Enter your Email Address to subscribe to our newsletters

NEW DELHI, 09 മെയ് (H.S.)
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം നടത്തിയത് എന്‍.എസ്.യു (ഐ) അല്ലെന്ന് സംഘടനയുടെ ദേശിയ അധ്യക്ഷന്‍ വിനോദ് ജാഖര്‍. ജെന്‍ സിയുടെയും, എന്‍.എസ്.യു (ഐ)യുടെയും പേരില്‍ പ്രതിഷേധ സമരം നടത്തിയത് മുസ്ലിം ലീഗും എം.എസ്.എഫും ആണെന്നും വിനോദ് ജാഖര്‍ ആരോപിച്ചു.
രാത്രി പ്രതിഷേധത്തിന് കേരള ഹൗസില്‍ എത്തിയവര്‍ക്ക് യൂബറിന്റെ തുകയും ഭക്ഷണവും വാങ്ങിനല്‍കിയത് ഒരു എംപി ആണെന്ന സംശയവും എന്‍.എസ്.യു (ഐ) നേതൃത്വത്തിന് ഉണ്ട്.
കൃത്യമായ ആസൂത്രണത്തോടെ, മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസില്‍ അരങ്ങേറിയത് എന്നാണ് എന്‍.എസ്.യു (ഐ) നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചിലര്‍ എന്‍.എസ്.യു (ഐ) പ്രവര്‍ത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സ്വീകരണം ആസൂത്രണം ചെയ്തവര്‍ക്ക് മറ്റ് ചില ലക്ഷ്യങ്ങള്‍കൂടി ഉണ്ടായിരുന്നു എന്നാണ് എന്‍.എസ്.യു (ഐ) ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ നിശ്ചയിച്ചതിലും താമസിച്ചാണ് വി.ഡി. സതീശനും സണ്ണി ജോസഫും കേരള ഹൗസില്‍ എത്തിയത്. ദീര്‍ഘനേരം കേരള ഹൗസിന് സമീപത്തുണ്ടായിരുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കിയിരുന്നു എന്നാണ് എന്‍.എസ്.യു (ഐ) നേതാക്കള്‍ പറയുന്നത്.
ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം ഇവര്‍ക്ക് നല്‍കിയത് ഒരു പാര്‍ലമെന്റ് അംഗമാണെന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരില്‍നിന്ന് മനസിലായതായി എന്‍.എസ്.യു (ഐ) നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്താമെന്നാണ് നേതാക്കളുടെ നിലപാട്.
സണ്ണി ജോസഫിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എംഎസ്എഫ്. ജെന്‍-സി കൂട്ടായ്മയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചതെന്നും അതില്‍ മുസ്ലിം ലീഗിനോ എംഎസ്എഫിനോ കെഎംസിസിക്കോ പങ്കില്ലെന്നും ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു. യുഡിഎഫിന്റെ എല്ലാ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരും സ്വീകരണത്തില്‍ പങ്കെടുത്തിട്ടിട്ടുണ്ട്. അവര്‍ ജെന്‍-സി കൂട്ടായ്മയുടെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചതെന്നും മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ നേതാവുകൂടിയായ മുഹമ്മദ് ഹലീം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S