Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 മെയ് (H.S.)
പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. 'ആദം നീ എവിടെയാകുന്നു' എന്ന് പേരിട്ടിട്ടുള്ള പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിട്ടുള്ളത്. നിലവിലെ തിരക്കുകളിൽ നിന്നും വിഡി സതീശൻ ഒഴിവാകുന്ന മുറയ്ക്കാവും പ്രകാശന കർമ്മം നടക്കുക. നാളെ മുതൽ പുസ്തകം സ്റ്റാളുകളിൽ എത്തുമെന്ന് ഡി സി ബുക്ക്സ് അറിയിച്ചു.
22അധ്യായങ്ങളിലായാണ് വിവിധ ഇടങ്ങളിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിലായിരുന്നതിനാൽ തന്നെ ബൈബിൾ വായന തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ കാലം മുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്ന് 'എന്തുകൊണ്ട് ഈ പുസ്തകം' എന്ന ആമുഖ കുറിപ്പിൽ വി ഡി സതീശൻ വ്യക്തമാക്കു ന്നുണ്ട്. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനും അതിലെ സാരാംശങ്ങൾ ഉൾകൊള്ളാനും താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയെന്നും അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ, ചിന്തകൾ, ലോകക്രമ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
പ്രതിപക്ഷനേതാവായി ചുമതലയേറ്റ ശേഷം ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ പ്രസിദ്ധമായ കുമ്പനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച കാര്യവും അദ്ദേഹം ഇതിൽ പറയുന്നുണ്ട്. അൽപ്പം അങ്കലാപ്പോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും വിശ്വാസികൾ തിങ്ങിനിറഞ്ഞ പന്തലിൽ നിന്നുകൊണ്ട് എങ്ങനെ ദൈവ വചനം പറയുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2023 ജനുവരി 18 വൈകുന്നേരമാണ് കൺവെൻഷനിൽ പ്രസംഗിച്ചത്. 'നിന്റെ രാജ്യം വരേണമേ' എന്നായിരുന്നു ആ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം. ദൈവരാജ്യ സങ്കൽപ്പത്തെക്കുറിച്ച് ക്രിസ്തുവിന്റെ ദർശനങ്ങൾ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി താൻ കരുതുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
കുമ്പനാട് കൺവെൻഷന് ശേഷം സഭാ വ്യത്യാസമില്ലാതെ നിരവധി ഇടങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് പറയാൻ തനിക്ക് അവസരം ലഭിച്ചു. ദെവശാസ്ത്രത്തെക്കുറിച്ച് ഉന്നതമായ അറിവും ദർശനവുമുള്ള സഭാ പിതാക്കന്മാർക്കൊപ്പം അവസരം ലഭിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും സതീശൻ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സഭകളുടെ ഏതാണ്ട് 250ഓളം യോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചിട്ടു ള്ളത്. മാർത്തോമ്മസ ഭയുടെ 17-ാമത്തെ മെത്രാപ്പൊലീത്തയായിരുന്ന ഏബ്രഹാം മാർത്തോമയുടെ 111-ാം വാർഷിക ദിനത്തിൽ (2022- ഏപ്രിൽ 30) തിരുവല്ലയിൽ നടന്ന ചടങ്ങിലെ പ്രസംഗം ഏറെ ശ്രദ്ധേയമായി. നിയുക്ത കർദിനാൾ ആർച്ച് ബിഷച്ച് മാർ ജോർജ് ജേക്കബ് കൂവക്കാടിന് അദ്ദേഹത്തിൻ്റെ മാതൃ ഇടവക
നൽകിയ സ്വീകരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് - ആദം നീ എവിടെയാകുന്നു എന്ന പ്രസംഗം വൈറലായിരുന്നു. ക്രിസ്ത്യൻ ഭക്തി ചാനലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസംഗമായിരുന്നു ചങ്ങനാശ്ശേരിയിലേത്.
ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷങ്ങളായി ലോകത്തെഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സതീശൻ ആമുഖ കുറിപ്പിൽ പറഞ്ഞുവെയ്ക്കുന്നു. ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും നിങ്ങൾ പ്രത്യാശ ഉള്ളവരായിരിക്കുക, കാരണം 'നിങ്ങൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ്' എന്ന സത്യമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സതീശൻ അന്നും ഇന്നും എന്നും ഒരു ഉറച്ച വിശ്വാസിയാണ്. വിശ്വാ സത്തെ അലങ്കാരമായോ ആഡംബരമായോ കൊണ്ടുനടക്കുന്ന ഒരാളുമല്ല. നമുക്കെല്ലാം മുകളിൽ സർവ്വതിനെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പരമപരാശക്തിയുണ്ടെന്നത് അദ്ദേഹത്തെ അറിയുന്ന കാലം മുതൽ എനിക്കു മനസ്സിലായ അദ്ദേഹത്തിന്റെ വിശ്വാസപരമായ ഒരു അസന്നിഗ്ദ്ധ നിലപാടുമാണ്. പക്ഷേ പ്രതിപക്ഷ നേതാവിനെ മറ്റു പല നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത തന്റെ വിശ്വാസത്തെയോ ഭക്തിയേയോ അദ്ദേഹം പ്രകടനപരമായ ഒരു ആഘോഷ മാക്കാറില്ല എന്നതുമാണ് സതീശൻ ഒരു മതവാദിയോ സമുദായവാദിയോ ആണെന്നൊരാക്ഷേപവും ഇന്നേവരെ അദ്ദേഹത്തിന്റെ എതിർപക്ഷ വിമർശകർ പോലും അദ്ദേഹത്തിനെതിരെ ഉയർത്തിയിട്ടുമില്ല. മതാചാര്യന്മാ രോടും ആത്മീയമേലധ്യക്ഷന്മാരോടും തികഞ്ഞ ആദരവുമാണ്. അവരുടെ ഒരു വാത്സല്യഭാജനവുമാണദ്ദേഹം. പക്ഷേ സമുദായ നേതാക്കളോടു ചെറിയൊരകലം പാലിക്കുന്നുവെന്ന പരാതി പലരും പറഞ്ഞുകേട്ടിട്ടുമുണ്ട്. ഗാന്ധിജി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ ഇഷ്ട രാഷ്ട്രീയ ദൈവം' എന്നതിൽ തർക്കവുമില്ല. ഗാന്ധിയും ഖാദിയും സതീശന്റെ ബലവുമാണ്, ബലഹീനതയുമാണ് എന്നു പറയുന്നതാവും ഒരു പക്ഷെ കൂടുതൽ യുക്തിഭദ്രമാവുക എന്നാണ് ഡോ സിറിയക് തോമസ് ആമുഖത്തിൽ എഴുതിയിരിക്കുന്നത്.വി ഡി സതീശന് സഭകളുടെ വേദികളിൽ കിട്ടുന്ന സ്വീകാര്യത നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
.
---------------
Hindusthan Samachar / Sreejith S