Enter your Email Address to subscribe to our newsletters

Chennai , 07 മെയ് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടിവികെ നേതാവ് വിജയ്യുടെ സത്യപ്രതിജ്ഞ വൈകുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് അദ്ദേഹം ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറെ കണ്ടിരുന്നു.
ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവർണർ ഇതുവരെ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ അർലേർക്കർ നിലവിൽ ചെന്നൈ ലോക്ഭവനിലാണ് ഉള്ളത്. ഇതിനിടെ വിജയ്ക്ക് നൽകിയിരുന്ന പൊലീസ് സുരക്ഷ സർക്കാർ പിൻവലിച്ചു.
ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ചാണ് ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിക്കേണ്ടത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ആരെ ക്ഷണിക്കണം എന്നത് ഗവർണറുടെ വിവേചനാധികാരമാണ്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകണം. പിന്തുണക്കുന്നവരുടെ കത്തുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതും ഇതുകൊണ്ടാണ്.
സംസ്ഥാനത്ത് വീണ്ടും സുപരിചിതമായ റിസോർട്ട് രാഷ്ട്രീയം സജീവമായി. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എംഎൽഎമാർ കൂറുമാറുന്നത് തടയാൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചെന്നൈ നഗരത്തിന് പുറത്തുള്ള ആഡംബര റിസോർട്ടുകളിലേക്കാണ് ഇവരെ കൊണ്ടുപോയത്. അട്ടിമറികളും വിവരച്ചോർച്ചയും ഒഴിവാക്കാൻ ജനപ്രതിനിധികളുടെ മൊബൈൽ ഫോണുകൾ പാർട്ടി നേതൃത്വം മുൻകൂർ വാങ്ങി വച്ചു.
കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ പോലും ഇവർക്ക് അനുമതി നൽകിയിട്ടില്ല. റിസോർട്ടുകൾക്ക് ചുറ്റും പാർട്ടിയുടെ വിശ്വസ്തരായ പ്രവർത്തകരെ കാവലിനായി വിന്യസിച്ചു. മാധ്യമപ്രവർത്തകർക്കും സന്ദർശകർക്കും ഇവിടേക്ക് വിലക്കുണ്ട്. ഭരണാധികാരം ഉറപ്പിക്കുക എന്നത് പാർട്ടികൾക്ക് ജീവന്മരണ പോരാട്ടമായതിനാൽ അതീവ ജാഗ്രതയോടെയാണ് നേതൃത്വം മുന്നോട്ട് പോകുന്നത്
ആകെയുള്ള 234 നിയമസഭാ സീറ്റുകളിൽ 108 സീറ്റാണ് ടിവികെ നേടിയത്. കേവലഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ പിന്തുണ കൂടി വേണം. അഞ്ച് സീറ്റുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്ത് നൽകി. എന്നാൽ രണ്ട് സീറ്റുള്ള മുസ്ലിം ലീഗും, രണ്ട് സീറ്റ് വീതമുള്ള സിപിഎം, സിപിഐ കക്ഷികളും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് വ്യക്തമാക്കി.
ഇടതുപക്ഷത്തിൻ്റെ പിന്തുണ ലഭിക്കാത്തതിനാൽ അണ്ണാ ഡിഎംകെയുമായും പിഎംകെയുമായും ടിവികെ അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ടിവികെയുമായി സഹകരിക്കണമെന്നാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഗവർണറെ കണ്ട് ഭൂരിപക്ഷം തെളിയിക്കുന്നതുവരെയോ, നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയോ എംഎൽഎമാർ റിസോർട്ടുകളിൽ തുടരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR