Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 മെയ് (H.S.)
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സതീശനെ പരോക്ഷമായി പിന്തുണച്ച് കെ മുരളീധരന്‍. അധ്വാനിക്കുന്നവര്‍ക്ക് കൂലി കിട്ടണം എന്നാണ് തന്റെ അഭിപ്രായമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മുരളീധരന്‍. ഫ്ളക്സുകള്‍ അല്ല നേതാക്കളെ തിരഞ്ഞെടുക്കുന്നത്, അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. അത് പൂര്‍ത്തിയാക്കി ഉചിതമായ തീരുമാനമെടുക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
'നേരത്തെ, കരുണാകരന്റെ കാലത്തോ ആന്റണിയുടെ കാലത്തോ ഉമ്മന്‍ചാണ്ടിയുടെ കാലത്തോ ഇങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷേ തലമുറമാറ്റം ഉണ്ടാകുമ്പോള്‍ വരുന്ന ചില ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുണ്ടാവുന്നത്. അത് പെട്ടെന്ന് പരിഹരിക്കും.' അദ്ദേഹം പറഞ്ഞു.
'എല്ലാവര്‍ക്കും ചില നേതാക്കളോടൊക്കെ താല്‍പര്യമുണ്ടാവും. എന്നാല്‍ അവര്‍ മറ്റു നേതാക്കളെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. എന്റെ അഭിപ്രായം ഞാന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളും മറ്റും എല്ലാം ഞാനും കാണുന്നുണ്ട്. അതൊന്നും നേതാക്കള്‍ അറിഞ്ഞുകൊണ്ടല്ല. ഓരോരുത്തരും അവരുടെ താല്‍പര്യം പ്രകടിപ്പിക്കുന്നതാണ്.' മുരളീധരന്‍ പറഞ്ഞു.
'കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപിയില്‍ പോകുമായിരുന്നു എന്ന പത്മജയുടെ പരാമര്‍ശം ഏറെ വിഷമിപ്പിച്ചിരുന്നു. ഒരിക്കലും അദ്ദേഹം ബിജെപിയില്‍ പോവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും ഇന്ദിരയുടെ പേര് പറഞ്ഞാണ് പോയത്.' മുരളീധരന്‍ ഓര്‍മിപ്പിച്ചു.
'കെ. മുരളീധരന്‍ ബിജെപിയില്‍ പോകുമെന്നാണ് എനിക്കെതിരെ എപ്പോഴും ഉയര്‍ന്നുവരുന്ന ആക്ഷേപം. അതൊന്നും ഏല്‍ക്കാത്ത ആക്ഷേപമാണ്. കോണ്‍ഗ്രസ് വിട്ടാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുക എന്നതാണ് എന്റെ നിലപാട്.' മുരളീധരന്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S