Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 മെയ് (H.S.)
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നടപടി പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നിയോഗിച്ച നിരീക്ഷകര്‍. എംഎല്‍എമാരെ നേരില്‍ കണ്ട് അഭിപ്രായം കേള്‍ക്കുന്ന നടപടിയാണ് പൂര്‍ത്തിയായത്. നിലവില്‍ എംപിമാരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുകയാണ്. നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് നിരീക്ഷകര്‍ എംഎല്‍എമാരെ കണ്ടത്. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. ഇതോടെ അന്തിമ തീരുമാനം എടുക്കുന്ന ചുമതല ഹൈക്കമാന്‍ഡില്‍ എത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്താങ്ങി. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇതിനുശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് എംഎല്‍എമാരുമായുള്ള ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ച നടന്നത്.
മണ്ഡലത്തിലെ ചില ആവശ്യങ്ങള്‍ക്ക് മടങ്ങേണ്ടതിനാല്‍ പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്നിക്കും ദീപാ ദാസ് മുന്‍ഷിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ ഓരോ എംഎല്‍എമാരെ ആയി കണ്ടും ആര് മുഖ്യമന്ത്രിയാകണം എന്ന ഒരു ചോദ്യം മാത്രമാണ് നിരീക്ഷകര്‍ ചോദിച്ചത്. ഉത്തരം പറയുന്നതോടെ കൂടിക്കാഴ്ച അവസാനിച്ചു. ഇതിനു ശേഷമാണ് എംപിമാരെ കാണാന്‍ തുടങ്ങിയത്.
നിരീക്ഷകരും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് ദീപാ ദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കപ്പെട്ടില്ല. എംഎല്‍എമാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനായാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് പൂര്‍ണ്ണമായും തള്ളി. കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും എല്ലാം ദീപ ദാസ് മുന്‍ഷി പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S