രാജ്യത്ത് ട്രെയിൻ യാത്രക്കാർക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്ര ഒന്നാമതെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്.
Newdelhi,09 മെയ് (H.S.) രാജ്യത്ത് ട്രെയിൻ യാത്രക്കാർക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്ര ഒന്നാമതെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്. 2024ലെ കണക്കുകൾ പ്രകാരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെൻ്റ് റെയി
CRIME AGAINST WOMEN TRAIN


Newdelhi,09 മെയ് (H.S.)

രാജ്യത്ത് ട്രെയിൻ യാത്രക്കാർക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്ര ഒന്നാമതെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട്. 2024ലെ കണക്കുകൾ പ്രകാരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെൻ്റ് റെയിൽവേ പൊലീസും (ജിആർപി) രജിസ്റ്റർ ചെയ്ത കേസുകളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. യാത്രക്കാരുടെ സുരക്ഷ, മോഷണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവയിലുള്ള ആശങ്കകൾ വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എൻസിആർബിയുടെ പുതിയ കണക്കുകൾ പ്രകാരം 2024ൽ 1,57,418 കേസുകളാണ് മഹാരാഷ്ട്രയിൽ ആർപിഎഫ് രജിസ്റ്റർ ചെയ്തത്. 2023ലെ 1,58,364 കേസുകളേക്കാൾ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 2022ൽ ഇത് 1,46,621 ആയിരുന്നു. 95,607 കേസുകളുമായി ഗുജറാത്താണ് തൊട്ടുപിന്നിൽ. 2023ൽ ഇവിടെ 94,795 കേസുകളും 2022ൽ 80,346 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

പശ്ചിമബംഗാളിലും ഇത്തരം കുറ്റകൃത്യങ്ങളിൽ വലിയ തോതിലുള്ള വർധനയുണ്ടായി. 2022ൽ 56,775 കേസുകളും 2023ൽ 71,735 കേസുകളും രജിസ്റ്റർ ചെയ്ത ബംഗാളിൽ 2024ൽ ഇത് 99,457 ആയി ഉയർന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മധ്യപ്രദേശ് (72,228), ബിഹാർ (79,815) എന്നീ സംസ്ഥാനങ്ങളാണ് ഉയർന്ന ആർപിഎഫ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് പ്രധാന സംസ്ഥാനങ്ങൾ.

ജിആർപി കേസുകളുടെ കണക്കുകളും ആശങ്കാജനകമാണ്. 20,519 കേസുകളുമായി ഇവിടെയും മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 2023ൽ ഇവിടെ 23,439 കേസുകളും 2022ൽ 19,860 കേസുകളുമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശിൽ 2022ലെ 7,611 കേസുകളിൽ നിന്ന് കഴിഞ്ഞ വർഷം 12,931 ആയി കുറ്റകൃത്യങ്ങൾ പുതിയ തലത്തിലേക്ക് ഉയർന്നു. ബിഹാറിൽ കഴിഞ്ഞ വർഷം 6,950 ഉം ഗുജറാത്തിൽ 8,220 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ

ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഇപ്പോഴും സർക്കാരിന് മുൻപിലെ പ്രധാന ആശങ്കയായി തുടരുകയാണ്. ജിആർപി പരിധിയിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമങ്ങളിലും ലൈംഗികാതിക്രമങ്ങളിലും മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ വർഷം 61 അക്രമ കേസുകളും 45 ലൈംഗികാതിക്രമ കേസുകളുമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 29 അക്രമ കേസുകളും 27 ലൈംഗികാതിക്രമ കേസുകളുമായി കേരളമാണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. ഉത്തർപ്രദേശിൽ യഥാക്രമം അഞ്ച് അക്രമ കേസുകളും 22 ലൈംഗികാതിക്രമ കേസുകളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

മോഷണവും കൊലപാതകവും

യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മോഷണ കേസുകളാണ് റെയിൽവേ കുറ്റകൃത്യങ്ങളിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിൽ 19,266 മോഷണ കേസുകളുണ്ടായി. മധ്യപ്രദേശ് (11,983), ഉത്തർപ്രദേശ് (5,118) എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്. റെയിൽവേ പരിസരത്ത് നടന്ന കൊലപാതകങ്ങളിൽ പശ്ചിമബംഗാളാണ് മുന്നിൽ. ഇവിടെ കഴിഞ്ഞ വർഷം മാത്രം 29 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഹരിയാന (24), ബിഹാർ (16) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നത്. രാജ്യത്തൊട്ടാകെ കണക്കെടുക്കുമ്പോൾ 173 കൊലപാതക കേസുകളാണ് ഗവൺമെൻ്റ് റെയിൽവേ പൊലീസ് കഴിഞ്ഞ വർഷം മാത്രം വിവിധ ഇടങ്ങളിലായി രജിസ്റ്റർ ചെയ്തത്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടുത്തി നോക്കുമ്പോൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തത് 15,765 കേസുകളാണ്. ഈ പട്ടികയിൽ ഒന്നാമതാണ് ഡൽഹി. 2023ൽ ഡൽഹിയിലിത് 14,467 ആയിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ചണ്ഡിഗഡ് (748), പുതുച്ചേരി (128) എന്നിവിടങ്ങളിൽ താരതമ്യേന വളരെ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം വേണം

റെയിൽവേ കാത്തിരിപ്പുകേന്ദ്രങ്ങളിലെ അടക്കമുള്ള തിരക്കും മോഷണ സംഘങ്ങളുടെ ആസൂത്രിതമായ നീക്കങ്ങളുമാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നതിനാൽ റെയിൽവേയിലെ കുറ്റകൃത്യങ്ങൾ തടയുന്നത് ഏകോപനമില്ലായ്മ കാരണം സങ്കീർണമായ പ്രശ്നമായി മാറിയെന്ന് ആർപിഎഫ് മുൻ ഡയറക്ടർ ജനറൽ അരുൺ കുമാർ ശനിയാഴ്ച ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ മൂന്ന് തലങ്ങളിലായാണ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്.

രണ്ട് റെയിൽവേ സിഗ്നലുകൾക്കിടയിലുള്ള അധികാരപരിധി ഗവൺമെൻ്റ് റെയിൽവേ പൊലീസിനാണ്. സിഗ്നൽ ഏരിയയ്ക്ക് അപ്പുറം നടക്കുന്ന കുറ്റകൃത്യങ്ങൾ ജില്ലാ പൊലീസ് സൂപ്രണ്ടിൻ്റെ (എസ്പി) നേതൃത്വത്തിലുള്ള ലോക്കൽ പൊലീസിൻ്റെ ചുമതലയാണ്. അതേസമയം യാത്രക്കാരുടെയും റെയിൽവേ സ്വത്തുക്കളുടെയും സുരക്ഷ ആർപിഎഫിൻ്റെയും ചുമതലയാണെന്ന് അരുൺ കുമാർ വിശദമാക്കി. സുരക്ഷാ വെല്ലുവിളികൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന ഉദ്യോഗസ്ഥ സംവിധാനം അടിയന്തരമായി മാറ്റണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിലവിലെ രീതി ഒഴിവാക്കി സംസ്ഥാന പൊലീസും ആർപിഎഫും മാത്രമുള്ള ദ്വിതല സംവിധാനമായി ഇതിനെ മാറ്റാൻ സർക്കാർ തയ്യാറാകണം. ഉദ്യോഗസ്ഥരുടെ പ്രത്യേക ശൃംഖല നിലനിർത്തുന്നതിന് പകരം ജിആർപിയെ നേരിട്ട് ജില്ലാ എസ്പിയുടെ കീഴിലാക്കിയാൽ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനം കുറച്ചുകൂടി മെച്ചപ്പെടുമെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു. ഐജി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സംവിധാനത്തിന് കീഴിലല്ല അവരെ ഉൾപ്പെടുത്തേണ്ടത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പണം തട്ടൽ, ആസൂത്രിത സംഘങ്ങളുടെ ഇടപെടൽ തുടങ്ങി കുറ്റകൃത്യങ്ങളുടെ രീതി മാറിയതിനാൽ വേഗത്തിൽ നടപടിയെടുക്കുന്നതിന് ഇത്തരമൊരു ഘടനാപരമായ മാറ്റം അത്യാവശ്യമാണ്.

റെയിൽവേയുടെ നടപടികൾ

കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ മന്ത്രാലയം നിരവധി പുതിയ പദ്ധതികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി തയ്യാറാക്കിയ 'മേരി സഹേലി' പ്രോഗ്രാം, ആർപിഎഫ് ഉദ്യോഗസ്ഥരുടെയും ജിആർപി ഉദ്യോഗസ്ഥരുടെയും സംയുക്ത പട്രോളിങ് ഉൾപ്പെടെയുള്ള കാര്യക്ഷമമായ നടപടികൾ പുരോഗമിക്കുകയാണ്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സിസിടിവി നിരീക്ഷണം ശക്തമാക്കാനും റെയിൽ മദദ് ഹെൽപ്പ് ലൈൻ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിക്കാനും ശ്രമിക്കുന്നുണ്ട്. കൂടാതെ തുടർച്ചയായ മോഷണവും അക്രമങ്ങളും തടയാനായി ആയിരക്കണക്കിന് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷനുകളിലും പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുളള സുപ്രധാന നടപടികളും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News