Enter your Email Address to subscribe to our newsletters

Thiruvananthapuram , 08 മെയ് (H.S.)
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാമിന് 13,995 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ വില വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.
തുടർച്ചയായ വില വർധന സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവരെ ആശങ്കയിലാക്കിയിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്ന സാധാരണക്കാരെയും ഇത് സാരമായി ബാധിച്ചു. സ്വർണവില ഇനിയും ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പുതിയ വിലക്കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഭരണ വിപണിയിൽ വരും ദിവസങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. വിലക്കുറവ് വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്നും കരുതുന്നു.
മറ്റ് കാരറ്റുകളിലെ വില
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,500 രൂപയിലെത്തി. 92,000 രൂപയാണ് 18 കാരറ്റ് സ്വർണം ഒരു പവൻ്റെ വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,955 രൂപയും പവന് 71,640 രൂപയുമായി വില നിശ്ചയിച്ചു. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 5,775 രൂപയും പവന് 46,200 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കാരറ്റ് കുറഞ്ഞ സ്വർണാഭരണങ്ങളോടുള്ള പ്രിയം സംസ്ഥാനത്ത് ഇപ്പോൾ വർധിച്ചുവരികയാണ്.
വില നിർണയിക്കുന്ന ഘടകങ്ങൾ
സ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടി നിരക്കും ഈടാക്കുന്നു. ഹാൾമാർക്കിങ് ഫീസും ഉൾപ്പെടുന്നതാണ് ആഭരണങ്ങളുടെ അന്തിമവില. ഓരോ ജ്വല്ലറികളിലും പണിക്കൂലി നിരക്ക് വ്യത്യസ്തമായിരിക്കും. അതിനാൽ വാങ്ങുന്ന ആഭരണങ്ങളുടെ അന്തിമവിലയിലും ചെറിയ മാറ്റങ്ങളുണ്ടാകും. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി എച്ച് യു ഐ ഡി മുദ്രയുള്ള സ്വർണം മാത്രമേ ഇപ്പോൾ വിപണിയിൽ വിൽക്കാൻ പാടുള്ളൂ.
ആഗോള വിപണിയുടെ സ്വാധീനംആഗോള മാർക്കറ്റിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ വിപണിയിൽ വേഗത്തിൽ പ്രതിഫലിക്കും. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് നിലവിൽ സ്വർണവില ഇടിയാൻ പ്രധാന കാരണം. ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്ന ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വില ഇപ്പോൾ കൂടുതൽ ഉയരുകയാണ്. നിലവിൽ ബാരലിന് 113 ഡോളറിന് മുകളിലാണ് ബ്രെൻ്റ് ക്രൂഡ് നിരക്ക്. കൂടാതെ ഡോളറിൻ്റെ മൂല്യത്തിലെ കയറ്റിറക്കങ്ങളും രാജ്യാന്തര വിപണിയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
പശ്ചിമേഷ്യയിൽ തുടരുന്ന സാമ്പത്തിക, സൈനിക സംഘർഷങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഹോർമുസിൽ അമേരിക്കൻ സൈന്യത്തെ ആക്രമിക്കുമെന്ന് ഇറാൻ നൽകിയ മുന്നറിയിപ്പുകൾ ആഗോള തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചു. ഇത്തരം ഭൗമരാഷ്ട്രീയ വിഷയങ്ങളാണ് ആഗോള വിപണിയിൽ ഇന്നത്തെ സ്വർണവിലയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമുണ്ടാക്കാൻ പ്രധാന കാരണം. രൂപയുടെ മൂല്യത്തിലെ അസ്ഥിരതയും ലോക നേതാക്കളുടെ സാമ്പത്തിക പ്രഖ്യാപനങ്ങളും ഇതിന് കാരണമാണ്. യുഎസ് പണപ്പെരുപ്പം, അമേരിക്കൻ പലിശ നിരക്കുകൾ, വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ എന്നിവയും വിലയെ സ്വാധീനിക്കുന്നു.
നിക്ഷേപം എന്ന നിലയിൽ സ്വർണംസാമ്പത്തിക അസ്ഥിരത നേരിടുന്ന കാലഘട്ടങ്ങളിൽ ആളുകൾ എക്കാലവും സുരക്ഷിത നിക്ഷേപമായി സ്വർണത്തെയാണ് ആശ്രയിക്കുന്നത്. ബാങ്ക് പലിശ നിരക്കുകളിലെ കുറവും ഓഹരി വിപണിയിലെ തകർച്ചകളും സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകാൻ കാരണമാകുന്നു. സംസ്ഥാനത്ത് സ്വർണം കേവലം ഒരു ആഭരണം എന്നതിലുപരി മികച്ച ഒരു സാമ്പത്തിക ഭദ്രത കൂടിയായാണ് സാധാരണ ജനങ്ങൾ കാണുന്നത്. കുറഞ്ഞ അളവിലാണെങ്കിലും സ്വർണം വാങ്ങാൻ ആളുകൾ താത്പര്യം കാണിക്കുന്നുണ്ട്. സുരക്ഷയും എളുപ്പത്തിൽ പണമാക്കി മാറ്റാനുള്ള സൗകര്യവുമാണ് സ്വർണത്തെ എക്കാലവും ജനങ്ങൾക്ക് പ്രിയങ്കരമാക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR