കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Thiruvananthapuram , 09 മെയ് (H.S.) കേരളത്തില് ഇന്നും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ കനക്കുക ഇന്ന് ഇവിടങ്ങളില് യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക
Weather update


Thiruvananthapuram , 09 മെയ് (H.S.)

കേരളത്തില് ഇന്നും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ കനക്കുക

ഇന്ന് ഇവിടങ്ങളില് യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റർ മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില് 40-50 കിമി വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം ജൂണോടെ തന്നെ,പക്ഷെ

ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ കാലവർഷം സമയബന്ധിതമായി തന്നെ കേരള തീരത്തെത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജൂണ് ആദ്യവാരത്തോടെ കാലവർഷം കേരളത്തില് പ്രവേശിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി മെയ് 14 മുതല് 20 വരെ ആന്തമാൻ നിക്കോബാർ മേഖലയില് കാലവർഷത്തിന്റെ ആദ്യ ലക്ഷണങ്ങള് പ്രകടമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിലെ കാലവർഷത്തിന്റെ വരവ് രാജ്യത്തെ മുഴുവൻ മഴസീസണിന്റെയും പ്രധാന സൂചനയായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി ജൂണ് ആദ്യവാരത്തില് കേരളത്തിലെത്തുന്ന കാലവർഷം പിന്നീട് ഘട്ടംഘട്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. ജൂലൈയോടെ ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്. രാജ്യത്തിന്റെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനവും ജൂണ് മുതല് സെപ്റ്റംബർ വരെയുള്ള നാല് മാസങ്ങളിലൂടെയാണ് ലഭിക്കുന്നത്.

അതേസമയം എല്നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാരണം 2026ലെ തെക്ക് പടിഞ്ഞാറൻ കാലവർഷം സാധാരണയില് താഴെ ആയേക്കാമെന്നാണ് ആദ്യ ദീർഘകാല പ്രവചനം. ദീർഘകാല ശരാശരിയുടെ (LPA) ഏകദേശം 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കൂവെന്നാണ് പ്രവചനം. കൂടാതെ മഴ കുറവോ സാധാരണയില് താഴെയോ ആകാൻ 66 ശതമാനം സാധ്യതയുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

വരും മാസങ്ങളില് എല്നിനോ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടത്രേ. ഇപ്പോള് നിഷ്പക്ഷ സാഹചര്യമാണുള്ളത്. ഇത് മെയ്-ജൂണ് കാലയളവില് തുടരുമെന്നാണ് പ്രതീക്ഷ. എന്നാല് ജൂലൈയോടെ എല് നിനോ സാഹചര്യം വികസിക്കാനും അടുത്ത വർഷം ജനുവരി വരെ തുടരാനും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

എന്താണ് എല്നിനോ?

കിഴക്ക്-മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണ ചൂടുയര്ച്ച മൂലമാണ് എല് നിനോ പ്രതിഭാസം രൂപപ്പെടുന്നത്.ഇന്ത്യയില്, പ്രത്യേകിച്ച് തെക്കേ ഇന്ത്യയില്, എല് നിനോ വർഷങ്ങള് പലപ്പോഴും മഴക്കുറവും വരള്ച്ചാ സാധ്യതയും ഉയർത്താറുണ്ട്. അതിനാല് തന്നെ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ ജാഗ്രതാപൂർവമായ നിരീക്ഷണത്തിലാണ്. സാധാരണയായി എല് നിന ഇന്ത്യയില് കൂടുതല് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാറുണ്ട്. എന്നാല് ഈ പ്രതിഭാസം ഇപ്പോള് ശക്തി കുറഞ്ഞ നിലയിലായതിനാല്, അതിന്റെ ഗുണപരമായ സ്വാധീനം കുറയാനാണ് സാധ്യത.

മണ്സൂണ് സീസണിന്റെ രണ്ടാം പകുതിയായ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ എല്നിനോ കൂടുതല് ശക്തമാകാൻ സാധ്യതയുണ്ട്. അതിനാല് തന്നെ, തെക്കുപടിഞ്ഞാറൻ മണ്സൂണിന്റെ പ്രധാന മഴ ലഭിക്കുന്ന ജൂണ്, ജൂലൈ മാസങ്ങളില് കേരളത്തിന് സാധാരണ തോതില് മഴ ലഭിച്ചേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്. എന്നാല് സീസണിന്റെ അവസാന പകുതിയില് മഴയുടെ അളവ് കുറയാൻ സാധ്യതയുള്ളതിനാല്, മൊത്തത്തില് സംസ്ഥാനത്ത് മഴക്കുറവ് അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. അതായത്, മണ്സൂണ് ആരംഭത്തില് വലിയ ആശങ്കകള് ഇല്ലാത്തതുപോലെ തോന്നിച്ചാലും, ഓഗസ്റ്റ് മുതല് മഴയുടെ ശക്തി കുറഞ്ഞേക്കാമെന്നാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News