Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 മെയ് (H.S.)
ഇടതുമുന്നണിക്കെതിരെയുള്ള ജനവിധി അംഗീകരിക്കുന്നതായും ഘടക കക്ഷികൾ യോഗം ചേർന്ന് ജൂൺ 15നകം നൽകുന്ന സമ്പൂർണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളിലേക്ക് കടക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി യോഗം പ്രാഥമികമായി അവലോകനം ചെയ്തു. സംസ്ഥാനത്ത് വർഗീയ ചേരിതിരിവിനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ചു കഴിഞ്ഞാലുടൻ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. അതുസംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു തർക്കവുമില്ലെന്നും ടി പി രാമകൃഷ്ണൻ ഇടതുമുന്നണി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളുടെ ജീവിതത്തിൻ്റെ വിവിധതലങ്ങളിലുള്ള വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചത്. ഒട്ടനവധി ജനക്ഷേമ നടപടികൾ സർക്കാർ കൈക്കൊണ്ടു. രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം നിർമ്മാർജനം ചെയ്തു. വയനാട് കൽപ്പറ്റയിലെ ടൗൺഷിപ്പ് സാമൂഹിക പ്രതിബദ്ധതതയുടെ ഭാഗമാണ്. അതിനൊക്കെ അനുസൃതമായി തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ വലിയരീതിയിൽ തിരിച്ചടി നേരിട്ടു. ആ തിരിച്ചടി ഉണ്ടായതിനെത്തുടർന്ന് ജനങ്ങളുടെ പ്രശ്നങ്ങളിൽ തുടർന്നും ഇടപെടാതിരിക്കില്ല. ജനക്ഷേമ നടപടികൾ കുടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ലക്ഷക്കണക്കിന് പേർ ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തവരെ അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി ഒപ്പം നിൽക്കുന്നവരോടൊപ്പം മറ്റുള്ളവരും വ്യാപകമായി വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഈ തോൽവി ഉണ്ടായെന്ന വിഷയം അതിസൂക്ഷ്മമായി വിലയിരുത്തും. ഇടതുമുന്നണിയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം അതിനുള്ള ശ്രമം ആരംഭിച്ചു. ഓരോ പാർട്ടിയുടെയും വിവിധ കമ്മിറ്റികൾ ചേർന്ന് തോൽവിക്ക് കാരണം കണ്ടെത്തും. ജൂൺ അവസാനത്തോടെ സമ്പൂർണ റിപ്പോർട്ട് ഇടതുമുന്നണിക്ക് മുന്നിലെത്തും. അതിൻമേൽ മുന്നണി വിശദമായി ചർച്ച നടത്തും. ജനവിധി അംഗീകരിച്ചുകൊണ്ട് കാരണങ്ങൾ സമഗ്രമായി പരിശോധിക്കും. ജനങ്ങളുടെ പ്രതികരണം കേൾക്കാനും മുന്നണി സജ്ജമാണ്. എന്താണ് തിരുത്തേണ്ടതെന്ന ജനാഭിപ്രായം കേട്ട് അതും അംഗീകരിക്കും. അത് അനുസരിച്ചുള്ള തിരുത്തൽ നടപടികളിലേക്ക് മുന്നണി പോകും. ജനങ്ങളാണ് പ്രധാനം. അവരിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോകും. മുന്നണിയോഗം ചേർന്ന് പൊതുഅന്തരീക്ഷം വിലയിരുത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളും. പ്രവർത്തനരീതിയിൽ ആവശ്യമായ മാറ്റം വരുത്തി കൂടതൽ കരുത്താർജ്ജിച്ച് മുന്നോട്ടുപോകും.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി ബിജെപി- യുഡിഎഫ് അക്രമം ഉണ്ടാകുന്നു. പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിൽ പൊലീസ് കയറി അക്രമിച്ചു. അതിൽ മുന്നണി ശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമ സംഭവങ്ങൾക്ക് മുന്നണി കീഴ്പ്പെടില്ല. പൊലീസ് ശക്തമായി നടപടിയെടുക്കണം. ഒരു പ്രത്യേക സാഹചര്യം കേരളത്തിൽ രൂപപ്പെടുകയാണ്. ബിജെപി മൂന്ന് സീറ്റിൽ വിജയിച്ചു. അതിന് അനുകൂലമായ സാഹചര്യം കോൺഗ്രസും യുഡിഎഫും സൃഷ്ടിച്ചു. വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ മുന്നണി സാധ്യമായതെല്ലാം ചെയ്യും.
തെരഞ്ഞെടുപ്പിൽ വ്യാപകമായി വർഗീയ ചേരിതിരിവിനുള്ള ശ്രമം നടന്നിട്ടുണ്ട്. ഞാനും അങ്ങനെയൊരു ശ്രമത്തിൻ്റെ ഭാഗമായി മാറിയിരുന്നു. ന്യൂനപക്ഷ ഏകീകരണം മുന്നണിക്ക് തിരിച്ചടിക്ക് കാരണമായതായി തോന്നുന്നില്ല. മുന്നണിയിലെ കമ്മിറ്റി യോഗങ്ങളിൽ എല്ലാവരും അഭിപ്രായങ്ങൾ തുറന്നുപറയണം. അതെല്ലാം വിമർശന വിധേയമാക്കും. അഭിപ്രായം തുറന്നു പറഞ്ഞാലേ തിരുത്തൽ നടപടികളിലേക്ക് പോകാനാകൂ. അഭിപ്രായ രൂപീകരണത്തിന് എല്ലാവരെയും പങ്കാളികളാക്കും.
സിപിഎമ്മിൻ്റെ ശൈലിക്കെതിരെ സിപിഐ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യാതൊരു എതിരഭിപ്രായവും പറഞ്ഞിട്ടില്ല. സിപിഎം നിലപാട് അംഗീകരിച്ചാണ് ബിനോയ് വിശ്വം നിലപാട് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമുണ്ടായെന്ന് മുന്നണിക്ക് അഭിപ്രായമില്ല. നാളെ ആ അഭിപ്രായത്തിൽ എത്തുമോയെന്നും ഇപ്പോൾ പറയാനാവില്ല. തോൽവിയുടെ കാരണം പരിശോധിക്കട്ടെ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സ്ഥാനമാറ്റമൊന്നും ഇപ്പോൾ പാർട്ടിക്കു മുന്നിലില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR