മുഖ്യമന്ത്രി പദവിയിലെ തർക്കത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു.
Thiruvananthapuram , 09 മെയ് (H.S.) മുഖ്യമന്ത്രി പദവിയിലെ തർക്കത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. 2021ഓടെ ശിഥീലീകരിക്കപ്പെട്ട ഗ്രൂപ്പുകൾ പാർട്ടിയിൽ പുതിയ രൂപത്തിൽ വീണ്ടും ഉദയം ചെയ്തേക്കാമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിര
LEADERSHIP CRISIS IN CONGRESS


Thiruvananthapuram , 09 മെയ് (H.S.)

മുഖ്യമന്ത്രി പദവിയിലെ തർക്കത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. 2021ഓടെ ശിഥീലീകരിക്കപ്പെട്ട ഗ്രൂപ്പുകൾ പാർട്ടിയിൽ പുതിയ രൂപത്തിൽ വീണ്ടും ഉദയം ചെയ്തേക്കാമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. ചർച്ചകൾ നീണ്ട് പോകുന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തകരും പാർട്ടി നേതാക്കളും ചേരിതിരിഞ്ഞതോടെയാണ് പാർട്ടിക്കുള്ളിൽ പുതിയ ചേരികൾ രൂപം കൊള്ളാനുള്ള സാധ്യതകൾ ഉരിത്തിരിയുന്നത്.

ഹൈക്കമാന്ഡിന് ദീർഘ വീക്ഷണമില്ല

കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണെന്ന മുൻ കേന്ദ്ര സർവകലാശാല വൈസ് ചാന്സ്ലറും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ജി ഗോപകുമാർ പറഞ്ഞു. പ്രവർത്തകർക്കിടയിൽ ഇപ്പോഴുണ്ടാകുന്ന ചേരിതിരിവ് പുതുതായി വരുന്ന സർക്കാരിനെയും പാർട്ടിയെയും ബാധിക്കും. ഇപ്പോൾ തന്നെ പ്രതിച്ഛായ നഷ്ടം സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയം എന്ന് പറയുന്ന പ്രതിച്ഛായ ഒരു നിർണായക ഘടകമാണ്. അത് നിലനിർത്തണമെന്ന് പാർട്ടി നേതൃത്വത്തിന് തോന്നുന്നില്ല. അല്ലെങ്കിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ മാന്യത കാണിക്കുമായിരുന്നു. പ്രതീക്ഷ നൽകുന്ന സംസ്ക്കാരം കോൺഗ്രസിലില്ല. ഹൈക്കമാന്ഡിന് ദീർഘവീക്ഷണമില്ല, ബുദ്ധിപൂര്വമല്ല പ്രവര്ത്തിക്കുന്നത്. കേരളത്തിൽ സതീശനെ മുൻ നിര്ത്തി പാർട്ടി വളർത്താനുള്ള നല്ല അവസരമായിരുന്നു ഇത്. അദ്ദേഹത്തിന് അവസരം നൽകിയാൽ ചെറുപ്പക്കാരുടെ ഒഴുക്ക് പാർട്ടിയിലേക്ക് ഉണ്ടാകും. അതിന് പകരം രമേശിനോ വേണുഗോപാലിനോ നൽകിയാൽ പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമാവും. മുഖ്യമന്ത്രി സ്ഥാനം വി ഡി സതീശന് ലഭിച്ചില്ലെങ്കിൽ അദ്ദേഹം ക്യാബിനറ്റിൽ കയറാൻ വിസമ്മതിക്കും. കെ സി വേണുഗോപാലാണ് മുഖ്യമന്ത്രി സ്ഥാനത്തെങ്കിൽ പിന്നീട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ കൂടി അത് ബാധിക്കുമെന്നും ഡോ. ഗോപകുമാർ വ്യക്തമാക്കുന്നു.

പാർട്ടിയിൽ അസംതൃപ്തി

നിലവിലെ അവസ്ഥയിൽ ഏതെങ്കിലും ഒരാൾക്കാവും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക. അതിന് ശേഷം മറ്റുള്ളവർ അടങ്ങിയിരിക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും അസംതൃപ്തരായ അണികളും നേതാക്കളും പരസ്പരം ചെളി വാരിയെറിയുന്ന അവസ്ഥയുണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ റോയ് മാത്യു പറഞ്ഞു. ക്യാബിനറ്റ് രൂപീകരിക്കുന്നതിനൊപ്പം പാർട്ടി പദവികളിലും മാറ്റമുണ്ടാവും. ഡിസിസികളിലും കെപിസിസി ഭാരവാഹികളിലും മാറ്റമുണ്ടാകും. 2029ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്നത് കേരളത്തിൽ നിന്നാണ്, 14 സീറ്റാണ് പാർട്ടിക്കുള്ളത്. യുഡിഎഫ്, സിപിഎം കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യ മുന്നണിയുടെ 19 ശതമാനം എംപിമാരും കേരളത്തിൽ നിന്നാണ്. അതിൽ കോൺഗ്രസിനുള്ള നിർണായക പങ്കിൽ കുറവുണ്ടാകും. മെയ് 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. അഞ്ച് ദിവസം കൊണ്ട് കേരളത്തിലെ കോൺഗ്രസിൻ്റെ സാധ്യതകൾ അവർ തന്നെ ഇല്ലാതാക്കി കഴിഞ്ഞു. ഇനി ഗ്രൂപ്പുണ്ടാക്കലും അതിൻ്റെ ശക്തിപ്പെടുത്തലുമാണ് വരാൻ പോകുന്നത്. ഇനി കെ സി വേണുഗോപാലാണ് ഹൈക്കമാന്ഡിൻ്റെ നിർദ്ദേശത്തോടെ മുഖ്യമ്രന്തി സ്ഥാനത്തേക്ക് വരുന്നതെങ്കിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് വരാൻ പോകുന്നത്. ഇതിൻ്റെ ഫലം എന്തായിരിക്കുമെന്ന് പറയുക പ്രയാസകരമായിരിക്കും.

നിലവിൽ 102 പേരുടെ പിന്തുണ ഉണ്ടെങ്കിലും മന്ത്രിസഭയുടെ സ്ഥിരത എത്തരത്തിലായിരിക്കുമെന്ന് പറയാനാവില്ല. 2001ൽ എ കെ ആൻ്റണി 100 സീറ്റുമായാണ് അധികാരത്തിലെത്തിയത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ മന്ത്രിസഭയ്ക്ക് സ്ഥിരത നഷ്ടപ്പെട്ടു. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ആൻ്റണിക്ക് രാജിവെക്കേണ്ടി വന്നു. പാർട്ടിയിൽ പിളർപ്പുണ്ടായി. കെ കരുണാകരൻ 2005ൽ പാർട്ടി വിട്ടു. ദേശീയ തലത്തിൽ ഇന്ത്യാമുന്നണി തകർച്ചയിലാണ്. അങ്ങനെയിരിക്കെയാണ് അധികാരം കിട്ടുന്നുവെന്ന സ്ഥിതിയിലേക്ക് വരുമ്പോൾ തന്നെ ഇവിടെ ഈ അവസ്ഥകൾ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News