ആലപ്പുഴയില് നിന്നൊരു മുഖ്യമന്ത്രി വന്നാല് സന്തോഷമെന്ന് വെള്ളാപ്പള്ളി; ലക്ഷ്യം ചെന്നിത്തലയോ കെസിയോ?
Alappuzha, 08 മെയ് (H.S.) കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില് ഇതുവരെ ധാരണയില് എത്താത്ത വേളയില് വീണ്ടും ഇക്കാര്യത്തില് നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പൂച്ചയ്ക്ക് പൊന്നൊരുക്കുന്ന ഇടത്ത് കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ള
Vellapalli nadeshan


Alappuzha, 08 മെയ് (H.S.)

കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില് ഇതുവരെ ധാരണയില് എത്താത്ത വേളയില് വീണ്ടും ഇക്കാര്യത്തില് നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ രംഗത്ത്.

പൂച്ചയ്ക്ക് പൊന്നൊരുക്കുന്ന ഇടത്ത് കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായപ്രകടനം. ആലപ്പുഴയില് നിന്ന് ഒരു മുഖ്യമന്ത്രി വന്നാല് വളരെ സന്തോഷമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആലപ്പുഴയില് നിന്ന് മുഖ്യമന്ത്രി വന്നാല് കേരളത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരും യോഗ്യരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. മുഖ്യമന്ത്രി കാര്യത്തില് ആരെന്ന തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്ഗ്രസിനോട് അയവ് കാട്ടിയ വെള്ളാപ്പള്ളി പക്ഷേ ലീഗിനെ ഇന്നും കടുത്ത രീതിയില് വിമർശിച്ചു. മുഖ്യമന്ത്രി തർക്കത്തില് ലീഗ് പരസ്യ നിലപാട് പറഞ്ഞത് ശരിയായില്ലെന്നും ലീഗിന്റെ നിലപാടാണ് കാര്യങ്ങള് ബിജെപിയിലേക്ക് പോകാൻ കാരണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയത്. ലീഗിന്റെ നിലപാട് ശരിയല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിനിടെ വെള്ളാപ്പള്ളി പറഞ്ഞ ആലപ്പുഴക്കാരൻ ആരെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്.

രമേശ് ചെന്നിത്തലയോ കെസി വേണുഗോപാലോ?

മുഖ്യമന്ത്രിയായി ആലപ്പുഴക്കാരൻ വന്നാല് സന്തോഷമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ് എന്ന ചോദ്യമാണ് ഇപ്പോള് പ്രധാനമായും ഉയരുന്നത്. രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില് നിന്നാണ് നിയമസഭയില് എത്തിയത്. അദ്ദേഹം ആലപ്പുഴയില് നിന്നുള്ള നേതാവുമാണ്. സീനിയോറിറ്റി ഉള്പ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യൻ താനാണെന്ന് രമേശ് ചെന്നിത്തല പാർട്ടി ഫോറത്തില് അറിയിക്കുകയും ചെയ്തിരുന്നു.

മറുവശത്ത് ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് കെസി വേണുഗോപാല് ആലപ്പുഴക്കാരൻ ആണെന്ന് പറയാം. പയ്യന്നൂരിലാണ് ജനിച്ചതെങ്കിലും കെസിയുടെ കേരളത്തിലെ രാഷ്ട്രീയ തട്ടകം എക്കാലവും ആലപ്പുഴയായിരുന്നു. നിലവില് ആലപ്പുഴയില് നിന്നുള്ള ലോക്സഭാ എംപി കൂടിയാണ് അദ്ദേഹം. മാത്രമല്ല വെള്ളാപ്പള്ളിയെ സംബന്ധിച്ച് കെസി വേണുഗോപാലുമായി മറ്റ് ഭിന്നതകള് ഒന്നുമില്ല താനും.

ഒരിക്കല് കൂടി ലക്ഷ്യം വിഡി സതീശനോ?

ആലപ്പുഴയില് നിന്നുള്ള മുഖ്യമന്ത്രി വന്നാല് സന്തോഷം എന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പരോക്ഷമായി വിഡി സതീശനോടുള്ള എതിർപ്പാണോ പ്രകടമാക്കിയത് എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം നേരത്തെ തന്നെ വെള്ളാപ്പള്ളി നടേശൻ വിഡി സതീശനോടുള്ള എതിർപ്പ് പലപ്പോഴും പ്രകടമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News