ജനവിധി അംഗീകരിക്കുന്നു; തിരുത്തല് നടപടി ഉണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്
Thiruvanathapuram, 07 മെയ് (H.S.) ഇടതുമുന്നണിക്കെതിരെയുള്ള ജനവിധി അംഗീകരിക്കുന്നതായും ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് ജൂണ്‍ 15നകം നല്‍കുന്ന സമ്പൂര്‍ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി
TP RAMAKRISHNAN


Thiruvanathapuram, 07 മെയ് (H.S.)

ഇടതുമുന്നണിക്കെതിരെയുള്ള ജനവിധി അംഗീകരിക്കുന്നതായും ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് ജൂണ്‍ 15നകം നല്‍കുന്ന സമ്പൂര്‍ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി യോഗം പ്രാഥമികമായി അവലോകനം ചെയ്തു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ചു കഴിഞ്ഞാലുടന്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. അതുസംബന്ധിച്ച് ഇടതുമുന്നണിയില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ടി പി രാമകൃഷ്ണന്‍ ഇടതുമുന്നണി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തിന്റെ വിവിധതലങ്ങളിലുള്ള വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഒട്ടനവധി ജനക്ഷേമ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്തു. വയനാട് കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പ് സാമൂഹിക പ്രതിബദ്ധതതയുടെ ഭാഗമാണ്. അതിനൊക്കെ അനുസൃതമായി തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ വലിയരീതിയില്‍ തിരിച്ചടി നേരിട്ടു. ആ തിരിച്ചടി ഉണ്ടായതിനെത്തുടര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങളില്‍ തുടര്‍ന്നും ഇടപെടാതിരിക്കില്ല. ജനക്ഷേമ നടപടികള്‍ കുടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ലക്ഷക്കണക്കിന് പേര്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തവരെ അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്നവരോടൊപ്പം മറ്റുള്ളവരും വ്യാപകമായി വോട്ട് ചെയ്തു.

തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ഈ തോല്‍വി ഉണ്ടായെന്ന വിഷയം അതിസൂക്ഷ്മമായി വിലയിരുത്തും. ഇടതുമുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിനുള്ള ശ്രമം ആരംഭിച്ചു. ഓരോ പാര്‍ട്ടിയുടെയും വിവിധ കമ്മിറ്റികള്‍ ചേര്‍ന്ന് തോല്‍വിക്ക് കാരണം കണ്ടെത്തും. ജൂണ്‍ അവസാനത്തോടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഇടതുമുന്നണിക്ക് മുന്നിലെത്തും. അതിന്‍മേല്‍ മുന്നണി വിശദമായി ചര്‍ച്ച നടത്തും. ജനവിധി അംഗീകരിച്ചുകൊണ്ട് കാരണങ്ങള്‍ സമഗ്രമായി പരിശോധിക്കും. ജനങ്ങളുടെ പ്രതികരണം കേള്‍ക്കാനും മുന്നണി സജ്ജമാണ്. എന്താണ് തിരുത്തേണ്ടതെന്ന ജനാഭിപ്രായം കേട്ട് അതും അംഗീകരിക്കും. അത് അനുസരിച്ചുള്ള തിരുത്തല്‍ നടപടികളിലേക്ക് മുന്നണി പോകും. ജനങ്ങളാണ് പ്രധാനം. അവരില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോകും. മുന്നണിയോഗം ചേര്‍ന്ന് പൊതുഅന്തരീക്ഷം വിലയിരുത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളും. പ്രവര്‍ത്തനരീതിയില്‍ ആവശ്യമായ മാറ്റം വരുത്തി കൂടതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ടുപോകും.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി ബിജെപി- യുഡിഎഫ് അക്രമം ഉണ്ടാകുന്നു. പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസില്‍ പൊലീസ് കയറി അക്രമിച്ചു. അതില്‍ മുന്നണി ശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമ സംഭവങ്ങള്‍ക്ക് മുന്നണി കീഴ്പ്പെടില്ല. പൊലീസ് ശക്തമായി നടപടിയെടുക്കണം. ഒരു പ്രത്യേക സാഹചര്യം കേരളത്തില്‍ രൂപപ്പെടുകയാണ്. ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചു. അതിന് അനുകൂലമായ സാഹചര്യം കോണ്‍ഗ്രസും യുഡിഎഫും സൃഷ്ടിച്ചു. വര്‍ഗീയമായി ചേരിതിരിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ മുന്നണി സാധ്യമായതെല്ലാം ചെയ്യും.

തെരഞ്ഞെടുപ്പില്‍ വ്യാപകമായി വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം നടന്നിട്ടുണ്ട്. ഞാനും അങ്ങനെയൊരു ശ്രമത്തിന്റെ ഭാഗമായി മാറിയിരുന്നു. ന്യൂനപക്ഷ ഏകീകരണം മുന്നണിക്ക് തിരിച്ചടിക്ക് കാരണമായതായി തോന്നുന്നില്ല. മുന്നണിയിലെ കമ്മിറ്റി യോഗങ്ങളില്‍ എല്ലാവരും അഭിപ്രായങ്ങള്‍ തുറന്നുപറയണം. അതെല്ലാം വിമര്‍ശന വിധേയമാക്കും. അഭിപ്രായം തുറന്നു പറഞ്ഞാലേ തിരുത്തല്‍ നടപടികളിലേക്ക് പോകാനാകൂ. അഭിപ്രായ രൂപീകരണത്തിന് എല്ലാവരെയും പങ്കാളികളാക്കും.

സിപിഎമ്മിന്റെ ശൈലിക്കെതിരെ സിപിഐ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യാതൊരു എതിരഭിപ്രായവും പറഞ്ഞിട്ടില്ല. സിപിഎം നിലപാട് അംഗീകരിച്ചാണ് ബിനോയ് വിശ്വം നിലപാട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമുണ്ടായെന്ന് മുന്നണിക്ക് അഭിപ്രായമില്ല. നാളെ ആ അഭിപ്രായത്തില്‍ എത്തുമോയെന്നും ഇപ്പോള്‍ പറയാനാവില്ല. തോല്‍വിയുടെ കാരണം പരിശോധിക്കട്ടെ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്ഥാനമാറ്റമൊന്നും ഇപ്പോള്‍ പാര്‍ട്ടിക്കു മുന്നിലില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News