കൊച്ചിൻ ഷിപ്പ്യാര്ഡില് ജോലി; 8ാം ക്ലാസ് യോഗ്യതയുണ്ടോ?
Ernakulam , 08 മെയ് (H.S.) കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് റിഗ്ഗർ ട്രേഡിലേക്കുള്ള അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച ഉദ്യോഗാർത്ഥികള്ക്കാണ് അവസരം. എന്നാല് ബിരുദം, ഡിപ്ലോമ ഉള്പ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്
Job vacancy


Ernakulam , 08 മെയ് (H.S.)

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് റിഗ്ഗർ ട്രേഡിലേക്കുള്ള അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച ഉദ്യോഗാർത്ഥികള്ക്കാണ് അവസരം.

എന്നാല് ബിരുദം, ഡിപ്ലോമ ഉള്പ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

അപേക്ഷകരുടെ പ്രായം മെയ് 30-നകം 18 നും 23 നും ഇടയിലായിരിക്കണം. 2003 മെയ് 31നും 2008 മെയ് 31നും ഇടയില് ജനിച്ചവർക്കാണ് അപേക്ഷിക്കാനാകുക. ഒ ബി സി (നോണ് ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ് സി / എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയില് ഇളവ് അനുവദിച്ചിട്ടുണ്ട്. ഓണ്ലൈൻ അപേക്ഷ സമർപ്പിക്കല് ആരംഭിച്ചു. അപേക്ഷ നല്കാനുള്ള അവസാന തീയതി മെയ് 30 ആണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികള് സമയപരിധിക്കകം അപേക്ഷ സമർപ്പിക്കണമെന്ന് കമ്പനി അറിയിച്ചു.

റിഗ്ഗർ ട്രേഡില് ആകെ 40 അപ്രന്റീസ് ഒഴിവുകളാണുള്ളത്. ജനറല് വിഭാഗത്തിന് 16, ഒ ബി സി വിഭാഗത്തിന് 13, എസ് സി വിഭാഗത്തിന് 7, ഇ ഡബ്ല്യു എസ് വിഭാഗത്തിന് 4 എന്നിങ്ങനെയാണ് ഒഴിവുകള് സംവരണം ചെയ്തിരിക്കുന്നത്. പരിശീലന കാലാവധി രണ്ട് വർഷമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ കമ്പനി ആവശ്യകതയും വ്യക്തിഗത പ്രകടനവും പരിഗണിച്ച് കരാർ അടിസ്ഥാനത്തില് നിയമിക്കാനുള്ള സാധ്യതയുണ്ടെന്നും CSL വ്യക്തമാക്കി.

പരിശീലന കാലയളവില് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ആദ്യ വർഷം 11,000 രൂപയും രണ്ടാം വർഷം 12,000 രൂപയുമാണ് സ്റ്റൈപ്പന്റായി ലഭിക്കുക. പരിശീലനം പൂർത്തിയാക്കി കരാർ നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 22,100 രൂപ ശമ്പളവും അധികസമയ ജോലിക്കായി 5,530 രൂപയും ലഭിക്കും. രണ്ടാം വർഷം ശമ്പളം 22,800 രൂപയായും അധിക ജോലിക്കുള്ള പ്രതിഫലം 5,700 രൂപയായും ഉയരും. മൂന്നാം വർഷം ഇത് യഥാക്രമം 23,400 രൂപയും 5,850 രൂപയുമായിരിക്കും.

തിരഞ്ഞെടുപ്പ് 100 മാർക്കിന്റെ ശാരീരികക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷയ്ക്ക് മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. തിരിച്ചറിയല് രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണ വിഭാഗം എന്നിവ തെളിയിക്കുന്ന ഒറിജിനല് സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. ഓരോ ഒഴിവിലേക്കും ആറു അപേക്ഷകർ എന്ന അനുപാതത്തില് മെറിറ്റ് അടിസ്ഥാനമാക്കിയാണ് ശാരീരികക്ഷമതാ പരീക്ഷയ്ക്കുള്ള ഷോർട്ട്ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷകരുടെ എണ്ണം കൂടുതലായാല് സ്ക്രീനിംഗ് ടെസ്റ്റായ എഴുത്തുപരീക്ഷ നടത്താനും കൊച്ചിൻ ഷിപ്പ്യാഡിന് അധികാരമുണ്ട്. ശാരീരികക്ഷമതാ പരീക്ഷയില് പൊതുവിഭാഗത്തിനും EWS വിഭാഗത്തിനും കുറഞ്ഞത് 50 മാർക്ക്, ഒ ബി സി വിഭാഗത്തിന് 45 മാർക്ക്, എസ് സി വിഭാഗത്തിന് 40 മാർക്ക് എന്നിവ നിർബന്ധമായും നേടണം.

അന്തിമ റാങ്ക് ലിസ്റ്റ് പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. ഒരേ മാർക്ക് ലഭിച്ചാല് കൂടുതല് പ്രായമുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നല്കും. കൂടുതല് വിവരങ്ങള്ക്ക് https://cochinshipyard.in/uploads/career/242b385d48b43e9114c366ef82ba57ee.pdf

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News