'എന്റെ പടംവെച്ചുള്ള ബോര്ഡുകള് വേണ്ട, അത് പാര്ട്ടി രീതിയല്ലെന്ന് പി ജയരാജന്
Kannur, 07 മെയ് (H.S.) കണ്ണൂര്‍: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കണം എന്ന ഫ്‌ലക്‌സ് ബോര്‍ഡുകളെ തളളി പി ജയരാജന്‍. തോല്‍വിക്കു പിന്നാലെ തനിക്ക് അഭിവാദ്യമര്‍പ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്
P jayarajan


Kannur, 07 മെയ് (H.S.)

കണ്ണൂര്‍: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കണം എന്ന ഫ്‌ലക്‌സ് ബോര്‍ഡുകളെ തളളി പി ജയരാജന്‍. തോല്‍വിക്കു പിന്നാലെ തനിക്ക് അഭിവാദ്യമര്‍പ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡുകള്‍ക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

'പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ' എന്നെഴുതി ബോര്‍ഡുകള്‍ കണ്ണൂരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഴീക്കോട്, മട്ടന്നൂര്‍, തളിപ്പറമ്പ് തുടങ്ങി വിവിധയിടങ്ങളിലാണ് ഈ വാചകമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികള്‍ക്കിടയില്‍ നിന്നുതന്നെ മുറവിളി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജയരാജന്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

ഫ്ളക്സ് ബോര്‍ഡുകളിലൂടെയുള്ള പ്രചരണം കോണ്‍ഗ്രസ് സംസ്‌കാരമാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാര്‍ നേരിട്ടിട്ടുണ്ട്. ഓരോ സന്ദര്‍ഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടര്‍നടപടികളും കൈക്കൊള്ളാറുമുണ്ടെന്നും അദ്ദേഹം കുറിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. എന്നാല്‍, അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവര്‍ കണക്കാക്കുന്ന ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യംവെച്ച് പരസ്യ വിമര്‍ശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും പി. ജയരാജന്‍ പറയുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News