Enter your Email Address to subscribe to our newsletters

Pathanamthitta,09 മെയ് (H.S.)
ജ്യൂസില് മയക്കുമരുന്ന് കലർത്തി നല്കി യുവിതിയെ ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില് അയല്വാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റില്. ഓട്ടോ ഡ്രൈവർ വിനോദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ അടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
പീഡന ദൃശ്യങ്ങള് മൊബൈലില് പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളില് എത്തിച്ച് പീഡനത്തിനിരയാക്കി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 28 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ.
അയൽവാസിയായ ഓട്ടോ ഡ്രൈവർ ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും കാട്ടി യുവതി സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂര് പൊലീസിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മിൽമ ടാങ്കറിൻ്റെ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്നും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദ്ദനമെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 15 നായിരുന്നു ആദ്യ പീഡനം. കുട്ടിക്ക് വസ്ത്രം വാങ്ങാൻ പോകുന്നതിനായി അയല്വാസിയുടെ ഓട്ടോയാണ് യുവതി വിളിച്ചത്.
കുറെ ദൂരം ഓടിയ ശേഷം ലൈസൻസും പഴ്സും എടുക്കാനെന്ന വ്യാജേന ഇയാൾ യുവതിയുമായി ഇയാളുടെ വീട്ടിലെത്തി. അവിടെ വച്ച് നല്കിയ ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായ താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പരതിയിൽ പറയുന്നത്.
പീഡന വിവരം പുറത്തുപറഞ്ഞാല് കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മിൽമ ടാങ്കറിനുള്ളിൽ വച്ച് ഇയാൾ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിൻ്റെ പാടുകള് ശരീരത്തിലുണ്ടെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗം ചെയ്തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR