ബെംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ
Kollam,09 മെയ് (H.S.) ബെംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന പ്രതികളെ ശാസ്താംകോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. കമിതാക്കളായ ഇരുവരെയും ബെംഗളൂരുവിൽ നിന്നാണ് അതിവിദഗ്ധമായി
DRUG TRAFFICKING


Kollam,09 മെയ് (H.S.)

ബെംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന പ്രതികളെ ശാസ്താംകോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. കമിതാക്കളായ ഇരുവരെയും ബെംഗളൂരുവിൽ നിന്നാണ് അതിവിദഗ്ധമായി പിടികൂടിയത്. കൊല്ലം മുണ്ടക്കൽ സ്വദേശി അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സിജാഹ് എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവിൽ വ്യാജപ്പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവർ. ഇവിടെ നിന്നാണ് വൻതോതിൽ രാസലഹരി കേരളത്തിലേക്ക് കടത്തിയിരുന്നത്. വർഷങ്ങളായി ഇവർ ലഹരിക്കടത്ത് തുടരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പഠിക്കാനായി എത്തുന്ന വിദ്യാർഥികളെ ഉൾപ്പെടെ സംഘം ലഹരിക്കടത്തിനായി വലയിലാക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തുണയായത് മുൻ അറസ്റ്റുകൾലഹരിക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതാണ് കേസിൽ നിർണായകമായത്. പ്രതികൾ നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐസിഎസ് ജംഗ്ഷനിൽ വച്ച് ഒരു യുവതി പൊലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്നും 23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കേസിൽ രണ്ടാം പ്രതിയായ ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിന് ശേഷം ഷംനാദുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിൽ എത്തി.

ലഹരിമരുന്ന് വിതരണ ശൃംഖലഈ അന്വേഷണത്തിലാണ് ഷംനാദിന് രാസലഹരി കൈമാറിയ സംഘത്തെ കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് രണ്ട് കരുനാഗപ്പള്ളി സ്വദേശികളെയും കർണാടക ഷിമോഗ സ്വദേശിയെയും അന്വേഷണ സംഘം പിടികൂടി. ഈ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരി വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളായ സിജാഹും അദ്വൈതയും പൊലീസിൻ്റെ വലയിലായത്. വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും ഇവർ വൻതോതിൽ ലഹരി എത്തിച്ചതായി പൊലീസ് സംശയിക്കുന്നു. ഇടനിലക്കാർ വഴിയാണ് ഇവർ ആവശ്യക്കാർക്ക് രാസലഹരി എത്തിച്ചു നൽകിയിരുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമായി ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

സിജാഹ് സ്ഥിരം കുറ്റവാളിഅറസ്റ്റിലായ സിജാഹ് നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ മൂന്ന് എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം അമരവിളയിൽ വച്ച് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ സിജാഹ് ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ കണ്ണൂരിലും ഇരിട്ടിയിലും എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാൾ പ്രതിയാണ്.

റേഡിയോളജി പഠനത്തിനായാണ് അദ്വൈത ബെംഗളൂരുവിൽ എത്തിയത്. വിദ്യാർഥിയായ ഇവർ പെട്ടെന്ന് തന്നെ ലഹരിമാഫിയയുടെ ഭാഗമായി മാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർക്ക് ഏജൻ്റുമാർ ഉള്ളതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം.

വിപുലമായ അന്വേഷണ സംഘം

കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, എസ്എച്ച്ഒ മൃദുൽ കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ ശരത് കെ പി, എഎസ്ഐ ബിജു കെ ആർ എന്നിവരും ഉണ്ടായിരുന്നു. സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻകുമാർ, വനിത സിപിഒ അഞ്ചു എന്നിവരും അന്വേഷണ സംഘത്തിൻ്റെ ഭാഗമായി. പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ശക്തമാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News