Enter your Email Address to subscribe to our newsletters

Kozhikode, 08 മെയ് (H.S.)
കോഴിക്കോട്: രാജ്യത്തെ സുപ്രധാന സർക്കാർ ഓഫീസുകളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശത്തെത്തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും വ്യാപക പരിശോധന. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള പ്രധാന ഓഫീസുകളും ജില്ലാ പഞ്ചായത്ത് കെട്ടിടവും ഉൾപ്പെടുന്ന വിശാലമായ ക്യാമ്പസിൽ അതീവ ജാഗ്രതയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
180 ഓഫിസുകൾ; അഞ്ച് ബ്ലോക്കുകൾ
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണനിർവ്വഹണ കേന്ദ്രമായ സിവിൽ സ്റ്റേഷനിലെ അഞ്ച് ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന 180 ഓളം ഓഫിസുകളിലാണ് പരിശോധന നടന്നത്. ഇതിനുപുറമെ കലക്ടറേറ്റ് പ്രധാന കെട്ടിടം, ജില്ലാ പഞ്ചായത്ത് ഭവൻ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിലും, സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ മുൻകരുതൽ നടപടി.
പരിശോധനയുടെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരത്തെ ഓരോ മുക്കും മൂലയും സ്ക്വാഡുകൾ പരിശോധിച്ചു. ജീവനക്കാരുടെ കാബിനുകൾ, ഫയൽ സൂക്ഷിക്കുന്ന ഇടങ്ങൾ, പാർക്കിംഗ് ഏരിയകൾ, ശൗചാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടന്നു.
പാർക്കിംഗ് വലിയ സുരക്ഷാ ഭീഷണി
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ അനിയന്ത്രിതമായ വാഹന പാർക്കിംഗ് വലിയ സുരക്ഷാ വെല്ലുവിളിയാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കലക്ടറേറ്റ് പ്രധാന കവാടത്തിന് മുന്നിൽ പോലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പരിശോധനയെ തടസ്സപ്പെടുത്തി. പുറത്തുനിന്നുള്ള വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവേശിക്കുന്നതും പാർക്ക് ചെയ്യുന്നതും ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നേരത്തെ കലക്ടറേറ്റിന് മുന്നിലുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് മൂന്ന് മാസം മുൻപ് പിൻവലിച്ചതിനെതിരെയും ആക്ഷേപമുയർന്നു. അതീവ സുക്ഷാ മേഖലയായി ഇന്റലിജൻസ് പ്രഖ്യാപിച്ച ഇടത്തിൽ സുരക്ഷാ ജീവനക്കാരുടെ കുറവ് പരിശോധനയിൽ പ്രകടമായിരുന്നു.
പൊതുജനങ്ങൾക്കും നിയന്ത്രണം
പരിശോധനയുടെ പശ്ചാത്തലത്തിൽ സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാഗുകളും മറ്റ് വസ്തുക്കളും കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സിവിൽ സ്റ്റേഷനിലെ അഞ്ച് ഗേറ്റുകളിലും സുരക്ഷ ശക്തമാക്കാനും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റ് പ്രധാന സർക്കാർ കേന്ദ്രങ്ങളിൽ സമാനമായ രീതിയിലുള്ള സുരക്ഷാ ഓഡിറ്റുകൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടായ ഈ പരിശോധന സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ചെറിയ തോതിലുള്ള പരിഭ്രാന്തി പരത്തിയെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ സ്റ്റേഷനിൽ സ്ഥിരമായ ഒരു സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പോലീസിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K