Enter your Email Address to subscribe to our newsletters

Kolkkatha, 08 മെയ് (H.S.)
പശ്ചിമ ബമഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂല് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ബാരക്പൂരില്‍ നിന്നുള്ള തൃണമൂല്‍ മുന്‍ എംഎല്‍എയും പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാവും സംവിധായകനുമായ രാജ് ചക്രവര്‍ത്തി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണപരമായ സമ്മര്‍ദ്ദങ്ങളും അഴിമതി ആരോപണങ്ങളും കാരണം പല പ്രമുഖരും പാര്‍ട്ടി വിടുകകൂടി ചെയ്യുന്നതോടെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ടിഎംസി ഇപ്പോള്‍ കടന്നുപോകുന്നത്. മമതാ ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും നേതൃത്വങ്ങള്‍ക്കിടയില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നു എന്ന ഗുരുതരമായ ആരോപണം മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നുണ്ട്.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ അമിതമായ ഇടപെടലുകളുമാണ് തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ് ചക്രവര്‍ത്തി താന്‍ രാഷ്ട്രീയം വിടുകയാണെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായി നേതൃനിരയിലുള്ളവരുടെ അഹങ്കാരത്തെയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമായി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ബന്ധത്തെയും കുറ്റപ്പെടുത്തി മുന്‍ മന്ത്രിമാരും ടിഎംസി ഭാരവാഹികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചക്രവര്‍ത്തിയുടെ ഈ പ്രസ്താവന.
'എന്റെ രാഷ്ട്രീയ ജീവിതം 2021-ലാണ് ആരംഭിച്ചത്. ജനങ്ങള്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക്, അതേ വീര്യത്തോടെ എംഎല്‍എ എന്ന നിലയിലുള്ള എന്റെ ചുമതലകള്‍ നിറവേറ്റാന്‍ ഞാന്‍ ശ്രമിച്ചു. ആ അധ്യായം 2026-ല്‍ അവസാനിച്ചു. അതിനോടൊപ്പം എന്റെ രാഷ്ട്രീയ ജീവിതത്തിലെ യാത്രയും അവസാനിച്ചു.' എന്നാണ് ചക്രവര്‍ത്തി സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
ജനവിധി അംഗീകരിക്കുന്നതായുള്ള നടനും എംപിയുമായ ദേവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചക്രവര്‍ത്തിയും തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച ദേവ്, ബംഗാളിലെ സിനിമാ വ്യവസായത്തിനുള്ളിലെ ഐക്യം നിലനിര്‍ത്താനും കലാപരമായ സ്വാതന്ത്ര്യം ഉറപ്പാക്കാനും വരാനിരിക്കുന്ന ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട കൂച്ച് ബിഹാറിലെ മുതിര്‍ന്ന ടിഎംസി ഭാരവാഹിയും മുന്‍ മന്ത്രിയുമായ രബീന്ദ്രനാഥ് ഘോഷും കടുത്ത ആരോപണങ്ങളുമായി മുന്നോട്ടുവന്നു. 'സംസ്ഥാന തലത്തില്‍ പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി പിളര്‍ന്നതായി എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വശത്ത് ദീദിയും (മമത ബാനര്‍ജി) മറു വശത്ത് അഭിഷേകും (അഭിഷേക് ബാനര്‍ജി). തന്റെ തീരുമാനങ്ങള്‍ ശരിവെക്കാന്‍ അഭിഷേക് ദീദിയെ സമ്മര്‍ദ്ദത്തില്‍ ആക്കാറുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ ഫലമായി ദീദിക്ക് സ്വാഭാവികമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.' അദ്ദേഹം ആരോപിച്ചു.
2021-ല്‍ വിജയിച്ച് ഷിബ്പുരിനെ പ്രതിനിധീകരിച്ചെങ്കിലും 2026-ല്‍ സീറ്റ് നിഷേധിക്കപ്പെട്ട മനോജ് തിവാരിയും ടിഎംസി നേതൃത്വത്തിനും മുന്‍ കായിക മന്ത്രി അരൂപ് ബിശ്വാസിനുമെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ വിഭാഗീയ രാഷ്ട്രീയവും അരക്ഷിതാവസ്ഥയും കാരണം ഹൗറയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വം തടയപ്പെട്ടുവെന്ന് തിവാരി ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S