Enter your Email Address to subscribe to our newsletters

Chennai , 09 മെയ് (H.S.)
നാടകീയ നീക്കങ്ങള്ക്കും അനിശ്ചിതത്വങ്ങള്ക്കും ഒടുവില് കേവല ഭൂരിപക്ഷത്തിനുളള മാജിക് നമ്പറിലേക്ക് എത്തിയിരിക്കുകയാണ് വിജയുടെ ടിവികെ.
കോണ്ഗ്രസിനെ കൂടാതെ സിപിഎം, സിപിഐ, മുസ്ലീം ലീഗ്, വിസികെ എന്നീ പാർട്ടികളാണ് ടിവികെയ്ക്ക് പിന്തുണക്കത്ത് നല്കിയിരിക്കുന്നത്.
ഇനി നാലാം തവണ വിജയ്ക്ക് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാം. ആദ്യത്തെ മൂന്ന് തവണയും കേവല ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ് ഗവർണർ വിജയെ തിരിച്ചയക്കുകയായിരുന്നു.
വിജയ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി പദമേല്ക്കും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതിനിടെ വിജയെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്ത് വന്നിരിക്കുകയാണ്. വിജയിനെ മണ്ടൻ എന്ന് വിശേഷിപ്പിച്ച കട്ജു, തമിഴ് ജനതക്ക് ഉടൻ തന്നെ അദ്ദേഹത്തെക്കുറിച്ച് നിരാശ തോന്നുമെന്നും തന്റെ സോഷ്യല് മീഡിയ പോസ്റ്റിലൂടെ തുറന്നടിച്ചു.
തമിഴ്നാട്ടിലെ ജനങ്ങള് വിജയിനെപ്പോലെയുള്ള സിനിമാ താരങ്ങള്ക്ക് പിന്നാലെ പോകുന്നത് ശരിയല്ലെന്ന നിലപാടാണ് കട്ജു സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട് നേരിടുന്ന തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്ക്ക് എന്ത് പരിഹാരമാണ് വിജയിന്റെ പക്കലുള്ളതെന്ന് കട്ജു ചോദിക്കുന്നു. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോ നയങ്ങളോ ഇല്ലാത്ത ഒരാള്ക്ക് ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമയില് കാണിക്കുന്ന ഹീറോയിസം ജീവിതത്തിലോ രാഷ്ട്രീയത്തിലോ പ്രായോഗികമല്ല. ജനങ്ങളെ ആകർഷിക്കാൻ സിനിമയിലെ പ്രശസ്തി ഉപയോഗിക്കുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലെ പഴയ രീതിയാണെന്നും ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
വിജയിനെ വലിയ പ്രതീക്ഷയോടെ കാണുന്ന തമിഴ് ജനതയ്ക്ക് വൈകാതെ തന്നെ സത്യം ബോധ്യപ്പെടുമെന്നും അവർ നിരാശയിലേക്ക് വീഴുമെന്നും കട്ജു പ്രവചിക്കുന്നു. നിയുക്ത മുഖ്യമന്ത്രിയെ മണ്ടൻ എന്ന് വിളിച്ചതിലൂടെ വലിയ വിവാദത്തിനാണ് കട്ജു തുടക്കമിട്ടിരിക്കുന്നത്.
മാർക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന പുറത്തുവന്നതോടെ വിജയ് ആരാധകരും ടി.വി.കെ പ്രവർത്തകരും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കട്ജുവിനെപ്പോലെയുള്ള വ്യക്തികള് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയുടെ രാഷ്ട്രീയ പ്രവേശനത്തെയും ഇത്തരത്തില് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR