Enter your Email Address to subscribe to our newsletters

Kannur, 08 മെയ് (H.S.)
കണ്ണൂരിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി അണികളുടെ പരസ്യമായ പ്രതിഷേധം പുകയുന്നു. ഔദ്യോഗിക വിലക്ക് മറികടന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാർട്ടിയിലെ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അതൃപ്തിയാണ് ഇപ്പോൾ തെരുവുകളിലേക്ക് പടരുന്നത്.
പി. ജയരാജനും എം. സ്വരാജിനും വേണ്ടിയുള്ള മുറവിളി
കണ്ണൂരിലെ പാർട്ടിയുടെ കരുത്തനായ നേതാവ് പി. ജയരാജനെയും യുവനേതാവ് എം. സ്വരാജിനെയും പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാണ് അണികളുടെ പ്രധാന ആവശ്യം. നയിക്കാൻ പി.ജെ വരണം, സിദ്ധാന്തം പറയുന്നവരല്ല, പോരാടുന്നവരാണ് നേതൃത്വത്തിൽ വേണ്ടത് എന്നിങ്ങനെയുള്ള വാചകങ്ങളാണ് ഫ്ലക്സുകളിൽ പ്രധാനമായും ഉള്ളത്. പി. ജയരാജനെ തഴയുന്നതിലുള്ള അമർഷം സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ സജീവമായിരുന്നുവെങ്കിലും, ഇപ്പോൾ അത് ഫ്ലക്സ് ബോർഡുകളായി നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്നത് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ആശയമല്ല ആമാശയം; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
പാർട്ടിയുടെ നിലവിലെ പോക്കിനെതിരെ അത്യന്തം ഗൗരവകരമായ വിമർശനങ്ങളാണ് അണികൾ ഉയർത്തുന്നത്. പാർട്ടിയെ ആശയത്തിനപ്പുറം 'ആമാശയ മാർഗമാക്കി' മാറ്റുന്നവരാണ് ഇപ്പോൾ നേതൃത്വത്തിൽ ഇരിക്കുന്നതെന്നാണ് ഫ്ലക്സുകളിലെ പ്രധാന ആരോപണം.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവരല്ല, മറിച്ച് അധികാരം ഉപയോഗിച്ച് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ് പാർട്ടിയെ നയിക്കുന്നത്. ഇത്തരക്കാർ നേതൃത്വത്തിൽ ഇരിക്കുന്നത് കൊണ്ടാണ് സാധാരണക്കാരായ അണികൾ പാർട്ടിയിൽ നിന്ന് അകലുന്നത്. - ഫ്ലക്സുകളിൽ കുറിച്ചിരിക്കുന്നു.
പഴയകാല വിപ്ലവ പാരമ്പര്യം കൈവിട്ട് കോർപ്പറേറ്റ് ശൈലിയിലേക്ക് പാർട്ടി നീങ്ങുന്നു എന്ന ആക്ഷേപം സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിൽ തന്നെ ഉയരുന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ആരോപണങ്ങൾ തള്ളി ഇ.പി. ജയരാജൻ
എന്നാൽ, ഈ ഫ്ലക്സ് ബോർഡുകൾക്ക് പിന്നിൽ പാർട്ടി പ്രവർത്തകരല്ലെന്നും മറിച്ച് പാർട്ടി ശത്രുക്കളാണെന്നുമാണ് എൽ.ഡി.എഫ് മുൻ കൺവീനറും മുതിർന്ന നേതാവുമായ ഇ.പി. ജയരാജന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്ക് വ്യക്തമായ സംഘടനാ രീതികളുണ്ടെന്നും, പുറത്തുനിന്നുള്ള ഇത്തരം ബോർഡുകൾക്ക് പാർട്ടി പ്രവർത്തകർ വില നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.
പുകയുന്ന കണ്ണൂർ രാഷ്ട്രീയം
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച പി. ജയരാജനെതിരെ തിരുവനന്തപുരം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ വ്യാപകമായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ, തലശ്ശേരി തുടങ്ങിയ മേഖലകളിൽ ഇത്തരം ബോർഡുകൾ പാർട്ടി പ്രവർത്തകർ തന്നെ നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ, കണ്ണൂരിലെ ഈ 'ഫ്ലക്സ് യുദ്ധം' നേതൃത്വത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Roshith K