ബയോമെഡിക്കൽ രംഗത്ത് വലിയ മുന്നേറ്റവുമായി സിഫ്റ്റ്
Ernakulam , 08 മെയ് (H.S.) മത്സ്യ മാലിന്യത്തിൽ നിന്ന് കോടികളുടെ മൂല്യമുണ്ടാക്കാമെന്ന് കൊച്ചി കേന്ദ്രമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). ഈ സാങ്കേതികവിദ്യ വഴി ബയോമെഡിക്കൽ രംഗത്ത് ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകു
ICAR CIFT KOCHI INNOVATION


Ernakulam , 08 മെയ് (H.S.)

മത്സ്യ മാലിന്യത്തിൽ നിന്ന് കോടികളുടെ മൂല്യമുണ്ടാക്കാമെന്ന് കൊച്ചി കേന്ദ്രമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). ഈ സാങ്കേതികവിദ്യ വഴി ബയോമെഡിക്കൽ രംഗത്ത് ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് സിഫ്റ്റിലെ സീനിയർ സയൻ്റിസ്റ്റ് ഡോ. ബിൻസി പികെ വ്യക്തമാക്കി.

മത്സ്യ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നും വിപണികളിൽ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങൾ വലിയ വിഭവങ്ങളാണ്. തല, ചെകിള, കുടൽ, തൊലി, ശൽക്കങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയമായി സംസ്കരിച്ച് വിവിധ ഔഷധങ്ങളായും ചികിത്സാ ഉപകരണങ്ങളായും വേർതിരിച്ചെടുക്കാം. ഇത് മത്സ്യമേഖലയിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കുക. അവശിഷ്ടങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണ ഗവേഷണത്തിൽ വലിയ മുന്നേറ്റമാണ് സിഫ്റ്റ് ഇപ്പോൾ നടത്തുന്നത്.

മാലിന്യത്തിൽ നിന്ന് മഹാഭാഗ്യം

മത്സ്യത്തിൻ്റെ മാംസം മാത്രമല്ല, അതിൻ്റെ ബാക്കി വരുന്ന എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമായ വിഭവങ്ങളാണെന്ന ബോധ്യം സമൂഹത്തിൽ ഉണ്ടാകണം. മാലിന്യ നിർമാർജനമാണ് ഇതിനുപിന്നിലെ ഏറ്റവും പ്രധാന ലക്ഷ്യം. മത്സ്യ മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതല്ലെന്ന് ആളുകൾ തിരിച്ചറിയണം. ഇതിലൂടെ വൻ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് മനസ്സിലായാൽ മാത്രമേ തീരപ്രദേശങ്ങളും വിപണികളും കൂടുതൽ ശുചിത്വമുള്ളതാകൂ എന്ന് ഡോ. ബിൻസി പികെ വിശദീകരിച്ചു. കടൽത്തീരങ്ങൾ നേരിടുന്ന മലിനീകരണ പ്രശ്നങ്ങൾക്ക് ഇതൊരു ശാശ്വത പരിഹാരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അഞ്ച് കിലോ മത്സ്യ ശൽക്കങ്ങളിൽ നിന്ന് ഒരു കിലോ ഹൈഡ്രോക്സി അപ്പറ്റൈറ്റ് നിർമിക്കാൻ സാധിക്കും. വിപണിയിൽ ഇതിന് കിലോയ്ക്ക് ഒരു ലക്ഷം രൂപയോളമാണ് വില ലഭിക്കുന്നത്. മനുഷ്യൻ്റെ അസ്ഥിയുടെയും പല്ലിൻ്റെയും 70 മുതൽ 90 ശതമാനം വരെ നിർമിച്ചിരിക്കുന്നത് ഈ സംയുക്തം ഉപയോഗിച്ചാണ്. അതിനാൽ ദന്തൽ ഇമ്പ്ലാൻ്റുകൾക്കും പൊട്ടിയ എല്ലുകൾ യോജിപ്പിക്കുന്നതിനുള്ള ബോൺ ഗ്രാഫ്റ്റായും ഇവ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്നവയെക്കാൾ മികച്ചതാണ് പ്രാദേശിക സാങ്കേതികവിദ്യയിലൂടെ നിർമിച്ചെടുക്കുന്ന ഹൈഡ്രോക്സി അപ്പറ്റൈറ്റുകൾ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇലക്ട്രോസ്പിന്നിങ് സാങ്കേതികവിദ്യ

