Enter your Email Address to subscribe to our newsletters

Kozhikode , 09 മെയ് (H.S.)
മണലാരണ്യങ്ങളിലെ കൊടുംചൂടിൽ മാത്രം വിളയുന്ന ഈന്തപ്പഴങ്ങൾ ഇനി വടകരക്കും സ്വന്തം. പ്രവാസ ജീവിതത്തിലുടനീളം കണ്ട ഈന്തപ്പനത്തോട്ടങ്ങൾ സ്വന്തം നാട്ടിലുമൊരുക്കണമെന്ന ഒരു ദമ്പതികളുടെ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. വടകര ജനതാ റോഡിലെ ഇന്ദീവരത്തിൽ ജയദേവൻ്റെയും റീഷ്മയുടെയും വീട്ടുമുറ്റത്താണ് മഞ്ഞ ബർഹി ഈന്തപ്പഴങ്ങൾ (Yellow Barhi Dates) കുലകുലയായി വിളഞ്ഞുനിൽക്കുന്നത്.
22 അടിയോളം ഉയരമുള്ള ഈന്തപ്പനയിൽ പഴങ്ങൾ വിളവെടുപ്പിന് പാകമായി. വർഷങ്ങൾ നീണ്ട പ്രവാസ ജീവിതമാണ് ഇത്തരമൊരു കൃഷിയിലേക്ക് ഇവരെ നയിച്ചത്. സ്വന്തം നാട്ടിലും ഈന്തപ്പഴം വിളയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി റീഷ്മ പറയുന്നു. 40 വർഷമായി ജയദേവൻ ഒമാനിൽ വസ്ത്ര വ്യാപാരിയാണ്. 20 വർഷത്തോളം ഇവർ കുടുംബസമേതം ഒമാനിലായിരുന്നു. അവിടെ നിറയെ ഈന്തപ്പനകൾ കണ്ടപ്പോൾ തുടങ്ങിയ മോഹമാണ് ഇവിടെ യാഥാർഥ്യമായത്. സ്വന്തമായി വീട് വയ്ക്കുമ്പോൾ അവിടെയും ഒരു തൈ നടണമെന്ന് ഇവർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
രാജസ്ഥാനിൽ നിന്നുള്ള തൈകൾആറ് വർഷം മുൻപ് രാജസ്ഥാനിൽ നിന്നാണ് ഇതിനുള്ള രണ്ട് തൈകൾ ഇവർ നാട്ടിലേക്ക് കൊണ്ടുവന്നത്. പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിലായിരുന്നു ഈ തൈകൾ നട്ടത്. മികച്ച പരിചരണം നൽകിയതോടെ ഈ വർഷം തന്നെ മരം കുലച്ചു. 11 കുലകളാണ് ആകെയുള്ളത്. പഴങ്ങൾ തിങ്ങിനിറഞ്ഞ നിലയിലാണുള്ളത്. ഒമാനിൽ കാണുന്ന അതേ വലിപ്പത്തിലുള്ള പഴങ്ങളാണ് തങ്ങളുടെ വീട്ടുമുറ്റത്തും ഉണ്ടായതെന്ന് ജയദേവൻ സന്തോഷത്തോടെ പറയുന്നു.
തീവ്രമായ ചൂട് ആവശ്യമായ കൃഷിയാണിത്. അതിനാൽ കേരളത്തിലെ മാറുന്ന കാലാവസ്ഥയിൽ ഈ തൈകൾ വളർത്തിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തോട്ടം സംരക്ഷകനായ ദാസനാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഈന്തപ്പഴ കുലകൾ പഴുത്ത് തുടങ്ങുന്നതോടെ വിളവെടുപ്പ് പൂർത്തിയാകും. അന്യനാട്ടിലെ വിളകളാണെങ്കിലും കൃഷിയിലുള്ള താത്പര്യവും നിരന്തര പരിശ്രമവുമുണ്ടെങ്കിൽ നമ്മുടെ മണ്ണിലും അത് നൂറുമേനി കൊയ്യാമെന്നും ദാസൻ കൂട്ടിച്ചേർത്തു.
മഞ്ഞ ബർഹിപുതുമയോടെ കഴിക്കാവുന്ന അപൂർവ ഇനമാണ് മഞ്ഞ ബർഹി ഈന്തപ്പഴം. മറ്റ് ഈന്തപ്പഴങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണിത്. ഇവ പഴുത്തുണങ്ങുന്നതിന് മുൻപുള്ള പച്ചയായ അവസ്ഥയിലാണ് വിപണിയിൽ എത്താറുള്ളത്. ആപ്പിൾ പോലെ കടിച്ചു കഴിക്കാവുന്ന പ്രത്യേകതയുമുണ്ട്. കരിമ്പ്, ബട്ടർസ്കോച്ച്, തേങ്ങ എന്നിവയുടെ രുചിയോട് സാമ്യമുള്ള മിതമായ മധുരമാണ് ഇതിനുള്ളത്. നേരിയ ചവർപ്പും ഇവയുടെ പ്രത്യേകതയാണ്. വളരെ ചുരുങ്ങിയ വിളവെടുപ്പു കാലമാണ് ഈ ഇനത്തിനുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രമാണ് ഇവ വിപണിയിൽ പുതുമയോടെ ലഭിക്കുക.
മുറിയിലെ താപനിലയിൽ സൂക്ഷിച്ചാൽ ഇവ പിന്നീട് ക്രമേണ തവിട്ടുനിറമാകും. ആ സമയത്ത് ഇത് തീർത്തും മൃദുവാകുകയും ചെയ്യും. ഈ ഘട്ടത്തിൽ കടുത്ത മധുരമാണ് അനുഭവപ്പെടുക. ആരോഗ്യ കാര്യത്തിലും ഈ ഈന്തപ്പഴം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, ബി വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പഴങ്ങൾ. ഉണങ്ങിയ ഈന്തപ്പഴങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവയിൽ കലോറിയും വളരെ കുറവാണ്.
അതിനാൽ തന്നെ ആരോഗ്യ സംരക്ഷണത്തിന് ഏറെ മികച്ചതാണ് മഞ്ഞ ബർഹി. ഒരു മരത്തിൽ നിന്ന് 50 മുതൽ 150 കിലോഗ്രാം വരെ വിളവ് ലഭിക്കും. ടിഷ്യൂ കൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന തൈകളാണ് എപ്പോഴും കൃഷിക്ക് മികച്ച ഫലം നൽകുക. നല്ല ചൂടും കുറഞ്ഞ ഈർപ്പവുമുള്ള കാലാവസ്ഥ ലഭിക്കുകയാണെങ്കിൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഈ മരം കായ്ക്കാൻ തുടങ്ങും. പരിമിതികളെ മറികടന്ന് കേരളത്തിലെ പുതിയ കർഷകർക്കും ഇത് തിളക്കമാർന്ന പ്രതീക്ഷയാണ് നൽകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR