'മകന് കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള് ഓര്ക്കണമായിരുന്നു'; പ്രതിഭക്ക് മറുപടിയുമായി വെള്ളാപ്പള്ളി
Alappuzha, 08 മെയ് (H.S.) ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം താനാണെന്ന യു. പ്രതിഭയുടെ ആരോപണത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നു
Vellapaly Natesan


Alappuzha, 08 മെയ് (H.S.)

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം താനാണെന്ന യു. പ്രതിഭയുടെ ആരോപണത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍. മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ തണലില്‍ ഇത്തരം പ്രതിസ്ഥാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോള്‍ വോട്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി തന്റെ പ്രതിഷേധം അറിയിച്ചു. മുസ്ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കുഴല്‍നാടന്റെ ചിത്രം ഫ്‌ലക്‌സില്‍ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ ഇനി എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണെന്നും, ലീഗിനെ പ്രീണിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഇവര്‍ക്ക് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറയുന്നവരെ വേട്ടയാടുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയുടെ പ്രസ്താവനകളാണെന്ന സിപിഐയുടെ ആരോപണങ്ങളെ അദ്ദേഹം പുച്ഛിച്ചു തള്ളി. സിപിഐയുടെ തന്നെ നേതൃത്വത്തിന്റെ പരാജയവും നയങ്ങളിലെ പാളിച്ചകളുമാണ് അവര്‍ക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണത്തില്‍ ഇരുന്നുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചവരാണ് സിപിഐ എന്നും അവര്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും കൂടെ നിന്ന് ചവിട്ടുന്ന രീതിയുമാണ് ഭരണത്തുടര്‍ച്ച നഷ്ടപ്പെടാന്‍ കാരണമായതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായി തുടരുമ്പോള്‍, ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന് ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ തനിക്ക് പ്രത്യേക പങ്കില്ലെന്നും പാര്‍ട്ടിയിലെ അഭിപ്രായ സര്‍വേകള്‍ക്കും ഘടകകക്ഷികളുടെ നിലപാടുകള്‍ക്കും ശേഷം ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ജനാധിപത്യപരമായി അംഗീകരിക്കുമെന്നും പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മൂന്ന് നേതാക്കളും ഒരുപോലെ യോഗ്യരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും, ഒരു ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പദം തന്റെ ജില്ലയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണെന്നും അത് ജില്ലയ്ക്കും കേരളത്തിനും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News