കുടിവെള്ളം, ഭവനരാഹിത്യം തുടങ്ങിയ പ്രശ്നങ്ങള്ക്കു പരിഹാരം കാണും; സി പി ജോണ്
Thiruvanathapuram, 07 മെയ് (H.S.) തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണ്‍. താഴ്ന്ന പ്രദേശമായ ഊറ്റുക്കുഴി മ
cp jhon


Thiruvanathapuram, 07 മെയ് (H.S.)

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണ്‍. താഴ്ന്ന പ്രദേശമായ ഊറ്റുക്കുഴി മുതല്‍ പത്മനാഭസ്വാമി ക്ഷേത്ര പരിസരം, വഴുതക്കാട് തുടങ്ങി ഒട്ടുമിക്ക പ്രദേശത്തും കുടിവെള്ള പ്രശ്നം രൂക്ഷമാണ്.

മാലിന്യകൂമ്പാരമായി മാറുന്ന തോടുകളാണ് രണ്ടാമത്തെ പ്രശ്നം. 18 കിലോമീറ്ററോളം തോട് മലിനമായി നഗരത്തില്‍ ഒഴുകുന്നുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന തോടുകളുടെ കരകളില്‍ ആളുകള്‍ താമസിക്കുന്നു. മൂന്നാമത്തെ പ്രശ്നം നഗരത്തിലെ ഭവനരാഹിത്യമാണെന്നും സി പി ജോണ്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു.

സ്ഥലമില്ലായ്മയിലും രൂക്ഷമായി ജനങ്ങള്‍ നേരിടുന്ന പ്രശ്നം ഭവനരാഹിത്യമാണ്. 12.5 ഏക്കറിലുള്ള രാജാജി നഗറില്‍ 1200 വീടുകളുണ്ട്. അതായത് ഏകദേശം 6000 ആളുകളാണ് അവിടെ കഴിയുന്നത്. കരിമഠം കോളനിയിലെ മൂന്ന് നില വീടുകള്‍ പരാജയമാണ്. കടലോര മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രതീക്ഷ, പ്രത്യാശ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ നല്ലതാണ്. എന്നാല്‍, അവിടെ രണ്ടാമത്തെ നിലയില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളമില്ല. അവിടെ സ്ത്രീകള്‍ വെള്ളം ചുമന്നാണ് മുകളിലെത്തിക്കുന്നത്.

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടികള്‍ക്കൊപ്പം എയര്‍പോര്‍ട്ട്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് തുടങ്ങിയവയുടെ വികസനത്തിനായും പ്രവര്‍ത്തിക്കും. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജ് കൊണ്ടുവരുന്നതും ട്രാവന്‍കൂര്‍ ടൈറ്റാനിയം പുനരുജ്ജീവിപ്പിക്കുന്നതും മറ്റു ലക്ഷ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ജീവിതത്തിലെ പ്രത്യേക ഘട്ടത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് താനും തന്റെ പാര്‍ട്ടിയും. നഗരവുമായി തങ്ങളുടെ പ്രസ്ഥാനത്തിനുള്ള ആത്മബന്ധം ശക്തമാക്കുന്നതിന് ജനങ്ങളും അഭ്യുതേയകാംഷികളും തന്ന പിന്തുണ വലുതാണ്.

കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും ഇത്തവണ വലിയ വിജയമാണ് ലഭിച്ചത്. എന്നാല്‍, ഇടതുപക്ഷത്തിനേറ്റത് കടുത്ത പരാജയമാണ്. ഗൗരിയമ്മയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അന്നൊന്നും ഇടത് കോട്ടകളില്‍ നഷ്ടപ്പെട്ടിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ഉത്തരകേരളത്തില്‍ സിപിഎം വിരുദ്ധ തരംഗം ആഞടിച്ചു. ചരിത്രത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാതവണം സിപിഎം കോട്ടകള്‍ തകര്‍ന്നു.

1977-നു ശേഷം ആദ്യമായി കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത കാലമാണിത്. ജനാധിപത്യ ഭരണത്തില്‍ ഏറ്റവും പരിചയമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അവര്‍ തെറ്റ് തിരുത്തണം. എന്നാല്‍, ഇന്ന് സിപിഐഎമ്മില്‍ നടക്കുന്നത് ബ്ലെയിം ഗെയിം ആണെന്നും അദ്ദേഹം പറഞ്ഞു.

എം വി രാഘവനായിരുന്നു ശരിയന്ന് മുന്‍പേ തന്നെ തെളിഞ്ഞതാണ്. അത് അംഗീകരിക്കാത്തത് സിപിഎം മാത്രമാണ്. അവര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. സിഎംപിയെ പോലെ പുതിയ തരം ഇടതുപക്ഷത്തെ ആളുകള്‍ അന്വേഷിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എല്ലാവരുമായി കൂടിയാലോചിച്ച് ജനങ്ങള്‍ അംഗീകരിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും. ആ തീരുമാനത്തെ സിഎംപി അംഗീകരിക്കുമെന്നും ജോണ്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News