ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം കൂടുതൽ തീർഥാടക സൗഹൃദമാക്കാൻ തീരുമാനം
Pathanamthitta , 07 മെയ് (H.S.) പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം കൂടുതൽ തീർഥാടക സൗഹൃദമാക്കാൻ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപന യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്നു. ശബരിമല വിഷൻ പ്ലാൻ നടപ്പാക്കുന്നതില
Sabarimala


Pathanamthitta , 07 മെയ് (H.S.)

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം കൂടുതൽ തീർഥാടക സൗഹൃദമാക്കാൻ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപന യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്നു. ശബരിമല വിഷൻ പ്ലാൻ നടപ്പാക്കുന്നതിലെ ആസൂത്രണം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. വിഷൻ പ്ലാൻ പ്രകാരമുള്ള പദ്ധതികളിൽ വിവിധ വകുപ്പുകളുടെ നിർദേശങ്ങളും യോഗം സ്വീകരിച്ചു. തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ വിപുലമായ ഒരുക്കങ്ങൾക്കാണ് ദേവസ്വം ബോർഡ് രൂപം നൽകുന്നത്.

തീർഥാടന കാലത്ത് നടപ്പാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ശബരിമല വിഷൻ പ്ലാനിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പൊലീസ്, ഫയർഫോഴ്സ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, കെഎസ്ആർടിസി, ശുചിത്വമിഷൻ, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് എന്നീ വകുപ്പുകളുടെ പ്രതിനിധികളും എത്തിയിരുന്നു.

വിഷൻ പ്ലാൻ യാഥാർഥ്യമാക്കുന്നതിന് ഓരോ വകുപ്പുകളും സ്വന്തം പ്രവർത്തനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് യോഗം വിശദമായി വിലയിരുത്തി. തീർഥാടകർക്ക് കുടിവെള്ളം, വിശ്രമ സൗകര്യം എന്നിവ ഉറപ്പാക്കാൻ കൃത്യമായ ഏകോപനം വേണമെന്ന് യോഗം നിർദേശിച്ചു. മണ്ഡലകാലത്ത് എത്തുന്ന ഭക്തരുടെ വലിയ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ മികച്ച പ്രവർത്തനങ്ങൾ അനിവാര്യമാണ്.

ശബരിമലയിൽ ഗ്രീൻ പദ്ധതി

വനം വകുപ്പുമായി ചേർന്ന് ശബരിമലയിലെയും പമ്പയിലെയും ദേവസ്വം ബോർഡിൻ്റെ ഭൂമിയിൽ ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കും. ഇതിനുള്ള അന്തിമ തീരുമാനവും യോഗത്തിലുണ്ടായി. ശബരിമലയിലെ പാരിസ്ഥിതിക സവിശേഷതകൾക്ക് അനുയോജ്യമായ മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. രണ്ടു വർഷം നീണ്ടുനിൽക്കുന്നതാണ് പദ്ധതി. വരാനിരിക്കുന്ന വാർഷിക കാലവർഷത്തിന് മുൻപ് തന്നെ മരങ്ങൾ നട്ടുതുടങ്ങും.

കോടിക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റ് ദൈനംദിന പ്രവർത്തനങ്ങൾക്കും തടസമുണ്ടാകരുത്. അതിനാൽ ജനങ്ങൾക്ക് തടസമില്ലാത്ത രീതിൽ നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലാകും മരങ്ങൾ നടുക. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായ സന്നിധാനത്തിൻ്റെ ഹരിതാഭ നിലനിർത്താൻ ഈ പദ്ധതി വലിയ തോതിൽ സഹായിക്കും. പ്ലാസ്റ്റിക് മുക്ത ശബരിമല എന്ന ലക്ഷ്യത്തിലേക്ക് എത്താനും ഗ്രീൻ പദ്ധതിയിലൂടെ അധികൃതർ കേന്ദ്രീകരിക്കുന്നു.

സൗഹൃദ ബാരിക്കേഡുകൾ വരുന്നു

ശബരിമലയിൽ സുരക്ഷ ഉറപ്പാക്കാനും തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനങ്ങൾ കൊണ്ടുവരാനാണ് മറ്റൊരു പ്രധാന തീരുമാനം. നിലവിൽ ക്യൂവിലുള്ള ഭക്തരെ നിയന്ത്രിക്കുന്നത് വടം ഉപയോഗിച്ചുള്ള ബാരിക്കേഡ് വഴിയാണ്. വടം ഉപയോഗിച്ച് ആളെ തടയുന്ന പഴയ സംവിധാനം പൂർണമായും ഒഴിവാക്കും. ഇതിന് പകരം തീർഥാടക സൗഹൃദമായ പുതിയ ബാരിക്കേഡ് സിസ്റ്റം കൊണ്ടുവരും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസിനായി ഇവ നേരിട്ട് വാങ്ങി നൽകും. ദർശനത്തിനായി മണിക്കൂറുകളോളം വരിനിൽക്കുന്ന തീർഥാടകർക്ക് ബാരിക്കേഡുകളിലെ പുതിയ മാറ്റം വലിയ ആശ്വാസമാകും. സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. വിഷൻ പ്ലാൻ അനുസരിച്ച് പുതിയ കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളും രൂപീകരിക്കും. ശബരിമല സന്നിധാനത്തും പമ്പയിലും മാലിന്യ നിർമാർജനത്തിനായി പ്രത്യേക ശുചിത്വ പ്രോട്ടോക്കോളും നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിൻ്റെ അധ്യക്ഷതയിലായിരുന്നു ഏകോപന യോഗം. ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എസ് ശ്രീജിത്ത്, മറ്റ് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളുടെ പൂർണ ഏകോപനം ഉറപ്പാക്കിയാകും മണ്ഡലകാലത്ത് വിഷൻ പ്ലാൻ നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അവലോകന യോഗങ്ങൾ ചേരുമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും യോഗം തീരുമാനിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News