മാലിന്യത്തിൽ നിന്ന് ഹൈഡ്രോക്സി അപ്പറ്റൈറ്റ് വേർതിരിച്ചെടുക്കുന്നതിന് അഡ്വാൻസ്ഡ് ഇലക്ട്രോസ്പിന്നിങ് സാങ്കേതികവിദ്യയാണ് സിഫ്റ്റ് ഉപയോഗിക്കുന്നത്. ഇത് മുറിവുകൾ വേഗത്തിൽ ഉണക്കാനും പൊട്ടിയ അസ്ഥികൾ യോജിപ്പിക്കാനുമുള്ള ചികിത്സയ്ക്ക് ഏറെ ഫലപ്രദമായി ഉപയോഗിക്കാം. സിന്തറ്റിക് ഉത്പന്നങ്ങളെക്കാൾ മികച്ച ഗുണനിലവാരം ഇതിനുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഭീമമായ തുക നൽകിയാണ് ഇത്തരം ബയോമെഡിക്കൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ തദ്ദേശീയമായി ഇവയുടെ നിർമാണം തുടങ്ങുന്നതോടെ രാജ്യത്തെ ചികിത്സാ ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ലക്ഷക്കണക്കിന് രൂപയുടെ വിദേശനാണ്യം ലാഭിക്കാനും ഇതുവഴി കഴിയും.

ചെമ്മീൻ തോടിലെ ഡിമാൻഡ്

ചെമ്മീൻ, ഞണ്ട് തുടങ്ങിയവയുടെ തോടുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൈറ്റിൻ, കൈറ്റോസാൻ എന്നിവയ്ക്ക് ഇപ്പോൾ ആഗോള വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. ഇവയുടെ ഉത്പാദന മേഖലയിൽ 50 വർഷമായി സിഫ്റ്റ് വിദഗ്ധർ ഗവേഷണം നടത്തുന്നുണ്ട്. പ്രകൃതിദത്തമായ സെല്ലുലോസ് പോലെ പ്രവർത്തിക്കുന്ന കൈറ്റിൻ ഭക്ഷ്യ പാക്കേജിങ്ങിൽ മികച്ച കവചമായും ഉപയോഗിക്കാം. മത്സ്യത്തിൻ്റെ തൊലിയിൽ നിന്ന് കൊളാജൻ പെപ്റ്റൈഡുകളും വലിയ തോതിൽ നിർമിക്കാം. ഇവയ്ക്ക് കിലോയ്ക്ക് 20,000 രൂപ വരെ വില ലഭിക്കുമ്പോൾ, ബയോമെഡിക്കൽ ഗ്രേഡിലെത്തുമ്പോൾ അത് ലക്ഷങ്ങളായി കുതിച്ചുയരും. വിറ്റാമിൻ സപ്ലിമെൻ്റുകളിലും ഇത്തരം ഉത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

വെല്ലുവിളികളും ഭാവിയും

വിദേശ രാജ്യങ്ങളായ ജപ്പാനും നോർവേയും മത്സ്യമാലിന്യത്തെ ഇതിനോടകം വലിയ ബിസിനസാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ വിതരണ ശൃംഖലയിലെ പോരായ്മകൾ ഇതിന് വലിയ പ്രതിസന്ധിയാണ്. മാലിന്യം പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് അവ സമയബന്ധിതമായി ശേഖരിക്കുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിന് കൃത്യമായ ഒരു പരിഹാരം സർക്കാർ തലത്തിൽ ഉണ്ടാകണം. കൊളാജൻ ഉത്പാദന രംഗത്തെ പുതിയ സംരംഭകർക്ക് സർക്കാർ സബ്സിഡി നൽകണമെന്നും സിഫ്റ്റ് ശിപാർശ ചെയ്തു. പ്രായമായവരുടെ ചർമ സംരക്ഷണം, കിടപ്പുരോഗികളിലെ മുറിവ് ഉണക്കാനുള്ള മരുന്നുകൾ, കൂന്തൽ മഷിയിൽ നിന്ന് മെലാനിൻ വേർതിരിക്കൽ എന്നിവയെല്ലാം ഇപ്പോഴുള്ള പ്രധാന ഗവേഷണ മേഖലകളാണ്.

ദേശീയ ജിഡിപിയിലേക്ക് 1.24 ശതമാനവും കാർഷിക മേഖലയിൽ ഏഴ് ശതമാനവും സംഭാവന നൽകുന്നതാണ് മത്സ്യബന്ധന മേഖല. മാലിന്യത്തിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്ന സാങ്കേതികവിദ്യ കൂടി പ്രാവർത്തികമാക്കുന്നതോടെ പുതിയൊരു മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കും. മലിനീകരണമില്ലാത്ത സുരക്ഷിതമായ പരിസരത്തോടൊപ്പം ലാഭകരമായ മത്സ്യബന്ധനവും ഇതുവഴി ഉറപ്പാക്കാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News