ആഗോള വ്യോമ ചരക്ക് ഗതാഗത മേഖല വെല്ലുവിളികൾ നേരിടുമ്പോഴും മികച്ച നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Ernakulam , 08 മെയ് (H.S.) ആഗോള വ്യോമ ചരക്ക് ഗതാഗത മേഖല വെല്ലുവിളികൾ നേരിടുമ്പോഴും മികച്ച നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലും സിയാൽ കാർഗോ വിഭാഗം ഈ സാമ്പത്തിക വർഷം 10 ശതമാനം വളർച്ചയാണ്
Cochin International Airport


Ernakulam , 08 മെയ് (H.S.)

ആഗോള വ്യോമ ചരക്ക് ഗതാഗത മേഖല വെല്ലുവിളികൾ നേരിടുമ്പോഴും മികച്ച നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലും സിയാൽ കാർഗോ വിഭാഗം ഈ സാമ്പത്തിക വർഷം 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വിദേശ വിപണികളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ സിയാൽ നടപ്പിലാക്കിയ തന്ത്രപരമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ.

മികച്ച വളർച്ചയും വരുമാനവും

2025–26 സാമ്പത്തിക വർഷത്തിൽ ആകെ 72,178 മെട്രിക് ടൺ കാർഗോയാണ് സിയാൽ കൈകാര്യം ചെയ്തത്. ഇതിൽ 76 ശതമാനവും അന്താരാഷ്ട്ര ചരക്ക് നീക്കമായിരുന്നു എന്നത് ശ്രദ്ധേയമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ചരക്ക് നീക്കത്തിൽ 10 ശതമാനം വർധനവുണ്ടായതോടെ, കാർഗോ വിഭാഗത്തിൽ നിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ വ്യോമ ചരക്ക് മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കൊച്ചി വിമാനത്താവളം ഈ മികച്ച പ്രവർത്തന മികവ് കാഴ്ചവെച്ചത്.

അടിസ്ഥാന സൗകര്യ വികസനം

ചരക്ക് ഗതാഗതവും ലോജിസ്റ്റിക്സ് ശൃംഖലയും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സിയാൽ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ വികസനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെൻ്റെർ,

ദീർഘദൂര-ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിങ്, ഡ്രൈവർമാർക്കുള്ള വിശ്രമ സൗകര്യങ്ങൾ എന്നിവയടങ്ങിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

എക്സ്പോർട്ട് കാർഗോ വെയർഹൗസ് വികസിപ്പിച്ചതോടെ സിയാലിൻ്റെ വാർഷിക ചരക്ക് കൈകാര്യം ചെയ്യൽ ശേഷി 1,25,000 മെട്രിക് ടൺ ആയി ഉയർന്നു. അത്യാധുനിക സ്ക്രീനിങ് മെഷീനുകൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, റേഡിയോ ആക്റ്റീവ് വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവയും സജ്ജമാണ്.

പ്രതിസന്ധിക്കാലത്തെ റാപിഡ് റെസ്പോൺസ്

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ചരക്ക് നീക്കം തടസപ്പെടാതിരിക്കാൻ സിയാൽ പ്രത്യേക ശ്രദ്ധ നൽകി. 2026 മാർച്ച്–ഏപ്രിൽ മാസങ്ങളിൽ കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് 11 നോൺ-ഷെഡ്യൂൾഡ് കാർഗോ സർവീസുകൾ നടത്തി.

പച്ചക്കറികൾ, പഴങ്ങൾ, വസ്ത്രങ്ങൾ, ഏലം തുടങ്ങിയവ യഥാസമയം വിപണിയിലെത്തിക്കാൻ ‘റാപിഡ് റെസ്പോൺസ് ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചു. ഇത്തിഹാദ്, എമിറേറ്റ്സ്, സൗദിയ തുടങ്ങി പ്രമുഖ വിമാനക്കമ്പനികളെല്ലാം ഈ കാലയളവിൽ സിയാലുമായി സഹകരിച്ചു.

ദക്ഷിണേന്ത്യയിലെ പ്രധാന എയർ കാർഗോ കവാടമായി സിയാലിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഫിക്കിയുമായി (FICCI) ചേർന്ന് അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റും സംഘടിപ്പിച്ചിരുന്നു.

ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സർട്ടിഫിക്കേഷൻ നേടാനും താപനില നിയന്ത്രണം ആവശ്യമുള്ള ചരക്കുകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ കാർഗോ മാനേജ്മെൻ്റ് സംവിധാനങ്ങളിലൂടെ ഇ-കൊമേഴ്സ് മേഖലയ്ക്കും കൂടുതൽ കരുത്തുപകരാൻ സിയാൽ ലക്ഷ്യമിടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News