ബിജെപി - സിപിഎം ഡീൽ നടന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി സൂരജ് രവി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടെ വെളിപ്പെടുത്തിയിരുന്നു. സിപിഎം ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതിൻ്റെ ഭാഗമായാണ് ചാത്തന്നൂരിൽ ബിജെപിയുടെ ബി ബി ഗോപകുമാർ 4398 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ചാത്തന്നൂരിലെ സി പി ഐ സ്ഥാനാർഥി ആർ രാജേന്ദ്രനെ പരാജയപ്പെടുത്താൻ മണ്ഡലത്തിലെ സ്വാധീന മേഖലകളിൽ സി പി എം വോട്ട് ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാറിന് മറിച്ചതായി സൂരജ് രവി ആരോപിച്ചു.
കൊട്ടാരക്കരയിൽ ബിജെപി സി പി എമ്മിനെ സഹായിച്ചാൽ ചാത്തന്നൂരിൽ സി പി എം ബിജെപിയെ തിരിച്ച് സഹായിക്കാനുള്ള ധാരണ ഉണ്ടാക്കി എന്ന കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ആരോപണവും ഇതിന് പിന്നാലെ ആയിരുന്നു. എന്നാൽ ബിജെപിയുടെ ഡീൽ ജനങ്ങളുമായി മാത്രമെന്നും 2016 മുതൽ വോട്ട് കച്ചവടം നടത്തുന്നത് എൽഡിഎഫും യുഡിഎഫും തമ്മിൽ ആണെന്നും ബിജെപി നിയുക്ത ചാത്തന്നൂർ എം എൽ എ ബി ബി ഗോപകുമാറും ബിജെപി ജില്ല നേതൃത്വവും ആരോപിച്ചു.
വോട്ട് നഷ്ടപെട്ടതിൻ്റെയും അടിയൊഴുക്കുകളുടെയും കണക്കുകൾ നിരത്തി മുന്നണികൾ രംഗത്ത് വരുമ്പോൾ കൊല്ലത്തെ രാഷ്ട്രീയ ആരോപണ പ്രേത്യാരോപങ്ങൾ കൂടുതൽ ചൂടുപിടിക്കുകയാണ്. മുന്നണികൾ പരാചയത്തിൻ്റെ കാരണവും കണക്കെടുപ്പുകളും നടത്തുമ്പോൾ വരും ദിവസങ്ങളിലും കൂടുതൽ ഡീൽ ആരോപങ്ങൾ പുറത്തു വന്നേക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR