Enter your Email Address to subscribe to our newsletters

Pathanamthitta, 07 മെയ് (H.S.)
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില് കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ മൂന്ന് ലൈംഗികാതിക്രമ കേസുകളാണ് രാഹുല്‍ മാങ്കുട്ടത്തിലിനെതിരെയുള്ളത്. 2024 ല്‍ പത്തനംതിട്ടക്കാരിയായ പ്രവാസി മലയാളി യുവതിയുടെ പരാതിയിലാണ് മൂന്നാമത്തെ കേസ്. വിവാഹ വാഗ്ദാനം നല്‍കി തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബലാത്സംഗം, ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. ഇതിനുള്ള തെളിവുകളും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരി 10ന് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലില്‍ നിന്ന് രാത്രി 12.30 ഓടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം മറ്റ് രണ്ട് ബലാത്സംഗ കേസുകളില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ രാഹുലിനെതിരായ ഒന്നാം പരാതിയിലെ അതിജീവിത ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അതിജീവിത കോടതിയിലെത്തിയത്.
ഭീഷണിപ്പെടുത്തി തന്റെ നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആ ദൃശ്യങ്ങള്‍ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭയമുണ്ടെന്നുമാണ് അതിജീവിത കോടതിയെ അറിയിച്ചിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്ന രാഹുലിന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതി പരിശോധിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം നിലനില്‍ക്കെത്തന്നെയാണ് കോടതി ജാമ്യം അനുവദിച്ചത്.
---------------
Hindusthan Samachar / Sreejith S