Enter your Email Address to subscribe to our newsletters

Kochi , 08 മെയ് (H.S.)
എറണാകുളം ജംഗ്ഷനിലെയും ടൗണ് റെയില്വേ സ്റ്റേഷനിലെയും 450 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങള് പുരോഗമിക്കുമ്പോഴും, യാത്രക്കാർക്ക് വാഹനങ്ങളിലും കാല്നടയായും സൗകര്യങ്ങള് ഉപയോഗിക്കാൻ കടുത്ത പ്രയാസം നേരിടുന്നുവെന്ന് പരാതി.
വർഷങ്ങളായി ഇവിടെ ജോലികള് തകൃതിയായി നടക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും യാതൊരു ഗുണവും ഇവിടേക്ക് എത്തുന്ന യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
2023-ല് ജോലികള് തുടങ്ങിയ ശേഷം സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നുമില്ലെന്ന് ഇവിടുത്തെ സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതം സുഗമമാക്കാനും കാല്നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള റെയില്വേയുടെ വാഗ്ദാനങ്ങള് പാലിക്കണമെന്നാണ് യാത്രക്കാരുടെ കൂട്ടായ്മകള് ആവശ്യപ്പെടുന്നത്. 2025 ഓഗസ്റ്റോടെ നവീകരണം പൂർത്തിയാക്കാനായിരുന്നു പദ്ധതി എങ്കിലും പിന്നീട് ജോലികള് ഇഴയുകയായിരുന്നു.
മഴക്കാലം വരാനിരിക്കെ, നവീകരിക്കുന്ന സ്റ്റേഷനുകളില് യാത്രക്കാരുടെയും അവരെ അനുഗമിക്കുന്നവരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അടിയന്തര നടപടികള് വേണമെന്ന് 'ഫ്രണ്ട്സ് ഓണ് റെയില്സ്' ജനറല് സെക്രട്ടറിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളും ട്രെയിൻ തിരക്ക് കുറയ്ക്കാനുള്ള നടപടികളും ആവശ്യപ്പെട്ട് സംഘടന ഏറെനാളായി രംഗത്തുണ്ട്.
ഇതിന് പിന്നാലെ ഇരു സ്റ്റേഷനുകളുടെയും പരിസരത്ത് വാഹനങ്ങളുടെ സുഗമമായ ഒഴുക്കും യാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരവും ഉറപ്പാക്കാൻ നടപടികള് എടുക്കുമെന്ന് റെയില്വേ വൃത്തങ്ങള് അറിയിച്ചു. പ്രധാന നിർമാണ ജോലികള് പൂർത്തിയാകുന്നതോടെ ബാരിക്കേഡ് ചെയ്ത സ്ഥലങ്ങള് കുറയ്ക്കുമെന്നും അവർ സൂചിപ്പിച്ചു.
'നവീകരിക്കുന്ന രണ്ട് സ്റ്റേഷൻ കെട്ടിടങ്ങളിലെ പ്രധാനപ്പെട്ട ഘടനാപരമായ ജോലികള് പൂർത്തിയാകുമ്പോള്, ബാരിക്കേഡ് ചെയ്ത സ്ഥലങ്ങള് കുറയ്ക്കും. ഇത് വാഹനങ്ങള്ക്കും കാല്നടയാത്രക്കാർക്കും കൂടുതല് സ്ഥലമൊരുക്കും. വെളിച്ചം വർധിപ്പിക്കുന്നതിനും നടപടികള് സ്വീകരിക്കും' എന്നാണ് റെയില്വേ വൃത്തങ്ങള് അറിയിച്ചിരിക്കുന്നത്.
അതിനിടെ അടുത്തിടെ എറണാകുളം ജംഗ്ഷനിലെ താഴ്ന്ന അഞ്ചാം പ്ലാറ്റ്ഫോമില് വഞ്ചിനാട് എക്സ്പ്രസില് കയറാൻ ശ്രമിക്കവെ ഒരു യുവതി മരിച്ച സംഭവം യാത്രക്കാർ ഇതിനോട് ചേർത്ത് വായിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ ഉയരം കൃത്യമായ നിലവാരത്തിലേക്ക് ഉയർത്തിയിരുന്നെങ്കില് ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് അവർ ആരോപിക്കുന്നത്.
പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെ തറനിരപ്പും തമ്മിലുള്ള ഉയരവ്യത്യാസം കാരണം പ്രായമായ യാത്രക്കാർക്കും മറ്റുള്ളവർക്കും സഹയാത്രികരുടെ സഹായം തേടേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടാതെ, എറണാകുളം ജംഗ്ഷനിലെ ആറ് പ്ലാറ്റ്ഫോമുകളില് രണ്ടെണ്ണത്തിന് മാത്രമേ 22 കോച്ചുകളുള്ള ട്രെയിനുകള്ക്ക് നീളം മതിയാകൂ.
ഈ വിഷയത്തില് പ്രതികരിച്ച അധികൃതർ അറിയിച്ചത്, രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്ന ജോലികള് പൂർത്തിയാകുന്ന മുറയ്ക്ക്, അഞ്ചാം പ്ലാറ്റ്ഫോമിന്റെ ഉയരം നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ്. ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കില് ഇനിയും സമാനമായ അപകടങ്ങള്ക്ക് സ്റ്റേഷൻ സാക്ഷിയാവും എന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR