നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൻ്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലെന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞെന്ന് എംഎൽഎ കെ രാജൻ
Thrissur , 08 മെയ് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൻ്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലെന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞെന്ന് എംഎൽഎ കെ രാജൻ. പരാജയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ മുഖ്യമന്ത്രിക്കെതിരായി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും രാജൻ
K Rajan


Thrissur , 08 മെയ് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൻ്റെ ഉത്തരവാദി മുഖ്യമന്ത്രിയല്ലെന്ന് സിപിഐ വ്യക്തമാക്കി കഴിഞ്ഞെന്ന് എംഎൽഎ കെ രാജൻ. പരാജയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ മുഖ്യമന്ത്രിക്കെതിരായി ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും രാജൻ പറഞ്ഞു.

പരാജയത്തെ കുറിച്ച് വിശകലനം ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ ദിവസം മുന്നണി ചെയർമാനായ പിണറായി വിജയൻ്റെ അധ്യക്ഷതയിൽ എകെജി സെൻ്ററിൽ വച്ച് യോഗം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ ഇടതുപക്ഷ ജനാധ്യപത്യ മുന്നണിയുടെ പാർട്ടിയെ അതിൻ്റെ ഏറ്റവും താഴെ തട്ടിലുള്ള ഘടകങ്ങൾ വരെ പാർട്ടിക്ക് അകത്തുള്ളവർക്കും പ്രവർത്തകർക്കുമെല്ലാം പറയാനുള്ളത് കേട്ട് മുന്നണി അതിൻ്റെ വിലയിരുത്തലിലേക്ക് വരുമെന്ന് എംഎൽഎ കെ രാജൻ വ്യക്തമാക്കി.

കേവലം ഒരു മിനിറ്റ് കൊണ്ട് ഒരു വിലയിരുത്തലിൽ എത്തിയാൽ അതിശക്തമായിട്ടുള്ള ഒരു തിരിച്ച് വരവിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിക്കാതെ പോവും. അതുകൊണ്ട് തന്നെ കൃത്യമായ കാര്യങ്ങൾ പഠിച്ച് തിരുത്തേണ്ടത് തിരുത്തി പരിശോധിക്കുമെന്ന് രാജൻ പറഞ്ഞു.

ഇത് ഒരു താത്കാലിക വിജയം മാത്രമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി 1959 ലെ വിമോചന സമരത്തിന് തുല്യമായ നിലയിലുള്ള എല്ലാവരും ചേർന്ന് നടത്തിയ വലിയ ആക്രമണമാണിത്. അത് ഏത് അളവിൽ പോയി എങ്ങനെ സ്വാധീനിക്കപ്പെട്ടു എന്നെല്ലാം ആഴത്തിൽ തന്നെ പരിശോധിക്കുമെന്നും എംഎൽഎ രാജൻ വ്യക്തമാക്കി.

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ ഇപ്പോൾ അഭിപ്രായം പറയാൻ ഞങ്ങൾ തയ്യാറല്ല. കേരളത്തിൽ വോട്ട് ചെയ്ത ജനങ്ങൾ ചിന്തിക്കും. ഇതാണോ കേരളത്തിൽ 102 സീറ്റ് നേടി കൊടുക്കുമ്പോൾ തങ്ങൾ ആഗ്രഹിച്ചത് എന്ന് ജനങ്ങൾ തന്നെ ചിന്തിക്കുന്ന സമയം വരും. ഞങ്ങൾ ഇപ്പോൾ ക്രിയത്മകമായി പ്രതിപക്ഷമാണ്. വളരെ ശക്തമായി തന്നെ നിരീക്ഷിക്കുകയാണ്. ഇത് എങ്ങോട്ട് പോകുമെന്ന് നോക്കാമെന്നും രാജൻ പറഞ്ഞു.

അതേസമയം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എംഎൽഎ രാജനെ ചുവന്ന ഷാൾ അണിയിക്കുന്ന ഫോട്ടോയെ കുറിച്ചുള്ള പരാമർശത്തിൽ ഇത്രയും ബാലിശമായി ചിന്തിക്കുന്നവരാരാണെന്ന് മനസിലാവുന്നില്ലെന്ന് കെ രാജൻ പറഞ്ഞു.

പാണഞ്ചേരി പഞ്ചായത്തിലും പുത്തൂർ പഞ്ചായത്തിലും കഴിഞ്ഞ വർഷങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിക്കാണ് പ്രസിഡൻ്റ് പഥം അലങ്കരിക്കാൻ കഴിയുന്ന അംഗീകാരം കിട്ടിയത്. അവരുടെ രണ്ട് പേരുടെയും സത്യപ്രതിജ്ഞക്ക് താൻ പോയിരുന്നു. ഇനിയും ഇത്തരം ബാലിശമായിടുള്ള സംസാരം ഉണ്ടാവുമ്പോൾ ഒരു കാരണവശാലും മധ്യമപ്രവർത്തകർ അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും രാജൻ പറഞ്ഞു.

ജനങ്ങൾ അവരുടെ ഭാഗം തീരുമാനിച്ച് തെരഞ്ഞെടുക്കുന്നവരാണ് ജനപ്രതിനിധികളാവുന്നത്. അവർ വോട്ട് ചെയ്യുന്ന ആളുകൾ മുഖ്യമന്ത്രിയാവും. കേരളത്തിൽ ഒരു മുഖ്യമന്ത്രി വന്നാൽ അവരെ അഭിനന്ദിക്കാൻ പ്രതിപക്ഷ നേതാവും ഞങ്ങൾ കക്ഷി നേതാക്കൻമാരും പോവും. അതിനർത്ഥം ആ മുഖ്യമന്ത്രിക്ക് ഞങ്ങൾ പിന്തുണ നൽകുന്നു എന്നല്ല.

മറിച്ച് കേരളത്തിൻ്റെ ജനവിധിയെ തങ്ങൾ അംഗീകരിക്കുമ്പോൾ ആരെയാണോ കോൺഗ്രസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി ഞങ്ങൾ അംഗീകരിക്കും. അത് ജനാധിപത്യത്തിൻ്റെ മര്യാദയാണന്നും രാജൻ പറഞ്ഞു.

ജനാധിപത്യ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് വന്ന ചില എംഎൽഎമാരെ ഇവിടേക്ക് കയറ്റേണ്ട എന്ന് പറയാൻ പറ്റുമോ?, അവരെ സ്വീകരിക്കേണ്ട എന്ന് പറയാൻ പറ്റുമോ?, അവരോട് സംസാരിക്കേണ്ട എന്ന് പറയാൻ പറ്റുമോ?, അത് എല്ലാം വളരെ ബാലിശമായ കാര്യങ്ങളാണ്.

താൻ എംഎൽഎ ആവുന്നത് വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായിരുന്നു. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ ഒല്ലുരിൻ്റെ എംഎൽഎയാണ്. ഒല്ലുരിൻ്റെ ജനങ്ങൾക്ക് എല്ലാവർക്കും വേണ്ടി നിലക്കൊള്ളുന്ന ആളായിരിക്കും താൻ എന്നും എംഎൽഎ രാജൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News