പഞ്ചാബിലെ മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജീവ് അറോറയുടെ വസതിയിൽ വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്.
Chandigarh, 09 മെയ് (H.S.) കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളുടെ അന്വേഷണത്തിൻ്റെ ഭാഗമായി പഞ്ചാബിലെ മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജീവ് അറോറയുടെ വസതിയിൽ വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) റെയ്ഡ്. ഛണ്ഡിഗഡിലെ സെക്ടർ രണ്ടിലു
Sanjeev Arora


Chandigarh, 09 മെയ് (H.S.)

കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളുടെ അന്വേഷണത്തിൻ്റെ ഭാഗമായി പഞ്ചാബിലെ മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജീവ് അറോറയുടെ വസതിയിൽ വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) റെയ്ഡ്. ഛണ്ഡിഗഡിലെ സെക്ടർ രണ്ടിലുള്ള വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ പൂർണ സുരക്ഷയിലാണ് പരിശോധന. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് സഞ്ജീവ് അറോറയുടെ സ്ഥാപനങ്ങളിലും വസതിയിലും ഇഡി റെയ്ഡ് നടക്കുന്നത്.

ഇന്ന് രാവിലെ പതിനഞ്ചോളം വാഹനങ്ങളിലായാണ് ഇഡി ഉദ്യോഗസ്ഥർ സഞ്ജീവ് അറോറയുടെ വസതിയിൽ എത്തിയത്. വീടിൻ്റെ നിയന്ത്രണം പൂർണ്ണമായും സിആർപിഎഫ് ഏറ്റെടുത്തു. ആരെയും വീടിനുള്ളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ല. ഛണ്ഡിഗഡ്, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലായി അഞ്ച് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഡൽഹി എൻസിആറിലുള്ള സഞ്ജീവ് അറോറയുടെ ഔദ്യോഗിക വസതിയിലും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹാംപ്ടൺ സ്കൈ റിയൽറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.

നൂറു കോടിയുടെ തട്ടിപ്പ്

സഞ്ജീവ് അറോറ തൻ്റെ കമ്പനി വഴി നൂറു കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വ്യാജ ജിഎസ്ടി ബില്ലുകൾ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ഡൽഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും എക്സ്പോർട്ട് ക്രെഡിറ്റും ഉണ്ടാക്കി. ഡ്യൂട്ടി ഡ്രോബാക്കിൽ ജിഎസ്ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജിഎസ്ടി പർച്ചേസ് ബില്ലുകൾ ഉണ്ടാക്കിയതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇഡി നടപടിക്ക് പിന്നിൽ ബിജെപി

സഞ്ജീവ് അറോറയുടെ വീട്ടിൽ നടക്കുന്ന റെയ്ഡിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഇഡി അറോറയുടെ വീട്ടിൽ പരിശോധന നടത്തുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ്. എന്നിട്ടും അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പഞ്ചാബ് ഗുരുക്കന്മാരുടെ മണ്ണാണെന്നും ഔറംഗസേബിന് പോലും ഇവിടത്തെ ജനങ്ങളെ അടിയറവ് പറയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാത്ത ഭഗത് സിങ്ങിൻ്റെ നാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ല. ഇഡിയും ബിജെപിയും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് പഞ്ചാബ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമാനമായ പ്രതികരണവുമായി പഞ്ചാബ് കാബിനറ്റ് മന്ത്രി അമൻ അറോറയും രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് ഇഡി റെയ്ഡിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിൻ്റെ പരിഹാസംറെയ്ഡിന് പിന്നാലെ എഎപിയെയും മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും പരിഹസിച്ച് മുതിർന്ന ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് ബിക്രം സിങ് മജീതിയ രംഗത്തെത്തി. ഇഡി നടപടിയോടെ അഴിമതിക്കാരായ നിർമാതാക്കൾ മാത്രമല്ല, അധികാരത്തിലിരിക്കുന്ന പലരും കുടുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിൻ്റെയും ഏറ്റവും അടുത്ത അനുയായിയായ സഞ്ജീവ് അറോറയുടെ വീട്ടിൽ നിന്ന് ഇഡി സംഘം നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി തൻ്റെ സ്വകാര്യ വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ബിർ ദേവിന്ദർ, പ്രിത്പാൽ സിങ്, നിതിൻ എന്നിവരും ഇപ്പോൾ ഇഡിയുടെ നിരീക്ഷണത്തിലാണ്. സാധാരണക്കാരുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ആരുടെ ആശീർവാദത്തോടെയാണ് ഇത്തരം വിവിഐപി തട്ടിപ്പുകൾ നടത്തുന്നതെന്ന് പഞ്ചാബിലെ ജനങ്ങൾക്ക് അറിയണമെന്നും ബിക്രം മജീതിയ പറഞ്ഞു.

അതേസമയം, ആം ആദ്മി പാർട്ടി നടത്തിയ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലും കുറ്റപ്പെടുത്തി. അരവിന്ദ് കെജ്രിവാളിനും ഭഗവന്ത് മാനിനും വേണ്ടിയാണ് ചിലർ പണം പിരിക്കുന്നത്. സംസ്ഥാനത്തെ കാബിനറ്റ് മന്ത്രി അമൻ അറോറയുടെ കൂട്ടാളികളായ ചിലരിലേക്കും അന്വേഷണം നീളുകയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ പിടിക്കപ്പെട്ടപ്പോൾ എഎപി നേതാക്കൾ നാടകം കളിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News