Enter your Email Address to subscribe to our newsletters

Thiruvananthapuram , 09 മെയ് (H.S.)
കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാറില് നടന്ന ദാരുണമായ വാഹനാപകടത്തില് പരിക്കേറ്റവർക്ക് രക്ഷകനായി മാറിയത് ബിജെപിയുടെ യുവ നേതാവ് സന്ദീപ് വാചസ്പതിയാണ്.
അപകടസ്ഥലത്ത് രക്തത്തില് കുളിച്ചു കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ കണ്ടുനിന്നവർ മടിച്ചുനിന്നപ്പോള്, സന്ദീപ് വാചസ്പതി തന്റെ സ്വന്തം വാഹനത്തില് തന്നെ അവരെ ആശുപത്രിയിലെത്തിക്കാൻ ധീരമായി മുന്നിട്ടിറങ്ങുകയായിരുന്നു. അപകടം എന്ന വെറും 'കാഴ്ച' കാണാൻ വാഹനം ഓഫാക്കി ഉടമകള് പോയതിനാല് വലിയ ട്രാഫിക്ക് ബ്ലോക്ക് റോഡില് രൂപപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതി എഴുതിയ കുറിപ്പ് റോഡിലേക്ക് ഇറങ്ങുന്ന ഓരോ മലയാളിയും വായിച്ചിരിക്കണം….
അപകട സ്ഥലങ്ങള് കാഴ്ചബംഗ്ലാവുകളല്ല എന്ന് എന്നാണ് നാം തിരിച്ചറിയുക? ഇന്നലെ കവടിയാർ കുറവൻകോണം റോഡില് ഉണ്ടായ ഭീകരമായ വാഹനാപകട സ്ഥലത്തും ഓടിക്കൂടിയ പലരും ഏതോ കൗതുക കാഴ്ച കാണുന്ന തരത്തിലാണ് പ്രതികരിച്ചത് എന്ന് ഖേദത്തോടെ പറയട്ടെ. നിയന്ത്രണം വിട്ട കാർ എട്ടോളം ആള്ക്കാരെയും രണ്ട് ബൈക്കുകളും ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു കാറില് ഇടിച്ചു നിന്ന സ്ഥലത്ത് പുലർത്തേണ്ട ജാഗ്രതയോ ധീരതയോ ഒന്നും പലർക്കും ഉണ്ടായില്ല. ഒരു പക്ഷെ അത് എല്ലാവർക്കും ഉണ്ടാവണമെന്നും നിർബന്ധമില്ല. എങ്കിലും നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാളുടെ ജീവൻ അപകടത്തില് ആകരുത് എന്നെങ്കിലും ചിന്തിക്കണം.
സഹായത്തിനായി സമീപിച്ച പലരും മുഖം തിരിച്ച ശേഷമാണ് ആ ചെറുപ്പക്കാരൻ എന്റെ കാറിന്റെ മുന്നിലെത്തിയത്. അപ്പോഴേക്കും അപകടം നടന്ന 15 മിനിറ്റ് കഴിഞ്ഞിരുന്നു. രക്തത്തില് കുളിച്ച് കിടന്ന നൗഷിജയെയും അലി അക്ബറെയും കാറില് കയറ്റാൻ ഞാൻ തയ്യാറായെങ്കിലും വീണ് കിടക്കുന്ന അവരുടെ അടുത്തേക്ക് എനിക്ക് കാർ എത്തിക്കാൻ ആയില്ല. കാരണം എന്റെ മുന്നില് ഉള്ള കാറുകള് ഓഫാക്കി ഉടമസ്ഥർ 'കാഴ്ച' കാണാൻ പോയിരുന്നു. അവരെ കണ്ടെത്തി കാറുകള് മാറ്റിക്കാൻ വീണ്ടുമൊരു 5 മിനിറ്റ് വേണ്ടി വന്നു. ഒടുവില് ട്രാഫിക് ബ്ലോക്കില് കൂടി കാർ തിരിക്കാനും സമയം കുറെയെടുത്തു.
എസ് യു ടി ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തില് പറക്കുകയായിരുന്നു. നിർത്താതെയുള്ള ഹോണ് കേട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങള് ഒതുക്കി തരാൻ എല്ലാവരും തയ്യാറായി എന്നതാണ് ആകെയുള്ള ആശ്വാസം. വണ്വേ ട്രാഫിക് ഒക്കെ തെറ്റിച്ചാണ് ആശുപത്രിയില് എത്തിയത്. കൂടെയുണ്ടായിരുന്ന അനുജൻ പ്രതീഷിനെക്കൊണ്ട് അപ്പോഴേക്കും ആശുപത്രിയില് വിളിപ്പിച്ച് മുന്നറിയിപ്പ് നല്കാനും കഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും നൗഷിജയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ അലി അക്ബർക്ക് അത് സഹായകമായി. എങ്കിലും അല്പം നേരത്തെ എത്തിച്ചിരുന്നെങ്കില് എന്ന വിഷമം ബാക്കി
……….
(ഈ സംഭവം എല്ലാം നടക്കുമ്പോള് അഞ്ച് വയസുകാരി സാവിത്രി മുൻ സീറ്റില് നിശബ്ദമായി ചിറ്റപ്പന്റെ മടിയില് ഇരുന്നിരുന്നു.)
……
ഇന്ന് രാവിലെ കിംസ് ആശുപത്രിയില് എത്തി നൗഷിജയുടെ ഭർത്താവ് ആഷിക്ക് സാനിനെ സന്ദർശിക്കുകയും മെഡിക്കല് കോളേജ് മസ്ജിദില് എത്തി നൗഷിജയ്ക്ക് ആദരാഞ്ജലികള് അർപ്പിക്കുകയും ചെയ്തു.
……….
ഞാൻ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന ധാരണയില് എഴുതിയതല്ല ഇത്. മറിച്ച് അപകട സ്ഥലങ്ങളില് നാം ഓരോരുത്തരും പുലർത്തേണ്ട മര്യാദയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR